ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളിൽ നിർണായക ചുവടുവയ്പ്പുമായി ഹൈദരാബാദിലെ സ്പേസ് സ്റ്റാർട്ടപ്പ് സ്കൈറൂട്ട് എയ്റോസ്പേസ്. കമ്പനിയുടെ വിക്രം-1 റോക്കറ്റിന്റെ രണ്ടാം പറക്കലിനായി വികസിപ്പിച്ച രാമൻ-2 എൻജിൻ നിർണായകമായ അക്സപ്റ്റൻസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. എൻജിൻ വിക്ഷേപണ വാഹനത്തിന്റെ ഓർബിറ്റൽ അഡ്ജസ്റ്റ്മെന്റ് മൊഡ്യൂളിൽ (OAM) സംയോജിപ്പിക്കലും ഇലക്ട്രിക്കൽ പരിശോധനകളുമാണ് ഇനി ബാക്കിയുള്ളത്.
റോക്കറ്റ് ബഹിരാകാശത്ത് എത്തിയശേഷവും എൻജിൻ പ്രവർത്തിപ്പിക്കാനും നിർത്തിവയ്ക്കാനും വീണ്ടും പ്രവർത്തിപ്പിക്കാനും കഴിയും എന്നതാണ് രാമൻ-2ന്റെ പ്രധാന പ്രത്യേകത. ഒരേ വിക്ഷേപണത്തിലൂടെ വ്യത്യസ്ത ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിക്കാൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കാം.
രാമന്–2 എന്‍ജിന്റെ പ്രത്യേകത: സാധാരണ റോക്കറ്റുകളുടെ ഖര ഇന്ധന എൻജിനുകൾ ജ്വലനം ആരംഭിച്ചുകഴിഞ്ഞാൽ ഇടയ്ക്ക് നിർത്തിവയ്ക്കാനോ വീണ്ടും പ്രവർത്തിപ്പിക്കാനോ കഴിയില്ല. എന്നാൽ ദ്രവ ഇന്ധനമുപയോഗിക്കുന്ന രാമൻ-2ന് പ്രവർത്തനം നിയന്ത്രിക്കാനും നിർത്തിയശേഷം വീണ്ടും ആരംഭിക്കാനും സാധിക്കും. ഇത് ഉപഗ്രഹ വിക്ഷേപണത്തിൽ വലിയ മാറ്റമുണ്ടാക്കുന്ന സാങ്കേതികവിദ്യയാണ്. ഉദാഹരണത്തിന്, ഒരേ റോക്കറ്റിൽ ഒന്നിലധികം ഉപഗ്രഹങ്ങൾ കൊണ്ടുപോകുമ്പോള്‍ അവയെല്ലാം ഒരേ ഭ്രമണപഥത്തിൽ വിക്ഷേപിക്കേണ്ടതില്ല. ഓരോ ഉപഗ്രഹത്തിനും ആവശ്യമായ ഭ്രമണപഥത്തിലേക്ക് റോക്കറ്റിന്റെ അവസാന ഘട്ടം നിയന്ത്രിച്ച് എത്തിക്കാം.
ഇതിനായി എൻജിൻ പ്രവർത്തിപ്പിച്ച് ആവശ്യമായ വേഗവും ദിശയും കൈവരിച്ചശേഷം പ്രവർത്തനം നിർത്താം. പിന്നീട് മറ്റൊരു ഭ്രമണപഥത്തിലേക്ക് നീങ്ങുന്നതിനായി വീണ്ടും ജ്വലിപ്പിക്കാം. ഇതുവഴി റോക്കറ്റ് ഒരു തരത്തിൽ ബഹിരാകാശത്തെ 'ടാക്സി'യായി പ്രവർത്തിക്കുന്നു.
3D പ്രിന്റിങ് സാങ്കേതികവിദ്യയും പ്രത്യേക കൂളിങ്ങും
രാമൻ-2 പൂർണമായും 3D പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച എൻജിനാണ്. പരമ്പരാഗത നിർമാണരീതികളിൽ ഒന്നിലധികം ഭാഗങ്ങൾ നിർമ്മിച്ച് കൂട്ടിച്ചേർക്കേണ്ടിവരുമ്പോൾ 3D പ്രിന്റിങ് വഴി സങ്കീർണമായ ഘടനകൾ കൂടുതൽ കൃത്യതയോടെ നിർമിക്കാനാകും.
എൻജിനിലെ മറ്റൊരു പ്രധാന സവിശേഷതയാണ് റീജനറേറ്റിവ് കൂളിങ് സംവിധാനം. എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന അതിശക്തമായ ചൂട് നിയന്ത്രിക്കാൻ ഇന്ധനം തന്നെ കൂളന്റായി ഉപയോഗിക്കുന്ന സംവിധാനമാണിത്. ഇന്ധനം ജ്വലന അറയില്‍ എത്തുന്നതിന് മുമ്പ് എൻജിന്റെ ചുവരുകളിലൂടെ കടന്നുപോകുകയും ചൂട് ആഗിരണം ചെയ്യുകയും ചെയ്യും. ഇതുവഴി എൻജിന്റെ താപനില നിയന്ത്രിക്കാം.
