Image credit: x/starlink
ഇന്‍റര്‍നെറ്റ് വിലക്കിയ ഇറാന്‍ ഭരണകൂടത്തിന്‍റെ നടപടി പൊളിക്കാന്‍ മസ്കിനെ കൂട്ടുപിടിച്ച് ഡോണള്‍ഡ് ട്രംപ്. ശനിയാഴ്ച മുതല്‍ പടിഞ്ഞാറന്‍ ടെഹ്റാനിലെ വീടുകളില്‍ ഇരച്ചുകയറിയ ഇറാന്‍ സൈന്യം സ്റ്റാര്‍ലിങ്ക് ഗിയറുകളും ഡിഷുകളും പിടിച്ചെടുത്തിരുന്നു. ഇതോടെ ഇറാനിലെ തല്‍സമയ വിവരങ്ങള്‍ പുറം ലോകത്തെ അറിയിക്കാന്‍ പ്രക്ഷോഭകാരികള്‍ക്കുള്ള മാര്‍ഗവും അടഞ്ഞിരുന്നു. മസ്ക് സൗജന്യമായി ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ തീരുമാനിച്ചതോടെ സ്റ്റാര്‍ലിങ്ക് റീസിവര്‍ ഉള്ളവര്‍ക്കെല്ലാം ഇന്‍റര്‍നെറ്റ് വീണ്ടും ലഭ്യമാകും. ഇതിന് പണം നല്‍കേണ്ടി വരില്ലെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ഇക്കാര്യം സ്റ്റാര്‍ലിങ്ക് ഇതുവരെയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാനിലെ ജനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്നത് സംബന്ധിച്ച് മസ്കുമായി താന്‍ സംസാരിക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് നടപടി.
FILE PHOTO: Tesla CEO Elon Musk gestures as he visits the construction site of Tesla's Gigafactory in Gruenheide near Berlin, Germany, August 13, 2021. Patrick Pleul/Pool via Reuters/File Photo
സ്റ്റാര്‍ലിങ്കിന് ഇറാന്‍ നേരത്തെ തന്നെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. പക്ഷേ അതിര്‍ത്തികള്‍ വഴി കള്ളക്കടത്തായി റിസീവറുകള്‍ വന്‍തോതില്‍ ഇറാനിലെത്തുകയും ആളുകള്‍ ഉപയോഗിക്കുകയും ചെയ്തുവന്നിരുന്നു. പട്ടാളത്തിന്‍റെ റെയ്ഡിന് ശേഷവും അന്‍പതിനായിരത്തിലേറെ യൂണിറ്റ് റിസീവറുകള്‍ ഇറാനിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സൗജന്യ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുന്ന മസ്കിന്‍റെ നടപടി അമേരിക്കയ്ക്ക് വലിയതോതില്‍ സഹായകമാകുന്നുവെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെനസ്വേലയില്‍ ഫെബ്രുവരി മൂന്ന് വരെ സൗജന്യ ഇന്‍റര്‍നെറ്റ് ലഭ്യമാക്കുമെന്ന് മസ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വെനസ്വേലന്‍ പ്രസിഡന്‍റ് മഡുറോയെയും ഭാര്യ സില്ല ഫ്ലോറസിനെയും സൈനിക നടപടിയിലൂടെ യുഎസ് സൈന്യം പിടികൂടിക്കൊണ്ട് പോയതിന് പിന്നാലെയായിരുന്നു സ്റ്റാര്‍ലിങ്ക് സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചത്. വെനസ്വേലന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യമെന്നായിരുന്നു ഈ തീരുമാനത്തെ മസ്ക് വിശേഷിപ്പിച്ചത്.
അതിനിടെ ഇറാനില്‍ പ്രക്ഷോഭം രൂക്ഷമല്ലാത്ത സ്ഥലങ്ങളില്‍ ടെലിഫോണ്‍– ഇന്‍റര്‍നെറ്റ് ബന്ധം ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബര്‍ 28നാരംഭിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ വന്‍ ജനകീയ പങ്കാളിത്തമുണ്ടായതിന് പിന്നാലെയാണ് അടിച്ചമര്‍ത്തല്‍ നടപടികള്‍ക്ക് പുറമെ ഇന്‍റര്‍നെറ്റ് ബ്ലാക്ക് ഔട്ടും ഇറാന്‍ ഭരണകൂടം നടപ്പിലാക്കിയത്. ജനുവരി പന്ത്രണ്ടിന് ശേഷം ഇറാനില്‍ നിന്നുള്ള യഥാസമയ വിവരങ്ങള്‍ പുറംലോകം കൃത്യമായി ഇനിയും അറിഞ്ഞിട്ടില്ല. രണ്ടായിരത്തിയഞ്ഞൂറിലേറെപ്പേര്‍ ഇതുവരെ കൊല്ലപ്പെട്ടുവെന്നും പതിനായിരത്തോളം പേര്‍ തടവറകളിലായെന്നുമാണ് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.