കഴിഞ്ഞ കുറേ കാലമായി ചില യൂട്യൂബ് ഉപഭോക്താക്കളെങ്കിലും പങ്കുവച്ച ആശങ്കയായിരുന്നു യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത തങ്ങളുടെ വിഡിയോകളില്‍ എന്തെല്ലാമോ മാറ്റം സംഭവിക്കുന്നുണ്ടെന്ന്. ചിലരുടെ വിഡിയോകളിലെ ചലനങ്ങള്‍ കൂടുതല്‍ സ്മൂത്ത് ആകുന്നു, ദൃശ്യങ്ങള്‍ കൂടുതല്‍ ഷാര്‍പെന്‍ ചെയ്തതാകുന്നു, മങ്ങലുകളില്ല, നോയിസില്ല, കൂടുതല്‍ ക്ലാരിറ്റി, ഒരു ഫില്‍റ്റര്‍ ഉപയോഗിച്ചതുപോലെ. മോശമായിട്ട് ഒന്നും വിഡിയോകള്‍ക്ക് സംഭവിച്ചിരുന്നില്ലെങ്കിലും മറ്റ് സമൂഹമാധ്യമങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത വിഡിയോ വ്യാജമായി സൃഷ്ടിച്ചതായി തോന്നിയെന്നാണ് ചിലരെങ്കിലും അഭിപ്രായപ്പെട്ടു. പക്ഷേ അതൊന്നുമല്ലായിരുന്നു യഥാര്‍ഥ പ്രശ്നം... എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് ഒരു വിശദീകരണവും ഉണ്ടായിരുന്നില്ല. അങ്ങിനെയാണ് സത്യാവസ്ഥ വെളിപ്പെടുത്തി ഗൂഗിള്‍ എത്തുന്നത്, കമ്പനി തന്നെയാണ് ഇതിന് പിന്നിലത്രേ!
യൂട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്ന വിഡിയോകൾ മെച്ചപ്പെടുത്തുന്നതിനായി ക്രിയേറ്റർമാരോട് പറയാതെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന സംവിധാനം യൂട്യൂബില്‍ പരീക്ഷിച്ചുവരികയാണെന്ന് കമ്പനി സ്ഥിരീകരിച്ചു. മികച്ച വിഡിയോ നിലവാരം നൽകുന്നതിനാണിതെന്നും കമ്പനി പറയുന്നു. എന്നാല്‍ ഇവിടെ ചര്‍ച്ചയായത് കമ്പനി എന്തു ചെയ്തു എന്നല്ല, ചെയ്തതിന്‍റെ സുതാര്യതയാണ്. നിശബ്ദമായ ഈ പരീക്ഷണം ഉപയോക്താക്കൾക്ക് അത്രയ്ക്ക് പിടിച്ചില്ല.
ഈ വർഷം ആദ്യം യൂട്യൂബ് ഷോട്ട്സിലായിരുന്നു ഈ സംവിധാനം ആദ്യമായി പരീക്ഷിക്കപ്പെടുന്നതും ശ്രദ്ധിക്കപ്പെടുന്നതും. അടുത്തിടെ യൂട്യൂബർ റെറ്റ് ഷൾ ഇതിനെക്കുറിച്ച് ഒരു വിഡിയോ പങ്കുവയ്ക്കുകയുണ്ടായി. ക്രിയേറ്റര്‍മാരെ അറിയിക്കാതെ യൂട്യൂബ് എഐ പ്രോസസിങ് ഉപയോഗിക്കുന്നുണ്ടെന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇത് ഒരുതരം ‘അപ്‌സ്കെയിലിങ്’ ആണെന്നാണ് വിശേഷിപ്പിച്ചത്. യൂട്യൂബ് രഹസ്യമായി ഒരു എഐ ഫിൽട്ടർ ഉപയോഗിക്കുന്നുണ്ടോ? ഇൻസ്റ്റാഗ്രാമുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ വിഡിയോകൾ യൂട്യൂബില്‍ വിചിത്രമായി തോന്നുന്നു, ഒരു വ്യാജ വിഡിയോ പോലെ തോന്നിക്കുന്നുവെന്നും അദ്ദേഹം പരാമര്‍ശിച്ചു. എല്ലാറ്റിലും ഒരു ഓയില്‍ പെയിന്‍റ് ഫില്‍ട്ടര്‍ ഉള്ളതുപോലെ.
എന്നാല്‍ യൂട്യൂബിന്‍റെ എഡിറ്റോറിയൽ മേധാവി റെനെ റിച്ചി ഈ പരാമര്‍ശങ്ങളെ എതിര്‍ത്ത് രംഗത്തെത്തി. സിസ്റ്റം ജനറേറ്റീവ് എഐ അല്ല, ഇത് അടിസ്ഥാനപരമായി ഗൂഗിൾ അതിന്‍റെ ഉൽപ്പന്നങ്ങളിൽ ചേർക്കുന്ന ഉപകരണങ്ങൾ പോലെയാണ്, ‘പരമ്പരാഗത മെഷീൻ ലേണിങ്’ രീതികളെയാണ് ആശ്രയിക്കുന്നതെന്നും വ്യക്തമാക്കുകയും ചെയ്തു. ദൃശ്യങ്ങളുടെ മങ്ങൽ കുറയ്ക്കുക, നോയിസ് കുറയ്ക്കുക, ഇമേജ് ഷാര്‍പ്പന്‍ ചെയ്യുക എന്നിവയാണ് ഈ സാങ്കേതിക വിദ്യകളുടെ ലക്ഷ്യം. ക്രിയേറ്റര്‍മാര്‍ക്ക് ഈ വിത്യാസം വലിയ പ്രശ്നമായിരിക്കില്ല എന്നായിരുന്നു കമ്പനി കരുതിയതും.
മാറ്റങ്ങൾ ഒരു പരീക്ഷണത്തിന്‍റെ ഭാഗമാണെന്നും ഗൂഗിൾ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വിഡിയോ അപ്‌ലോഡ് ചെയ്യുമ്പോള്‍ ക്രിയേറ്റര്‍മാര്‍ക്ക് മാറ്റം വരുത്താനുള്ള ഓപ്ഷന്‍ കമ്പനി നല്‍കുമോ അതോ ഈ എന്‍ഹാന്‍സ്മെന്‍റ് സ്ഥിരമായിരിക്കുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മാത്രമല്ല എഐ ഇടപെടല്‍ ഇന്‍റര്‍നെറ്റിലെ കണ്ടന്‍റുകളുടെ ഒറിജിനാലിറ്റിയെ ബാധിക്കുമെന്നും ഇത് ക്രിയേറ്റര്‍മാരെയും ബാധിക്കുമെന്നും ആശങ്ക നിലനില്ഡക്കുന്നുണ്ട്, രഹസ്യമായ എഐ എഡിറ്റുകൾ കാഴ്ചക്കാരിൽ നിന്നുള്ള വിമർശനത്തിനും കാരണമായേക്കും. കാരണം ക്രിയേറ്റര്‍മാര്‍ സ്വന്തം നിലയില്‍ എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നു എന്നായിരിക്കും അവര്‍ കരുതുക. അതുകൊണ്ടുതന്നെ കമ്പനി ഈ സംവിധാനം തുടങ്ങും മുന്‍പേ തുറന്നുപറയേണ്ടിയിരുന്നു എന്നാണ് പല ക്രിയേറ്റര്‍മാരും പറയുന്നത്.