luo-fuli

ടെക് ലോകത്ത് കൊടും കാറ്റായി ആ‍ഞ്ഞടിച്ചിരിക്കുകയാണ് ചൈനയുടെ സ്വന്തം ചാറ്റ്ബോട്ടായ ഡീപ്‌സീക്ക്. കുറഞ്ഞ ചിലവില്‍ തയ്യാറാക്കിയ ഈ ചാറ്റ്ബോട്ട്, ഇതിനോടകം തന്നെ അമേരിക്കന്‍ ചാറ്റ്ബോട്ടുകള്‍ക്ക് കടുത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്.  ചാറ്റ് ജിപിടി, ജെമിനി, എഐ ക്ലൗഡ് തുടങ്ങിയ ചാറ്റ് ബോട്ടുകളെയെല്ലാം തകര്‍ത്താണ് ഡീപ്‌സീക് മുന്നേറിയിരിക്കുന്നത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, എന്‍വിഡ തുടങ്ങിയ കമ്പനികള്‍ ഒറ്റ ദിവസം കൊണ്ട് 600 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് ഡീപ്‌സീക്ക് മൂലമുണ്ടായത്.

deepseek-out

സംരംഭകനായ ലിയാങ് വെന്‍ഫെങാണ് ചൈനയിലെ ഹാങ്സൗ ആസ്ഥാനമായുള്ള എഐ റിസര്‍ച്ച് ലാബില്‍ ഡീപ്‌സീക്  വികസിപ്പിച്ചത്.  പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍  കൂടുതലും ചൈനയിലെ പ്രമുഖ സര്‍വ്വകലാശാലകളില്‍ നിന്നും അടുത്തിടെ പുറത്തിറങ്ങിയ ബിരുദദാരികളാണ്. ഇതിലൊരാളാണ് 29 കാരിയായ ലുവോ ഫുലി. നാച്ചുറല്‍ ലാംഗ്വേജ് പ്രോസസ്സിങാണ് (NLP) ഈ 29 കാരിയുടെ പ്രവര്‍ത്തന മേഖല.

സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് പ്രകാരം ബീജിങ് നോര്‍മല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഫുലി ബിരുദം പൂര്‍ത്തിയാക്കിയത്. കമ്പ്യൂട്ടര്‍ സയന്‍സായിരുന്നു വിഷയം. സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഫുലി മികച്ച മാര്‍ക്കോടെ പഠനം പൂര്‍ത്തിയാക്കി. പിന്നീട് ഉപരിപഠനത്തിനായി പീക്കിങ് യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു. 2019ല്‍ പ്രശസ്തമായ എ.സി.എല്‍ കോണ്‍ഫറന്‍സില്‍ 8 പ്രബദ്ധങ്ങളാണ് അവര്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ ടെക് ഭീമന്‍മാരായ അലിബാബയും ഷവോമിയും ഫുലുവുമായി സഹകരിക്കാന്‍ താത്പര്യം അറിയിച്ചു. അലിബാബയുടെ ഡാമോ അക്കാദമിയില്‍ ബഹുഭാഷാ പ്രീ-ട്രെയിനിംഗ് മോഡല്‍  വീക്കോയുടെ (VECO) വികസനത്തിന് ലുവോ നേതൃത്വം നല്‍കി. കൂടാതെ ഓപ്പണ്‍ സോഴ്‌സ് ആലീസ്മൈഡ് പ്രോജക്റ്റിലും പ്രവര്‍ത്തിച്ചു.

 2022 ലാണ് ഫുലി ഡീപ്സീകിന്റെ ഭാഗമാകുന്നത്. ഫുലിയുടെ നാച്വറല്‍ ലാംഗ്വേജ് പ്രോസസിങിലെ വൈദഗ്ധ്യമാണ് ഡീപ്സീക്ക് വെര്‍ഷന്‍ രണ്ടിന്‍റെ വികസനത്തില്‍ നിര്‍ണായകമായത്. അങ്ങനെയാണ് ലോക ടെക്ക് ഭീമന്മാരെ വെല്ലുവിളിക്കാന്‍ പാകത്തിന് ഡിപ്സീക്കിനെ വളര്‍ത്തിയത്. പുതിയ എഐ മോഡല്‍ ഹിറ്റായതോടെ ഷവോമി സിഇഒ ലീ ജുവാന്‍ പ്രതിവര്‍ഷം 10 മില്യണ്‍ ചൈനീസ് യുവാന്‍ പാക്കേഡ് ഫുലിക്ക് മുന്നില്‍വച്ചു എന്നാണ് സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ENGLISH SUMMARY:

Meet woman, the brain behind DeepSeek AI, which has rattled Google, Nvidia, Microsoft, ChatGPT. 29 year old Luo Fuli.