ഫിറ്റ്നസ് നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കാനുമൊക്കെ എത്രയോ പണം ചെലവാക്കുന്നവരാണ് പലരും. എന്നാലിവിടെ ഒരുരൂപ പോലും ചെലവാക്കാതെ 40 ദിവസത്തിനുള്ളില്‍ ശരീരഭാരം കുറയ്ക്കാന്‍ ടെക്നോളജിയുടെ സഹായം തേടിയ യുവതിയുടെ അനുഭവമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറല്‍. ചാറ്റ് ജിപിടി തയ്യാറാക്കിയ വ്യക്തിഗത ഫിറ്റ്‌നസ്, ന്യൂട്രീഷൻ പ്ലാനിന്‍റെ സഹായത്തോടെയാണ് പണം ചെലവാക്കാതെ ഭാരം കുറച്ചതെന്ന് യുവതി ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.
അഞ്ജനി ഭോജ് എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറാണ് തന്‍റെ അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വ്യായാമ സെഷനുകളുടേയും ഭക്ഷണ ക്രമങ്ങളുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്) രോഗനിർണയവും ഭക്ഷണക്രമത്തിലുള്ള നിയന്ത്രണങ്ങളും, പാലുൽപ്പന്നങ്ങളും ഗ്ലൂറ്റനും ഒഴിവാക്കുന്നതിനൊപ്പം മുട്ട, ചിക്കൻ, സലാഡുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുത്തിയുമാണ് ചാറ്റ്ജിപിടിയുടെ പദ്ധതിയെന്നും ഭോജ് വെളിപ്പെടുത്തി. തന്‍റെ ശരീരത്തിനും ഭക്ഷണ ആവശ്യങ്ങള്‍ക്കും ഫിറ്റ്‌നസ് ലക്ഷ്യങ്ങള്‍ക്കും അനുസരിച്ചുള്ള ഒരു ദിനചര്യ രൂപീകരിക്കാന്‍ എഐ ചാറ്റ്‌ബോട്ട് എങ്ങനെ സഹായിച്ചുവെന്നും യുവതി വിശദീകരിക്കുന്നുണ്ട്. 5 കിലോ കുറഞ്ഞതിനൊപ്പം അച്ചടക്കം, ശക്തി, തന്നിലുള്ള വിശ്വാസം എന്നിവ കൂടി ഇതിലൂടെ ലഭിച്ചതായി അഞ്ജനി കൂട്ടിച്ചേര്‍ത്തു..
'ഞാനൊരു വ്യായാമം പോലും മുടക്കിയില്ല, ഭക്ഷണക്രമം കൃത്യമായി പാലിച്ചു,' അവര്‍ പറയുന്നു. മടിയുള്ള ദിവസങ്ങളിലും വ്യായാമം ചെയ്യാന്‍ തീരുമാനിച്ചതിനാല്‍ കുറുക്കുവഴികളൊന്നും ഉപയോഗിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എഐ ഒരു സൗജന്യ ഫിറ്റ്‌നസ് ടൂളായി ഉപയോഗിക്കുന്നതിന്‍റെ പ്രായോഗിക മൂല്യത്തെക്കുറിച്ച് വിഡിയോയ്ക്ക് താഴെ നിരവധിപ്പേര്‍ പ്രതികരിച്ചു. ശരീരഭാരം കുറയ്ക്കാനുള്ള ദിനചര്യ അങ്ങേയറ്റം സമർപ്പണത്തോടെ പിന്തുടർന്നതിന് പലരും അഞ്ജനിയെ പ്രശംസിച്ചു. ‘ ഇനി ചാറ്റ്ജിപിടിയോട് ചോദിച്ച് ആരംഭിക്കുക. എന്നാൽ അതിന് മുമ്പ് അതിനെക്കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. കാരണം എല്ലാത്തിലുമുപരി ഇത് നിങ്ങളുടെ ശരീരമാണ്. അതിനെക്കുറിച്ച് ശരിയായി അറിഞ്ഞിരിക്കണം’ - ഈ ഓര്‍മപ്പെടുത്തലോടെയാണ് അഞ്ജനി ഭോജ് കുറിപ്പ് അവസാനിപ്പിച്ചത്.