A plume of smoke rises following airstrikes in Tehran on March 4, 2026. Iran's Revolutionary Guards said on March 4 they had total control of the Strait of Hormuz, a key waterway for global energy transit, as Israel launched a new wave of strikes on the Iranian capital. (Photo by ATTA KENARE / AFP)
പശ്ചിമേഷ്യന്‍ യുദ്ധം ആറാം ദിവസത്തിലും ആശ്വാസമില്ലാതെ തുടരുമ്പോള്‍ മധ്യസ്ഥനീക്കവുമായി ചൈന. സമാധാന ചര്‍ച്ചകള്‍ക്കായി സര്‍ക്കാര്‍ പ്രതിനിധിയെ പശ്ചിമേഷ്യയിലേക്ക് അയക്കും. എണ്ണ വിതരണം പുനസ്ഥാപിക്കാന്‍ നടപടി വേണമെന്നും സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഇറാനില്‍ ഇസ്രയേല്‍–യുഎസ് ആക്രമണം തുടരുകയാണ്. ടെഹ്റാനിലെ വിവിധയിടങ്ങളിലും സനാദന്‍ദാജ് മേഖലയിലും വ്യോമാക്രമണം രൂക്ഷമാണ്. ടെല്‍ അവീവ്, ജറുസലേം എന്നിവിടങ്ങളില്‍ ഇറാന്‍ ആക്രമണം നടത്തി. സൗദി അല്‍ ഖാജ്, അല്‍ ജൗഫ് മേഖലയില്‍ ഇറാന്റെ ഡ്രോണുകളും മിസൈലുകളും പ്രതിരോധിച്ചെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കുവൈത്ത് മുബാറക് അല്‍ തുറമുഖത്തിന് 30 നോട്ടിക്കല്‍ മൈല്‍ അകലെ രാജ്യാന്തര സമുദ്രപാതയില്‍ എണ്ണ ടാങ്കറിന് സമീപം ആക്രമണമുണ്ടായി. ലബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ അഞ്ചുപേര്‍കൂടി കൊല്ലപ്പെട്ടു.
അതേസമയം, ഇന്ത്യൻ തുറമുഖങ്ങൾ യുഎസ് നാവികസേന ഉപയോഗിക്കുന്നുണ്ടെന്ന വാദം തള്ളി വിദേശകാര്യമന്ത്രാലയം. ചില യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിനിടെ, ഇന്ത്യന്‍ മഹാസമുദ്രത്തില്‍,, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന്,, ഇറാന്‍റെ പടക്കപ്പല്‍ യുഎസ് തകര്‍ത്തത് ഇന്ത്യന്‍ പ്രതിരോധ ഇടനാഴികളിലും ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. ഇന്ത്യന്‍ നാവികസേനയുടെ രണ്ട് പരിപാടികളില്‍ പങ്കെടുത്ത് മടങ്ങിയ ഇറാന്‍ പടക്കപ്പലാണ് യുഎസ് അന്തര്‍വാഹിനി ടോര്‍പ്പിഡോ ഉപയോഗിച്ച് തകര്‍ത്തത്.
ഇന്റർനാഷണൽ ഫ്ലീറ്റ് റിവ്യൂവിലും മിലാൻ നാവിക അഭ്യാസത്തിലും ഇറാന്‍റെ പടക്കപ്പല്‍ പങ്കെടുത്തിരുന്നു. ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്ത്യയ്ക്ക് സ്വന്തം അയൽപക്കത്ത് സ്വാധീനമില്ലേയെന്നും അയല്‍പ്പക്കവും വാഷിങ്ടണിനും ടെല്‍ അവീവിനും വിട്ടുകൊടുത്തോ എന്നും പവന്‍ ഖേര ചോദിച്ചു. രാജ്യത്തെ തുറമുഖങ്ങൾ ഉപയോഗിക്കാന്‍ യുഎസിന് അനുവാദം നല്‍കിയോ എന്നും കോണ്‍ഗ്രസ് ചോദ്യം ഉന്നയിച്ചു.