ശരീരത്തിന് അത്യാവശ്യമായ വൈറ്റമിനുകളിൽ ഒന്നാണ് വൈറ്റമിൻ ഡി. എല്ലുകളും പല്ലുകളുടെയും ആരോഗ്യ സംരക്ഷണം, പേശികളുടെ പ്രവർത്തനം, ഹോർമോൺ ബാലൻസ്, രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുക, കാൽസ്യവും ഫോസ്ഫറസ്സും ശരീരത്തിൽ ആഗിരണം ചെയ്യുക തുടങ്ങിയവയ്ക്കെല്ലാം വൈറ്റമിൻ ഡി നിർണായകമാണ്.
സൂര്യപ്രകാശം ലഭിക്കുമ്പോഴാണ് ശരീരം സ്വാഭാവികമായി വൈറ്റമിൻ ഡി ഉൽപ്പാദിപ്പിക്കുന്നത്. പ്രത്യേകിച്ച് വേനൽക്കാലത്ത് ഇത് എളുപ്പമാണ്. എന്നാൽ ശൈത്യകാലത്ത് വൈറ്റമിൻ ഡി കുറയുന്നത് സാധാരണമാണ്.
പ്രായമായവർ, ഇരുണ്ട ചർമ്മമുള്ളവർ, രാത്രി ജോലി ചെയ്യുന്നവർ, കൂടുതൽ സമയം വീടിനകത്ത് ചെലവഴിക്കുന്നവർ, വൃക്കരോഗമുള്ളവര്‍ തുടങ്ങിയ പ്രശ്നങ്ങളുള്ളവർ എന്നിവർക്കാണ് ഈ കുറവ് കൂടുതലായി ബാധിക്കുക.
വൈറ്റമിൻ ഡി ലഭിക്കുന്ന ഏറ്റവും സ്വാഭാവിക മാർഗം വെയിൽ കൊള്ളുന്നതാണ്. ആഴ്ചയിൽ കുറഞ്ഞത് 3-4 ദിവസം, 10-30 മിനിറ്റ് വരെ വെയില്‍ കൊള്ളുന്നത് നല്ലതാണ്. മുഖം, കൈ, കാലുകൾ എന്നിവയിൽ നേരിട്ട് വെളിച്ചം ലഭിക്കാൻ അനുവദിക്കുക.
കൊഴുപ്പുള്ള മത്സ്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും വൈറ്റമിന്‍ ഡിയുടെ ലഭ്യതയ്ക്ക് നല്ലതാണ്. അയല, ചെമ്പല്ലി, മത്തി, ചൂര എന്നിവ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങളിൽ ധാരാളം വൈറ്റമിൻ ഡി ലഭ്യമാണ്. ചെറിയ അളവിൽ ചെമ്പല്ലി കഴിച്ചാൽ തന്നെ ഒരു ദിവസം ആവശ്യമായ അളവ് ലഭിക്കും. ഒമേഗ–3 അടങ്ങിയിരിക്കുന്നതിനാൽ ഹൃദയവും തലച്ചോറും കൂടുതൽ ആരോഗ്യകരമാക്കാൻ ഇത് സഹായിക്കും
മുട്ടയുടെ മഞ്ഞക്കരുവിൽ നിന്നും വൈറ്റമിൻ ഡി ലഭിക്കും. ദിവസവും ഒരു മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ചില കൂണുകളും വൈറ്റമിന്‍ ഡിയുടെ ശ്രോതസാണ്.
വൈറ്റമിൻ ഡിയുടെ കുറവ് അത്രവേഗം ശ്രദ്ധയില്‍പെടാത്തതിനാല്‍ ഇടയ്ക്കിടെ പരിശോധന ചെയ്യുന്നത് നല്ലതാണ്. കുറവ് കണ്ടെത്തിയാൽ ഡോക്ടറെ സമീപിക്കുന്നതാകും ഉത്തമം.