ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമത്. 2024 ലെ ഇന്റര്‍നെറ്റ് ഉപരോധത്തിന്റെ രാജ്യം തിരിച്ചുള്ള കണക്ക് ആക്സസ് നൗ ഗ്രൂപ്പാണ് പുറത്തു വിട്ടത്. 2024-ൽ, ലോകമെമ്പാടുമുള്ള ഗവൺമെൻ്റുകൾ 54 രാജ്യങ്ങളിലായി 296 ഇന്റര്‍നെറ്റ് ഉപരോധങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. 2023-ൽ 39 രാജ്യങ്ങളിൽ രേഖപ്പെടുത്തിയ ഉപരോധങ്ങളില്‍ നിന്ന് കുത്തനെയുള്ള വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
തുടർച്ചയായി ആറ് വർഷമായി ആഗോള പട്ടികയിൽ ഒന്നാമതുള്ള ഇന്ത്യയില്‍ 2024 ൽ 84 ഇൻ്റർനെറ്റ് ബ്ലോക്കുകളാണ് ആണ് രേഖപ്പെയുത്തിയിരിക്കുന്നത്. അതിനാല്‍ ഇത്തവണ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.
ഇന്റര്‍നെറ്റ് ഉപരോധത്തില്‍ ആദ്യസ്ഥാനത്തുള്ളത് മ്യാന്‍മറാണ്. പാക്കിസ്ഥാനില്‍ 21, റഷ്യയില്‍ 19, യുക്രെയ്ൻ 7, പലസ്തീൻ 6, ബംഗ്ലാദേശ് 5 എന്നിങ്ങനെയാണ് ഇന്റര്‍നെറ്റ് ഉപരോധങ്ങളുടെ എണ്ണം. 2018 മുതല്‍ 2023 വരെ ഇന്ത്യയായിരുന്നു ഇന്റര്‍നെറ്റ് ബ്ലോക്കില്‍ ഒന്നാം സ്ഥാനത്ത്.
ഇന്ത്യയില്‍ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഒരു തവണയെങ്കിലും ഉപരോധം ഉണ്ടായിട്ടുണ്ട്. ഇന്ത്യന്‍ സംസഥാനങ്ങളില്‍ മണിപ്പൂരില്‍ 21തവണ പൂര്‍ണമായും ഇന്റര്‍നെറ്റ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്, ജമ്മു കശ്മീര്‍ 12, ഹരിയാന 12, എന്നിങ്ങനെ യായിരുന്നു മറ്റ് കണക്കുകള്‍. 84-ൽ 41ഉം പ്രതിഷേധവുമായും ബാക്കി 23 എണ്ണം വർഗീയ കലാപവുമായും ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ തൊഴില്‍ നിയമന പരീക്ഷകളുമായി ബന്ധപ്പെട്ട് അഞ്ച് തവണയും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉപരോധം ഉണ്ടായി.