ആല്‍ഫബെറ്റിന്‍റെ ഉടമസ്ഥതയിലുള്ള ആഗോള വിഡിയോ പ്ലാറ്റ് ഫോമായ യു ട്യൂബ് സേവനം രാജ്യാന്തര തലത്തില്‍ തടസപ്പെട്ടു.. ഡൗൺഡിറ്റെക്ടർ റിപ്പോർട്ട് അനുസരിച്ച് അമേരിക്ക, കാനഡ, ഓസ്ട്രേലിയ, യുകെ, ഇന്ത്യ എന്നിവിടങ്ങളിലുടനീളമുള്ള ഉപയോക്താക്കൾക്ക് വിഡിയോ പ്ലാറ്റ്ഫോം സേവനം കുറച്ചുസമയത്തേക്ക് ലഭ്യമായില്ലെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയിൽ മാത്രം 2,93,240 ഉപയോക്താക്കൾ യൂട്യൂബിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്ലാറ്റ്ഫോമിന്‍റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. അതേസമയം ഉപയോക്താക്കൾക്ക് നേരിട്ട പ്രശ്നത്തെക്കുറിച്ച് ബോധ്യമുണ്ടെന്നും അന്വേഷിക്കുകയാണെന്നും യൂട്യൂബ് തങ്ങളുടെ സ്റ്റാറ്റസ് പേജിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ അറിയിച്ചു. പ്രശ്നത്തിന് കാരണമെന്താണെന്ന് ഉടനടി വ്യക്തമായിട്ടില്ലെന്നാണ് സൂചന.
പ്ലേബാക്ക് പ്രശ്നങ്ങള്‍, ശൂന്യമായ സ്ക്രീനുകൾ, വീഡിയോകൾ ലോഡ് ആകാത്ത പ്രശ്നങ്ങൾ എന്നീ പരാതികളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തത്. ഡൗൺഡിറ്റക്ടർ പ്രകാരം, യൂട്യൂബ്, യൂട്യൂബ് മ്യൂസിക്, യൂട്യൂബ് ടിവി എന്നിവയിൽ 600,000-ത്തിലധികം ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിട്ടു.
#YouTubeDown എന്ന ഹാഷ്ടാഗ് എക്സില്‍ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നായി മാറി ഇത്. പ്രശ്നം തങ്ങളുടെ ഇൻ്റർനെറ്റ് കണക്ഷനിലാണോ അതോആഗോള പ്രശ്നമാണോ എന്ന് ഉപയോക്താക്കൾ സംശയം പ്രകടിപ്പിച്ച് നിരവധി പോസ്റ്റുകൾ നിറഞ്ഞു.
ഉപയോക്താക്കള്‍ സമര്‍പ്പിപ്പ പരാതികളുടേയും റിപ്പോര്‍ട്ടുകളുടേയും അടിസ്ഥാനത്തിലുള്ളതാണ് ഡൗൺഡിറ്റെക്ടറിലെ കണക്കുകൾ . യഥാർത്ഥത്തിൽ ബാധിക്കപ്പെട്ട ഉപയോക്താക്കളുടെ എണ്ണം ഏറെയാണെന്നാണ് വിലയിരുത്തല്‍. പ്രശ്നം സംഭവിച്ചതെവിടെയാണെന്നുള്ള റോയിട്ടേഴ്സിന്റെ ചോദ്യത്തോട് ഗൂഗിള്‍ പ്രതികരിച്ചില്ല.