train-muralee-dor

ട്രെയിനിലെ മോഷണത്തെയും മോഷ്ടാക്കളുടെ ആക്രമണത്തെയും പറ്റി ഫെയ്സ്ബുക്ക് കുറിപ്പുമായി മുരളി തുമ്മാരുകുടി. കോഴിക്കോട് ട്രെയിനിലുള്ളിൽ മോഷണ ശ്രമം ചെറുക്കുന്നതിനിടയിൽ പാളത്തിലേക്ക് വീണ് സ്ത്രീക്ക് പരുക്കേറ്റ സംഭവത്തിന്‍റെ പശ്ചാത്തലത്തിലാണ് കുറിപ്പ്.  ആ സ്ത്രീയുടെ ബാഗും തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു. 

അപകടത്തിൽ ആ സ്ത്രീ മരിക്കുകയോ ഗുരുതരമായ പരിക്കേൽക്കുകയോ ചെയ്തിരുന്നെങ്കിൽ ഇതൊരു സാധാരണ അപകടം ആണെന്ന് ആളുകൾ ധരിച്ചേനെയെന്ന് അദ്ദേഹം കുറിച്ചു. മോഷ്ടാവ് വീണ്ടും മോഷണവും അക്രമവും നടത്താൻ സ്വതന്ത്രമായി വിഹരിച്ചേനെ. റെയിൽവേയിൽ ആണെങ്കിലും പുറത്താണെങ്കിലും മോഷ്ടാവിനെ ചെറുക്കൻ പോകാതിരിക്കുന്നതാണ് നല്ലത്. മോഷ്ടാക്കൾ നമ്മളെ നേരിടുന്നത് സമയവും സൗകര്യവും നോക്കിയിട്ടാണ്, അതുകൊണ്ട് തന്നെ അവർ തയ്യാറെടുപ്പിലാണ്.

നമ്മൾ ആകട്ടെ ആകസ്മികമായി, അമ്പരപ്പോടെ ആണ്. കയ്യിലുള്ള പണം പോയാലും ആരോഗ്യവും ജീവനും രക്ഷിക്കുക ആണ് പ്രധാനം. കള്ളനെ പിന്നെ കണ്ടുപിടിക്കാം, ഇല്ലെങ്കിലും ജീവൻ രക്ഷ പെട്ടല്ലോ.

വണ്ടി ഓടുമ്പോഴും തുറക്കാവുന്ന തരത്തിലുള്ള കോച്ചുകൾ ഇന്ത്യൻ റെയിൽവേയിലെ വലിയൊരു സുരക്ഷാ പിഴവാണ്. സ്വാഭാവികമായും ആളുകൾ മനഃപൂർവം തള്ളിയിട്ടും, വണ്ടി വിട്ടു കഴിയുമ്പോൾ അതിലേക്ക് കയറാൻ ശ്രമിച്ചും വണ്ടി നീങ്ങിക്കൊണ്ടിരിക്കുമ്പോൾ ചാടിയിറങ്ങിയും ഒക്കെ ആയിരങ്ങൾ ആണ് ഓരോ വർഷവും ഇന്ത്യൻ റയിൽവേയിൽ മരിക്കുന്നത്. ഇത് ഒരു റയിൽവേ അപകടമായി റയിൽവേ കൂട്ടുന്നില്ല. എനിക്കറിയുന്നിടത്തോളം ഒരു നഷ്ടപരിഹാരവും ലഭിക്കുകയുമില്ല.

വികസിത  ലോകത്തൊരിടത്തും ഇല്ലാത്ത ഈ സംവിധാനം മാറാൻ ഒരു തലമുറ എങ്കിലും എടുക്കും. അതുകൊണ്ട് തന്നെ ട്രെയിൻ യാത്ര ചെയ്യുന്നവർ വളരെ വളരെ ശ്രദ്ധിക്കണം. ഒരു ട്രെയിൻ പോയാൽ അടുത്ത ട്രെയിൻ വരും. ഒരു സ്റ്റേഷൻ വിട്ടാൽ അടുത്ത സ്റ്റേഷൻ വരും. അതുകൊണ്ട് തിരക്ക് കൂട്ടരുത്. ട്രെയിൻ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാരണവശാലും വാതിൽക്കൽ പൊയി നിൽക്കരുത്. ടോയിലറ്റിലേക്ക് ഒരു കാരണവശാലും കുട്ടികളേയും പ്രായമായവരെയും തന്നെ അയക്കരുത്. മുതിർന്നവർ തുറന്ന വാതിലിനടുത്തുകൂടെ പോകുമ്പോൾ ഏറ്റവും ശ്രദ്ധയോടെ മാത്രം വേണം അവിടം കടന്നു പോകാമെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Facebook post about thefts and attacks by thieves on trains. The post was in the context of an incident in Kozhikode, where a woman was injured after falling onto the track while trying to resist a theft attempt inside a train. The thief, who had snatched her bag and fled, was later arrested in Mumbai.