ഇന്നത്തെക്കാലത്ത് വാട്സാപ് ഉപയോഗിക്കാത്തവരായി ആരും കാണില്ല.അതുകൊണ്ട് തന്നെ വാടാസാപ് മുഖേനെയുള്ള തട്ടിപ്പുകളും വര്‍ധിച്ചുവരികയാണ്. അടുത്തിടെ വാട്സാപ്പില്‍ കണ്ടുവരുന്ന പ്രധാന തട്ടിപ്പ് ഇങ്ങനെയാണ്.അപരിചിതമായതും ഇതുവരെ സേവ് ചെയ്യാത്തതുമായ നമ്പറില്‍ നിന്ന് ഒരു മെസേജ് വരും. ആ ചാറ്റ് ഓപ്പണ്‍ ചെയ്താല്‍ ഒരു ഫോട്ടോ കാണാം. ഫോട്ടോ ഡൗണ്‍ലോഡ് ചെയ്യുന്ന പക്ഷം ഫോണ്‍ വരെ ഹാക്കാവുന്നു. ഉത്തരേന്ത്യയില്‍ പലയിടത്തും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.മഹാരാഷ്ട്രയിൽ നിന്നുള്ള 28 വയസ്സുള്ള ഒരാൾക്ക് വാട്ട്‌സാപ്പിൽ ഒരു അജ്ഞാത നമ്പർ അയച്ച ചിത്രം ഡൗൺലോഡ് ചെയ്തതിനെ തുടർന്ന് രണ്ട് ലക്ഷത്തിലധികം രൂപയാണ് നഷ്ടപ്പെട്ടത്.
ഫോട്ടോ ഡൗണ്‍ലോഡ് ചെയ്താല്‍ ഫോണ്‍ ഹാക്കാവുമോ എന്നാണോ ചിന്തിക്കുന്നത്. അതിനും ഇപ്പോള്‍ പറ്റും സ്റ്റെഗ്നോഗ്രഫി എന്നാണ് ഈ തട്ടിപ്പ് അറിയപ്പെടുന്നത്. മറ്റൊരു മെസേജിലോ ഒബ്ജക്ടിലോ അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു മെസേജ് ഒളിപ്പിക്കുന്ന രീതിയാണിത്. ഒളിഞ്ഞിരിക്കുന്നതെന്താണെന്ന് പെട്ടെന്നാര്‍ക്കും കണ്ടെത്താനാവില്ല,. ഇമേജുകൾ, ഓഡിയോ, ടെക്സ്റ്റ് പോലുള്ള വിവിധ മാധ്യമങ്ങളിൽ സ്റ്റെഗനോഗ്രാഫി പ്രയോഗിക്കാൻ കഴിയും. രഹസ്യ സന്ദേശങ്ങൾ അയക്കാനും, ഡാറ്റ ഒളിപ്പിക്കാനും ദോഷകരമായ കോഡുകള്‍ അയക്കാനും ഇത് ഉപയോഗിച്ചുവരുന്നു.
ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് ഓപ്പണ്‍ ചെയ്യുന്നപക്ഷം വാട്സാപ്പിന്‍റെ മാത്രമല്ല ഫോണിന്‍റെ മുഴുവന്‍ നിയന്ത്രണവും ഹാക്കറുടെ കൈയിലാകും. മറ്റ് തട്ടിപ്പുകളെപ്പോലെ ഒടിപ്പിയോ നോട്ടിഫിക്കേഷനോ കണ്ട് തട്ടിപ്പാണെന്ന് മനസിലാക്കാനുള്ള സാവകാശം പോലും ഈ തട്ടിപ്പിലില്ല എന്നതാണ് ഞെട്ടിക്കുന്ന കാര്യം. അപരിചിതമായ നമ്പരുകളില്‍ നിന്നും വരുന്ന ചിത്രങ്ങളോ ലിങ്കുകളോ ക്ലിക്ക് ചെയ്യരുത്.വാട്സ്പിലെ തന്നെ സെറ്റിങ്സില്‍ പോയി മീഡിയ ഓട്ടോ ഡൗണ്‍ലോഡ് ഓപ്ഷന്‍ ഉടന്‍ തന്നെ ഓഫ് ചെയ്യുക. അബദ്ധവശാല്‍ തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനുള്ളില്‍ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1930ത്തില്‍ വിളിച്ച് നിയമസഹായം തേടുക.