china-10g-network

Image Credit: Meta AI Generated Image

ഇന്ത്യയില്‍ പലയിടത്തും ഇപ്പോഴും 5ജി പോലും ആയിട്ടില്ല. അപ്പോഴാണ് അമേരിക്കയേയും യൂറോപ്യന്‍ രാജ്യങ്ങളേയും വരെ  ഞെട്ടിച്ച്  ഇന്‍റര്‍നെറ്റ്  സ്പീഡില്‍ കുതിച്ചു ചാട്ടം നടത്തിയിരിക്കുകയാണ് നമ്മുടെ അയല്‍രാജ്യം. ലോകത്ത് ആദ്യമായി 10 ജി ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യ പരീക്ഷിച്ച് ചൈന.  

10ജി വിപ്ലവം 

ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ സുനാന്‍ കൗണ്ടിയില്‍ ഉള്‍പ്പെട്ട ഷിയോങ് ജില്ലയിലാണ് 10ജി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയത്.  ചൈനീസ് ടെലികോം കമ്പനിയായ  വാവേയും ചൈന യൂണികോമും ചേര്‍ന്ന് 50ജി –പിഒഎന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10ജി ബ്രോഡ്ബാന്‍ഡ് സംവിധാനം ഒരുക്കിയത്.  

സെക്കന്‍ഡില്‍ 10 ജിഗാബൈറ്റ് ആണ് വേഗം. അതായത് ഒരു സിനിമ മുഴുവന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് പോലും വേണ്ട.  ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കല്‍ നെറ്റ്‌വര്‍ക്ക് അഥവാ 50 ജി–പി.ഒ.എന്‍  സെക്കന്‍ഡില്‍ 50 ജിഗാബൈറ്റ് വരെ വേഗം ആര്‍ജിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണിത്. 50 ജി–പി.ഒ.എന്‍   നിലവിലുളള ഫൈബര്‍ ഒപ്റ്റിക്് ഇന്‍ഫ്രാസ്ട്രക്ചറില്‍  ഡേറ്റാ ട്രാന്‍സ്മിഷന്‍  കൂടുതല്‍ മെച്ചമുള്ളതാക്കുന്നു

ഹൈ സ്പീഡ് ഡേറ്റയുടെ നേട്ടങ്ങള്‍ 

9,834 എംബിപിഎസ് വരെ  ഡൗണ്‍ലോഡിങ് സ്പീഡ്. 1,008 എംബിപിഎസ് അപ്‌ലോഡിങ് സ്പീഡ്, 3 മില്ലി സെക്കന്‍ഡ് വരെ ലേറ്റന്‍സി എന്നിവ 10 ജി വാഗ്ദാനം ചെയ്യുന്നു.  ക്ലൗഡ് കംപ്യൂട്ടിങ്, വെര്‍ച്വല്‍, ഓഗ്മെന്റ് റിയാലിറ്റി, 8 കെ വിഡിയോ സ്ട്രീമിങ്, സ്മാര്‍ട്ട് സിറ്റി, സ്മാര്‍ട്ട് ഹോം, ഡ്രൈവറില്ലാ കാറുകള്‍ എന്നിവ സാങ്കേതിക വിദ്യയിലൂടെ അനായാസം സാധിക്കും. 

ഇന്ത്യയില്‍ നിലവില്‍ സെക്കന്‍ഡില്‍ 1 ഗിഗാബൈറ്റ് വരെയുള്ള ഇന്റര്‍നെറ്റ് സ്പീഡാണ് ബ്രോഡ്ബാന്‍ഡില്‍ ലഭിക്കുന്നത്. നിലവില്‍ 20 ജിബി വലിപ്പമുള്ള ഒരു 4 K സിനിമ സാധാരണയായി ഡൗണ്‍ലോഡ് ചെയ്യാന്‍ 1 ജിബിപിഎസ് കണക്ഷനില്‍  ഏഴ് മുതല്‍ പത്ത് മിനിറ്റ് വരെ എടുക്കും.  എന്നാല്‍ പുതിയ 10 ജി ബ്രോഡ്ബാന്‍ഡ് ഉപയോഗിച്ച് അതേ സിനിമ 20 സെക്കന്‍ഡില്‍ ഡൗണ്‍ലോഡ് ചെയ്യാം. 

543 മെഗാബൈറ്റ് വേഗമുള്ള യുഎഇയിലും  521 മെഗാബൈറ്റ്  വേഗമുള്ള ഖത്തറിലുമാണ്  ലോകത്തില്‍ ഏറ്റവും വേഗതയുള്ള ഇന്‍റര്‍നെറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കായി ലഭിക്കുന്നത്.  യുഎഇ ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ  നിലവിലെ വാണിജ്യ ബ്രോഡ്ബാന്‍ഡ് വേഗത്തെ മറികടക്കുന്നതാണ് ചൈനയുടെ പുതിയ സാങ്കേതിക വിദ്യ.  വിനോദത്തിനു പുറമെ വിദ്യാഭ്യാസ മേഖലയിലും പുതിയ സാങ്കേതിക വിദ്യ ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ചൈനയുടെ കണക്കുകൂട്ടല്‍. രാജ്യാന്തര ബ്രോഡ്ബാന്‍ഡ് സാങ്കേതിക വിദ്യയില്‍ ചൈനയ്ക്ക് ഇത് മേല്‍ക്കോയ്മ നല്‍കുന്നു.