മഹാരാഷ്ട്രയില്‍ രണ്ടാമത്തെ സ്‌റ്റോര്‍ ആരംഭിക്കാനൊരുങ്ങി ആപ്പിള്‍. മുംബൈയിലെ ബോരിവാലിയിൽ 12646 ചതുരശ്രയടി കെട്ടിടം ആപ്പിൾ പാട്ടത്തിനെടുത്തു. ഈ വര്‍ഷം മെയ് എട്ട് മുതലാണ് ബോരിവാലിയിലെ ഓബ്റോയ് സ്കൈ സിറ്റി മാളിന്റെ താഴെത്തെ നില ആപ്പിൾ പാട്ടത്തിനെടുത്തത്. 12,616 ചതുരശ്ര അടി സ്ഥലത്ത് 150 ചതുരശ്ര മീറ്റർ അധിക സ്റ്റോറേജ് സൗകര്യവും അഞ്ച് കാർപാർക്കിങ് സ്ലോട്ടുകളും ആപ്പിളിന് ലഭിക്കും.
വർഷം 2.08 കോടിരൂപയാണ് വാടകയായി ആപ്പിൾ നൽകേണ്ടിവരിക. അതായത് പ്രതിമാസം 17.3 ലക്ഷം. ഇൻക്ലൈൻ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റേതാണ് കെട്ടിടം. ആദ്യത്തെ 42 മാസത്തെ ലാഭത്തിൽ നിന്ന് 2 ശതമാനവും അതിനുശേഷം 2.5 ശതമാനവും വിഹിതമായി കെട്ടിടമുടമയ്ക്ക് നൽകാനും കരാറിൽ വ്യവസ്ഥയുണ്ട്. 130 മാസത്തേക്കാണ് കരാർ. ഓരോ മൂന്ന് മാസവും 15 ശതമാനം വാടക വർധിക്കും. 1.04 കോടി രൂപ സുരക്ഷാ നിക്ഷേപമായും കമ്പനി നൽകിയിട്ടുണ്ട്.
ഈ ആപ്പിൾ സ്റ്റോർ പ്രവർത്തനം ആരംഭിക്കുന്നതോടെ രാജ്യത്ത് ആപ്പിൾ എക്സ്ക്ലൂസീവ് സ്റ്റോറുകളുടെ എണ്ണം നാലാകും. രാജ്യത്ത് നിലവിൽ ഡൽഹിയിലെ സാകേതിലും മുംബൈയിലെ ബികെസിയിലുമായാണ് രണ്ട് ആപ്പിൾ സ്റ്റോറുകള്‍ പ്രവർത്തിക്കുന്നത്. മൂന്നാമത്തെ സ്റ്റോറിനായി ബെംഗളുരുവിൽ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്.