ജീവിതശൈലിയെക്കുറിച്ചും സോഷ്യൽ മീഡിയയോടുള്ള സമീപനത്തെക്കുറിച്ചും വെളിപ്പെടുത്തി മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ. കഴിഞ്ഞ എട്ടു വർഷമായി താൻ വാട്‌സാപ്പ് ഉപയോഗിക്കാറില്ലെന്നും വെർച്വൽ ലോകത്തേക്കാൾ നേരിട്ടുള്ള ആശയവിനിമയത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും താരം വ്യക്തമാക്കി.
വാട്‌സാപ്പ് മാത്രമല്ല, ഫെയ്‌സ്ബുക്കും താൻ ഇപ്പോൾ ഉപയോഗിക്കാറില്ലെന്ന് രജിഷ പറയുന്നു. നിലവിൽ ഇൻസ്റ്റഗ്രാം മാത്രമാണ് ഉപയോഗിക്കുന്നത്, അതും വളരെ അപൂർവ്വമായി മാത്രം. റീൽസ് വന്നതോടെ ആളുകൾ ഫോണിന് മുന്നിൽ അമിതമായി സമയം ചെലവഴിക്കുന്നു. ഒരു പുസ്തകം വായിക്കാനോ സിനിമ കാണാനോ കുടുംബത്തോടൊപ്പം സംസാരിക്കാനോ ആർക്കും സമയമില്ല. ഇതൊരു വലിയ അഡിക്ഷനാണെന്ന് താരം ചൂണ്ടിക്കാട്ടി. ഫോൺ ഉപയോഗം തന്റെ ചിന്തകളെ നിയന്ത്രിക്കാതിരിക്കാൻ പല ആപ്പുകളും താൻ നീക്കം ചെയ്തതായും രജിഷ വെളിപ്പെടുത്തി.
ഭാവി ജീവിതത്തെക്കുറിച്ച് വലിയ പദ്ധതികളൊന്നുമില്ലാത്ത സ്വഭാവമാണ് തന്റേതെന്ന് രജിഷ പറയുന്നു. പത്തു കൊല്ലം കഴിഞ്ഞാൽ എവിടെയായിരിക്കും എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറില്ല. നിലവിൽ നിൽക്കുന്ന നിമിഷത്തിൽ ജീവിക്കുക എന്നതാണ് എന്റെ രീതി. ആർമിയിൽ ഡോക്ടറാവുക എന്നതായിരുന്നു പണ്ടത്തെ ആഗ്രഹം. നടി ആകുമെന്ന് കരുതിയതല്ല, പക്ഷേ ആഗ്രഹിച്ച ചെറിയ കാര്യങ്ങളെല്ലാം ജീവിതത്തിൽ നടന്നിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
സംവിധായകൻ കൃഷാന്ദ് ഒരുക്കിയ ‘മസ്തിഷ്ക മരണം; സൈമൺസ് മെമ്മറീസ്’ എന്ന ചിത്രത്തിലൂടെ പുതിയൊരു വേഷപ്പകർച്ചയിലാണ്. ചിത്രത്തിലെ ‘കോമള താമര’ എന്ന ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രജിഷയുടെ കരിയറിലെ ആദ്യ ഐറ്റം ഡാൻസാണിത്. ഗ്ലാമറസ് ലുക്കിലുള്ള താരത്തിന്റെ തകർപ്പൻ ഡാൻസിന് മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.