ബസില്‍ ലൈംഗികാതിക്രമം നടത്തി അറസ്റ്റിലായ വടകര സ്വദേശി സവാദിനെതിരെ വീണ്ടും വിമര്‍ശനവുമായി നടിയും മോഡലുമായ മസ്താനി എന്നറിയപ്പെടുന്ന നന്ദിത ശങ്കര. തൃശൂർ ബസ് സ്റ്റാൻഡിൽ നിന്നുള്ള സവാദിന്റെ വിഡിയോ പങ്കുവച്ചായിരുന്നു നന്ദിതയുടെ വിമര്‍ശനം. 'അറിയപ്പെടുന്ന ഒരു ലൈംഗിക അക്രമി ഇപ്പോള്‍ സ്വതന്ത്രനാണ്, ബസില്‍ യാത്ര ചെയ്യുന്ന അമ്മയും പെണ്‍കുട്ടികളും സൂക്ഷിക്കണ'മെന്നാണ് നന്ദിത പറയുന്നത്.
വീണ്ടും ബസില്‍ കയറി നടക്കുന്ന യുവാവിനെ ഹണിട്രാപ്പ് ചെയ്യാന്‍ നോക്കുകയല്ലെന്നും സത്യം പറയുന്നതാണെന്നും നന്ദിത പറയുന്നു. നിയമ സംവിധാനം പരാജയപ്പെട്ടതിനാലാണ് ഇത്തരത്തിലൊരു ലൈംഗിക അതിക്രമകാരി വീണ്ടും ബസില്‍ ധൈര്യമായി സഞ്ചരിക്കുന്നതെന്നും സവാദുമായുണ്ടായ പ്രശ്നത്തിന് ശേഷം പിന്നീട് താന്‍ ഒരിക്കല്‍ പോലും ബസില്‍ യാത്ര ചെയ്തിട്ടില്ലെന്നും ബസ് ഇപ്പോഴും തനിക്കൊരു ട്രോമയാണെന്നും നന്ദിത വിഡിയോയില്‍ പറയുന്നു.
രണ്ടുപെണ്‍കുട്ടികളാണ് സവാദിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇത്രയും വൈറലായതിനുശേഷവും അവന് ഒരു ട്രോമയും ബാധകമല്ലേ എന്നാണ് നന്ദിത ചോദിക്കുന്നത്. ഒന്നും സംഭവിക്കാത്തതുപോലെ അന്തസായി ബസുകളിൽ കയറി ഇങ്ങനെ നടക്കുന്നു. തൃശൂര്‍ ബസ് സ്റ്റാൻഡിൽ വച്ചാണ് കാണുന്നതെന്ന് കുറേപേർ എന്നോടു പറയുന്നുണ്ട്. തൃശൂര്‍ ബസ് കയറാൻ പോകുന്ന അമ്മമാരും പെൺകുട്ടികളും സൂക്ഷിക്കുക. മാസ്ക് വച്ചാണ് നടക്കുന്നത്, കണ്ടാൽ അവനെ തിരിച്ചറിയണം, സുരക്ഷിതരായി ഇരിക്കുകയെന്നും' നന്ദിത വിഡിയോയില്‍ കൂട്ടിച്ചേര്‍ത്തു.
ആളുകള്‍ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ സവാദ് അടുത്ത ബസിലേക്ക് കയറിയപ്പോള്‍ മറ്റേ ബസിലുണ്ടായിരുന്ന ആളുകള്‍ എടുത്ത വിഡിയോ ആണ് നന്ദിത വിഡിയോയ്ക്കൊപ്പം പങ്കുവച്ചിരിക്കുന്നത്. 'നിന്നെ വെറുതെ വിടില്ലെന്ന് ഞാന്‍ പണ്ടേ പറഞ്ഞിരുന്നില്ലേ സവാദേയെന്നും നീ ജയിലിൽ ആയാൽപോരാ, നീ ചാകണം. എന്നാലേ എനിക്ക് സമാധാനം കിട്ടു. നീ ഇറങ്ങ്, നിന്നെ തൃശൂര്‍ ബസ് സ്റ്റാൻഡിൽ വന്നു തല്ലുമെന്നും' പറഞ്ഞാണ് നന്ദിതയുടെ വിഡിയോ അവസാനിക്കുന്നത്.
ഇപ്പോഴിതാ മസ്താനി പങ്കുവച്ച വിഡിയോയിൽ കമന്റുമായി സവാദും എത്തി. 'എത്ര ന്യായീകരിച്ചിട്ടും എല്ലാവിധ തോന്ന്യവാസം കാട്ടിയിട്ടും പൂർണമായി നിനക്ക് വെളുപ്പിക്കാൻ പറ്റുന്നില്ലല്ലോ എന്നും എന്റെ പുറകെ ഞാൻ പോകുന്ന വഴിയിൽ ഇങ്ങനെ നടന്നോ എന്നിട്ട് ന്യായീകരിച്ച് ചെയ്യേണ്ട കളിയൊക്ക കളിച്ച് നീ പൂർണമായി വെളുക്കാൻ നോക്ക്, വിഡിയോ എടുക്കാൻ പിറകെ വന്ന മോന്‍ നല്ലോണം പറഞ്ഞിരുന്നെങ്കിൽ ഞാൻ നടക്കുന്ന വിഡിയോ ഒന്നൂടെ സെറ്റാക്കാമായിരുന്നുവെന്നും' സവാദ് പറയുന്നു. 'തെറി കേട്ട നീ വീണ്ടും എന്റെ പുറകെ വരുന്നത് സ്വാഭാവികം. നീ വിജയിക്കാൻ എന്തു വൃത്തികേടും കാണിക്കും. നീ ചെയ്യേണ്ടതൊക്കെ ചെയ്യ്, നിനക്ക് വളരാൻ എന്റെ ചോര കുടിക്കാതെ പറ്റില്ലല്ലോ, നീ കളിക്ക് ഒടുക്കത്തെ കളി'യെന്നും സവാദ് കമന്‍റില്‍ കുറിച്ചു.
ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായി മാറിയിരുന്നു.