അവിശ്വസനീയമാണ് ക്രെഡ് എന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയുടെ വളർച്ച. ഒരു മില്യൺ ഡോളർ (ഏകദേശം ഏഴു കോടി രൂപ) തന്റെ കയ്യിൽ നിന്ന് മുടക്കിയാണ് 2018ൽ മുംബൈ സ്വദേശി കുനാൽ ഷാ ക്രെഡ് തുടങ്ങിയത്. ഈ കമ്പനിയിലാണ് എട്ടു വർഷത്തിനു ശേഷം മെറ്റ ഇപ്പോൾ 900 മില്യൺ ഡോളർ (8523 കോടി) നിക്ഷേപിച്ചിരിക്കുന്നത്.
എന്തിനാണ് ഫെയ്സ് ബുക്കിന്റെയും വാട്സാപ്പിന്റെയും ഒക്കെ മാതൃ കമ്പനിയായ മെറ്റ ഇത്ര വലിയ നിക്ഷേപം ഈ ഇന്ത്യൻ കമ്പനിയിൽ നടത്തിയത്? ഉത്തരം ലളിതം - എട്ടു വർഷം കൊണ്ട് 1.7 കോടി ഉപഭോക്താക്കളെ നേടിയ കമ്പനിയാണ് ക്രെഡ്. ഇന്ത്യയിൽ നടക്കുന്ന ക്രഡിറ്റ് കാർഡ് ബില്ലിന്റെ തിരിച്ചടവിൽ ഏകദേശം 33% ഇപ്പോൾ ക്രെഡ് വഴിയാണ്. 3200 കോടിയാണ് വരുമാനം. സാമ്പത്തിക സേവനങ്ങളുടെ വലിയ വിപണിയിലേക്ക് കണ്ണെറിഞ്ഞു നിൽക്കുന്ന മെറ്റക്ക് ഇതൊരു പ്രധാന ചുവടുവയ്പ്പായിരിക്കും.
എന്താണ് ക്രെഡിന്റെ ബിസിനസ്?
നിങ്ങൾക്ക് പല ബാങ്കുകളുടേതായി മൂന്നോ നാലോ ക്രഡിറ്റ് കാർഡുകൾ ഉണ്ടെന്നിരിക്കട്ടെ. ക്രഡിറ്റ് കാർഡു വഴി ചെലവാക്കിയ പണത്തിന്റെ തിരിച്ചടവ് വലിയ തൊല്ലയാണ്. ഓരോ കാർഡിന്റെയും ആപ്പ് ഡൗൺലോഡ് ചെയ്യണം. ഓട്ടോ ഡെബിറ്റ് ആക്ടിവേറ്റ് ചെയ്യണം. അല്ലെങ്കിൽ തിരിച്ചടവ് തീയതി ഓർത്തിരുന്ന് പണമടയ്ക്കണം. ഒരു ദിവസമെങ്ങാനും വൈകിയാൽ ചെറുതല്ലാത്ത തുക പിഴയും അടയ്ക്കണം.
ഈ പ്രശ്നത്തിനൊക്കെ പരിഹാരമായാണ് ക്രെഡ് അവതരിച്ചത്. എല്ലാ ക്രെഡിറ്റ് കാർഡുകളുടെയും തിരിച്ചടവിന് ഏകജാലക സംവിധാനം. നിങ്ങളുടെ ക്രെഡിറ്റ് സ്കോറും ഇതുവഴി അറിയാം. കൂടാതെ ഓരോ തിരിച്ചടവിനും ക്യാഷ് ബാക്കും പോയിന്റും ഉൾപ്പടെ ഓഫറുകളും. ആദ്യമൊക്കെ നൂറു രൂപയൊക്കെ ക്യാഷ് ബാക്ക് കിട്ടിയവരുണ്ടായിരുന്നു. ബിസിനസ് പിടിച്ചപ്പോൾ ക്യാഷ് ബാക്ക് ഒക്കെ കുറഞ്ഞു തുടങ്ങി.
