ടെക് ലോകത്തെ ഞെട്ടിച്ച് ഫാക്ടറി തൊഴിലാളിയെ ആക്രമിക്കുന്ന റൊബോട്ടിന്‍റെ വീഡിയോ. ചൈനയിലെ ഒരു ഫാക്ടറിയിലെ റോബോട്ടിന്‍റെ ആക്രമണമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. കോഡിങ് പിശകാണ് റൊബോട്ട് പെട്ടെന്ന് ആക്രമണകാരിയാകാന്‍ കാരണമെന്ന് വിഡിയോ പങ്കുവച്ചയാള്‍ പോസ്റ്റില്‍ പറയുന്നത്. സംഭവത്തില്‍ തൊഴിലാളികൾക്ക് പരിക്കേറ്റതായും പോസ്റ്റിലുണ്ട്.
ദൃശ്യങ്ങളില്‍ റൊബോട്ട് പെട്ടെന്ന് ഭയാനകമായ രീതിയില്‍ തൊഴിലാളികളെ ആക്രമിക്കുന്നത് കാണാം. തികച്ചും ഒരു മനുഷ്യന്‍ ആക്രമിക്കുന്നതുപൊലെ തന്നെയായിരുന്നു റോബോട്ടിന്‍റെ പെരുമാറ്റം. സാഹചര്യം വഷളാകുന്നതിന് മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് ഇടപെടുകയായിരുന്നു. മെക്കാനിക്കൽ തകരാറാണോ അതോ എഐ പ്രോഗ്രാമിങ്ങിലെ പ്രശ്നം മൂലമാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. പ്രോഗ്രാം കോഡിങോ സെൻസർ പിശകോ ആയിരിക്കാം സംഭവത്തിന് കാരണമെന്നാണ് നിർമ്മാതാവായ യൂണിട്രീ റോബോട്ടിക്സ് പറയുന്നത്.
കഴിഞ്ഞയാഴ്ച ചൈനയിലെ ഒരു പരീക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നതെന്നാണ് പോസ്റ്റില്‍ അവകാശപ്പെടുന്നത്. എങ്കിലും സംഭവം എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല. പൂർണ്ണ വലുപ്പമുള്ള യൂണിവേഴ്സൽ ഹ്യൂമനോയിഡ് റോബോട്ടാണ് ദൃശ്യങ്ങളിലുള്ളത്. യൂണിട്രീ റോബോട്ടിക്സിന്‍റേതാണ് റോബോട്ട് എന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങളിലുള്ള റോബോട്ടിക് മോഡലിന് ഏകദേശം 650,000 യുവാൻ അഥവാ 75 ലക്ഷത്തിലധികം വിലയുണ്ടെന്നാണ് കരുതുന്നത്.
റോബോട്ട് തൊഴിലാളികളെ ആക്രമിക്കുന്നതരത്തിലുള്ള ആദ്യത്തെ സംഭവമല്ല ഇത്. ഈ വർഷം ചൈനയിലെ ഒരു ആഘോഷത്തിനിടയില്‍ ഒരു റോബോട്ട് പെട്ടെന്ന് ഒരു സുരക്ഷാ ബാരിക്കേഡിന് പിന്നിൽ നിന്ന ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞുകയറിയിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും സംഭവം റൊബോട്ടിക് ലോകത്തെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പുതിയ സംഭവം.