സമൂഹമാധ്യമങ്ങളിലെ അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ (Trigger warnings) ആ പോസ്റ്റ് കാണാൻ ഉപയോക്താക്കളെ കൂടുതല്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് പഠനം. സാധാരണ രീതിയില്‍ അസ്വസ്ഥതയുളവാക്കുന്ന ഉള്ളടക്കങ്ങള്‍ കാണണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കാന്‍ അല്ലെങ്കില്‍ അത്തരം ഉള്ളടക്കങ്ങള്‍ ഒഴിവാക്കാനുള്ള അവസരമാണ് ഇത്തരം മുന്നറിയിപ്പുകള്‍ നല്‍കുന്നത്. പ്രത്യേകിച്ചും പെട്ടെന്ന് അസ്വസ്ഥമാകുന്ന മാനസികാവസ്ഥയുള്ളവരില്‍ അല്ലെങ്കില്‍ ട്രോമയുടെ ചരിത്രമോ പിടിഎഡ്ഡി (Post-Traumatic Stress Disorder) ലക്ഷണങ്ങളോ ഉള്ളവര്‍ക്കുവേണ്ടിയാണിത്. എന്നാല്‍ ഈ മുന്നറിയിപ്പുകള്‍ അസ്വസ്ഥമാക്കുന്ന ഉള്ളടക്കം ഉപയോക്താക്കള്‍ ഒഴിവാക്കാനുള്ള സാധ്യത കുറച്ചില്ലെന്നും മറിച്ച് അവ എന്താണെന്നറിയാന്‍ കൂടുതല്‍ ജിജ്ഞാസ ഉണർത്തുകയും ഉള്ളടക്കം കാണാന്‍ പ്രേരിപ്പിക്കുകയും ചെയ്തേക്കാമെന്നാണ് പഠനം പറയുന്നത്. ഒരുപക്ഷേ ഈ മുന്നറിയിപ്പ് ഇല്ലെങ്കില്‍ ആളുകള്‍ ഒഴിവാക്കുമായിരുന്ന കണ്ടന്‍റുകള്‍ ഇത് നല്‍കുന്ന ജിജ്ഞാസ ഒന്നുകൊണ്ടു മാത്രം ആളുകള്‍ കാണുന്നുണ്ടത്രേ.
17 നും 25 നും ഇടയിൽ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്. ഒരാഴ്ച തങ്ങളുടെ സോഷ്യല്‍ വാളുകളില്‍ എത്ര ട്രിഗർ മുന്നറിയിപ്പുകൾ, എപ്പോൾ ലഭിച്ചുവെന്നും അവര്‍ ആ മുന്നറിയിപ്പ് അവഗണിച്ച് ഉള്ളടക്കങ്ങള്‍ കണ്ടോ അല്ലെങ്കില്‍ മുന്നറിയിപ്പ് കാരണം അവ ഒഴിവാക്കിയോ എന്ന് ഒരു ഡയറിയില്‍ എഴുതി സൂക്ഷിക്കാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ട്രിഗർ മുന്നറിയിപ്പുകൾ പലർക്കും ‘വിലക്കപ്പെട്ട’ എന്തോ ഒന്ന് കാണാനുള്ള ജിജ്ഞാസ വളര്‍ത്തിയെടുക്കുകയാണ് ചെയ്തത്. അതായത് ഇത് പലപ്പോഴും കൂടുതൽ പ്രലോഭനകരമാകുന്നു. ഉദാഹരണത്തിന്, ചാർളി കിർക്കിന്റെ കൊലപാതകത്തിന്റെ ക്ലിപ്പുകൾ ട്രിഗര്‍ മുന്നറിയിപ്പുണ്ടായിട്ടും നിരവധിപേരാണ് കണ്ടത്. ട്രിഗർ മുന്നറിയിപ്പ് കാണുന്ന യുവജനങ്ങളില്‍ ഏകദേശം 90 ശതമാനവും അത് പരിഗണിക്കാതെ ജിജ്ഞാസ കൊണ്ട് ഉള്ളടക്കം കാണുന്നുണ്ടത്രേ.
ഇത്തരം ട്രിഗർ മുന്നറിയിപ്പുകൾ പ്രത്യക്ഷത്തിൽ ദോഷകരമല്ലായിരിക്കാം, പക്ഷേ അവ നമ്മൾ കരുതുന്ന രീതിയിൽ സഹായിക്കുന്നില്ല എന്നാണ് പഠനം സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ മാനസിക ആരോഗ്യം നിലനിര്‍ത്തുന്നതിനായുള്ള കൂടുതൽ ഫലപ്രദമായ ഇടപെടലുകൾ ആവശ്യമാണെന്ന് അഡലെയ്ഡിലെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിലെ മനഃശാസ്ത്ര അധ്യാപികയും പഠനത്തിന്‍റെ മുഖ്യ രചിയതാവുമായ ഡോ. വിക്ടോറിയ ബ്രിഡ്ജ്ലാൻഡ് പറഞ്ഞു.
സാധാരണഗതിയില്‍ ഒരു ദിവസം നമ്മുടെ ഫീഡിലേക്ക് ഒഴുകിയെത്തുന്ന വിവരങ്ങളില്‍ നെഗറ്റീവ് അല്ലെങ്കിൽ അസ്വസ്ഥതയുണ്ടാക്കുന്ന വിവരങ്ങൾ അവയ്ക്ക് നല്‍കിയ ട്രിഗര്‍ വാണിങുകള്‍ കാരണം വേറിട്ടുനിൽക്കുന്നുണ്ടത്രേ. അതുകൊണ്ടുതന്നെ മുന്നറിയിപ്പുകളുണ്ടായിട്ടും മിക്ക വ്യക്തികളും ഉള്ളടക്കം തുറക്കുന്നു. പെട്ടെന്ന് അസ്വസ്ഥമാകുന്ന മാനസികാവസ്ഥയുള്ളവര്‍ പോലും അത് ഒഴിവാക്കുന്നുണ്ടെങ്കില്‍ ഈ മുന്നറിയിപ്പുകൾ എങ്ങനെ, എന്തുകൊണ്ട് ഉപയോഗിക്കുന്നു എന്ന കാര്യങ്ങള്‍, അവയുടെ ലക്ഷ്യങ്ങള്‍ നാം പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്നും വിക്ടോറിയ ബ്രിഡ്ജ്ലാൻഡ് വ്യക്തമാക്കി. ഓൺലൈനിൽ മാനസികാരോഗ്യത്തെ പിന്തുണയ്ക്കുന്നതിനായുള്ള ബദൽ സമീപനങ്ങൾ ആവശ്യമാണെന്നും പഠനം ആവശ്യപ്പെടുന്നു. ജേണൽ ഓഫ് ബിഹേവിയർ തെറാപ്പി ആൻഡ് എക്സ്പിരിമെന്റൽ സൈക്യാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.