വാടക, കറന്റ് ബിൽ പോലെയുള്ള യൂട്ടിലിറ്റി ഫീസുകളും ഇതുവഴി അടയ്ക്കാം. ചില വിരുതന്മാർ ക്രഡിറ്റ് കാർഡിൽ നിന്നുള്ള പണം സ്വന്തക്കാരുടെ അക്കൗണ്ടിലേക്ക് മാറ്റാനുള്ള വഴിയായി വാടകയടവിനെ മാറ്റിയതോടെ കാലക്രമേണ നിയന്ത്രണങ്ങൾ കടുപ്പിച്ചു.
വിവരച്ചോർച്ച ഉണ്ടാകുമോ?
ക്രെഡിറ്റ് കാർഡ് ബിൽ അടവുമായി ബന്ധപ്പെട്ട് ഇടപാടുകാരുടെ വ്യക്തി - സാമ്പത്തിക വിവരങ്ങൾ ക്രെഡിന്റെ കൈവശമുണ്ട്. ഇതെല്ലാം കൂടി മെറ്റയിലേക്ക് ചേരുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഒട്ടും ആശങ്ക വേണ്ട എന്നാണ് കുനാൽ ഷാ ഉറപ്പു നൽകുന്നത്.
കനത്ത നിക്ഷേപം നടത്തിയെങ്കിലും ക്രെഡിന്റെ 20% ഓഹരി മാത്രമേ മെറ്റക്ക് ലഭ്യമായിട്ടുള്ളു. അതായത് മെറ്റ ഇപ്പോഴും ക്രെഡിൽ ന്യൂനപക്ഷ ഓഹരി ഉടമയാണ്. അവർക്ക് ക്രെഡ് ഉപഭോക്താക്കളുടെ ഇത്തരം വിവരങ്ങൾ ലഭ്യമാകില്ല എന്ന് കുനാൽ ഷാ പറയുന്നു.
മെറ്റയ്ക്ക് എന്താണ് ഗുണം?
ഇടപാട് പൂർത്തിയാകുന്നതോടെ വാട്സാപ്പിന്റെ ആഗോള തലപ്പത്തേക്ക് കുനാൽ ഷാ വരും. സാമ്പത്തിക സേവന വിപണിയിലെ ബാലാരിഷ്ടതകൾ മാറ്റി മുന്നോട്ട് കുതിക്കാൻ കുനാലിന്റെ ഭാവനാപൂർണമായ നേതൃത്വം സഹായകമാകും എന്നാണ് മെറ്റയുടെ പ്രതീക്ഷ.
മികച്ച ക്രെഡിറ്റ് സ്കോർ ഉള്ള, സാമ്പത്തിക ശേഷിയുള്ള ഉപഭോക്താക്കൾ ആണ് ക്രെഡിന്റേത്. അവരെ കൈകാര്യം ചെയ്തുള്ള കുനാൽ ഷായുടെ അനുഭവപരിചയം വാട്സാപ്പിലും പ്രയോജനപ്പെടുത്താൻ മെറ്റ ആഗ്രഹിക്കുന്നു. ഇന്ത്യൻ സാമ്പത്തിക സേവന വിപണിയിലേക്കുള്ള പ്രധാന ചുവടുവയ്പ്പ് കൂടിയാണ് മെറ്റയെ സംബന്ധിച്ച് ക്രെഡിൽ നടത്തിയിരിക്കുന്ന നിക്ഷേപം.
ഇതിനൊക്കെ അപ്പുറത്ത് രാജ്യത്തെ യുവ സംരംഭകർക്ക് വലിയൊരു പ്രചോദനം കൂടിയാകുകയാണ് കുനാൽ ഷായും ക്രെഡും. ആശയമാണ് വലുത്, എവിടെ ആര് തുടങ്ങുന്നു എന്നതല്ല. എട്ടു വർഷം മുന്‍പ് തുടങ്ങിയ ക്രെഡിനെ തേടി മെറ്റ എത്തി എങ്കിൽ നമ്മുടെ ചെറുപ്പക്കാർക്ക് എന്തൊക്കെ ഇനിയും സാധ്യമായിരിക്കും!