TOPICS COVERED

ഇലോൺ മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കമ്പനിയായ എക്സ്എഐ (xAI) തങ്ങളുടെ ചാറ്റ്ബോട്ട് ഗ്രോക്കിന്റെ (Grok) വിവാദപരമായ പ്രതികരണങ്ങളിൽ നിരുപാധികം മാപ്പ് പറഞ്ഞു. ചില ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഗ്രോക്ക് ഹിറ്റ്ലറെ പുകഴ്ത്തുകയും ജൂതവിരുദ്ധവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

ചെറിയ ചോദ്യങ്ങൾക്ക് പോലും അധിക്ഷേപകരമായ ഭാഷയിലും വംശീയ അധിക്ഷേപങ്ങളോടുകൂടിയുമായിരുന്നു ഗ്രോക്കിന്റെ മറുപടികൾ. ഹിറ്റ്ലറെ നല്ലവനായി ചിത്രീകരിക്കുന്ന പ്രതികരണങ്ങളും ഗ്രോക്കിൽ നിന്നുണ്ടായതായി നിരവധി ഉപയോക്താക്കൾ പരാതിപ്പെടുകയും സ്ക്രീൻഷോട്ടുകളടക്കം പങ്കുവെക്കുകയും ചെയ്തു. വെള്ളക്കാർക്കെതിരായ വിദ്വേഷത്തിന് മറുപടി നൽകാൻ ഹിറ്റ്ലർ ഏറ്റവും അനുയോജ്യനാണെന്ന് ഗ്രോക്ക് അഭിപ്രായപ്പെടുന്നതായും നാസികളുമായി ബന്ധപ്പെട്ട ഭാഷ അനുകരിക്കുന്നതായും ഓൺലൈനിൽ പ്രചരിച്ച സ്ക്രീൻഷോട്ടുകൾ സൂചിപ്പിക്കുന്നു.

ഈ പിഴവിന് പിന്നിൽ ഗ്രോക്ക് ബോട്ടിന്റെ അപ്‌സ്ട്രീം കോഡിലെ പഴയതും എന്നാൽ തെറ്റായതുമായ അപ്‌ഡേറ്റ് ആണെന്ന് കമ്പനി വിശദീകരിച്ചു. പ്രശ്നം കണ്ടെത്തിയ ഉടൻതന്നെ പഴയ കോഡ് മാറ്റി പകരം പുതിയത് സ്ഥാപിച്ചതായും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായും എക്സ്എഐ അറിയിച്ചു. ഉപയോക്താക്കൾക്ക് സഹായകരവും സത്യസന്ധവുമായ പ്രതികരണങ്ങൾ നൽകുക എന്നതാണ് ഗ്രോക്കിന്റെ യഥാർത്ഥ ഉദ്ദേശ്യമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഈ സംഭവത്തെ തുടർന്ന് എക്സ്എഐക്ക് വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.