നഗര ഗതാഗതത്തിന് വേഗത വർധിപ്പിക്കാൻ, എലോൺ മസ്കിന്റെ ബോറിംഗ് കമ്പനിയുമായി സഹകരിച്ചുള്ള 'ദുബായ് ലൂപ്പ്' പദ്ധതിയുമായി ആർടിഎ. 600 മില്യൺ ദിർഹം നിക്ഷേപത്തോടെയുള്ള ഭൂഗർഭ തുരങ്ക പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും. പ്രധാന വാണിജ്യ-പാർപ്പിട കേന്ദ്രങ്ങളെ ഭൂഗർഭ പാതകളിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതി, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പ്രഖ്യാപിച്ചത്.
പദ്ധതിയുടെ ആദ്യഘട്ടം ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, ദുബായ് മാൾ, ബുർജ് ഖലീഫ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കും. ഈ പാത പ്രവർത്തനക്ഷമമാകുന്നതോടെ ഡിഐഎഫ്സിക്കും ദുബായ് മാളിനുമിടയിലുള്ള യാത്രാ സമയം റോഡ് മാർഗ്ഗം 20 മിനിറ്റ് എന്നത് വെറും മൂന്ന് മിനിറ്റായി കുറയുമെന്ന് അധികൃതർ വ്യക്തമാക്കി. പൈലറ്റ് റൂട്ടിൽ പ്രതിദിനം 13,000 പേർക്കും പദ്ധതി പൂർത്തിയാകുമ്പോൾ 30,000 പേർക്കും യാത്ര ചെയ്യാനാകും. അമേരിക്കയിലെ ലാസ് വെഗാസിന് ശേഷം ഇത്തരമൊരു അത്യാധുനിക ഗതാഗത സംവിധാനം നടപ്പിലാക്കുന്ന ലോകത്തിലെ രണ്ടാമത്തെ നഗരമാകും ദുബായ്. 24 കിലോമീറ്റർ നീളുന്ന റൂട്ടിൽ 19 സ്റ്റേഷനുകളാണ് ആകെ വിഭാവനം ചെയ്തിരിക്കുന്നത്. തുരങ്കങ്ങൾക്കുള്ളിലൂടെ നൂറോളം കാറുകൾ ഒരേസമയം സർവീസ് നടത്തുന്നത് യാത്രാക്ലേശം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.
നിർമ്മാണച്ചെലവ് കുറഞ്ഞ നൂതന ടണലിംഗ് സാങ്കേതികവിദ്യയാണ് പദ്ധതിക്കായി ഉപയോഗിക്കുന്നത്. വാഹന ഗതാഗതത്തിനായി 3.6 മീറ്റർ വ്യാസമുള്ള തുരങ്കങ്ങളാണ് ലൂപ്പിൽ നിർമ്മിക്കുന്നത്. ആദ്യഘട്ട നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ പ്രതീക്ഷ.