ഓർബിറ്റൽ അഡ്ജസ്റ്റ്മെന്റ് മൊഡ്യൂൾ
വിക്രം-1 റോക്കറ്റിന്റെ അവസാന ഘട്ടമാണ് ഓർബിറ്റൽ അഡ്ജസ്റ്റ്മെന്റ് മൊഡ്യൂൾ. ഉപഗ്രഹങ്ങളെ ലക്ഷ്യമിട്ട ഭ്രമണപഥത്തിൽ കൃത്യമായി എത്തിക്കുകയാണ് പ്രധാന ചുമതല. റോക്കറ്റിന്റെ ആദ്യ മൂന്ന് ഘട്ടങ്ങൾ ഖര ഇന്ധനമാണ് ഉപയോഗിക്കുന്നത്. നാലാമത്തെ ഘട്ടത്തിലാണ് ദ്രവ ഇന്ധന എൻജിനായ രാമൻ-2 പ്രവർത്തിക്കുന്നത്. ഇതിന് പുറമേ നാല് രാമൻ മിനി ത്രസ്റ്ററുകളും എട്ട് കോൾഡ് ഗ്യാസ് ത്രസ്റ്ററുകളും മൊഡ്യൂളിലുണ്ട്. റോക്കറ്റിന്റെ ദിശയും സ്ഥാനവും കൃത്യമായി നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു.
വിക്രം-1 രണ്ടാം ദൗത്യം
2026 ജൂലൈ 18നായിരുന്നു വിക്രം-1ന്റെ ആദ്യ വിക്ഷേപണം. 'മിഷൻ ആഗമൻ' എന്ന് പേരിട്ട ദൗത്യത്തിലൂടെ റോക്കറ്റ് ഏകദേശം 450 കിലോമീറ്റർ ഉയരത്തിലുള്ള ലോ എർത്ത് ഓർബിറ്റിലെത്തി ആറ് പേലോഡുകൾ വിന്യസിച്ചു. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ച ഓർബിറ്റൽ ക്ലാസ് റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിക്കുന്ന ആദ്യ ദൗത്യമായിരുന്നു ഇത്.
ഇതിന്റെ തുടർച്ചയായാണ് രണ്ടാം വിക്ഷേപണത്തിനുള്ള ഒരുക്കം നടക്കുന്നത്. ഡിസംബറിലോ 2027 ജനുവരി ആദ്യമോ രണ്ടാം പരീക്ഷണ വിക്ഷേപണം നടത്താനാണ് കമ്പനിയുടെ ലക്ഷ്യം. മൂന്നാം ദൗത്യം മുതൽ പൂർണമായും വാണിജ്യ വിക്ഷേപണങ്ങളിലേക്ക് കടക്കാനാണ് സ്കൈറൂട്ടിന്റെ പദ്ധതി.
ഇന്ത്യയുടെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് നിർണായകം
ഉപഗ്രഹ വിക്ഷേപണത്തിനായി വിദേശ രാജ്യങ്ങളെയും സർക്കാർ ബഹിരാകാശ ഏജൻസികളെയും ആശ്രയിക്കേണ്ട സാഹചര്യം കുറയ്ക്കാൻ സ്വകാര്യ റോക്കറ്റ് കമ്പനികളുടെ വളർച്ച സഹായിക്കും. ചെറിയ ഉപഗ്രഹങ്ങൾ വികസിപ്പിക്കുന്ന കമ്പനികൾക്ക് ആവശ്യാനുസരണം വിക്ഷേപണ സേവനം ലഭ്യമാക്കുന്നതും ചെലവും സമയവും കുറയ്ക്കുന്നതും ഈ മേഖലയിലെ പ്രധാന സാധ്യതകളാണ്. ഒരേ ദൗത്യത്തിൽ വ്യത്യസ്ത ഭ്രമണപഥങ്ങളിലേക്ക് ഉപഗ്രഹങ്ങളെ എത്തിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ വാണിജ്യ വിക്ഷേപണ രംഗത്തും സ്കൈറൂട്ടിന് നേട്ടമാകും.
രാമൻ-2ന്റെ അക്സപ്റ്റൻസ് ടെസ്റ്റ് വിജയം വിക്രം-1ന്റെ രണ്ടാം ദൗത്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ്. എന്നാൽ എൻജിൻ ടെസ്റ്റ് വിജയിച്ചതുകൊണ്ട് മാത്രം വിക്ഷേപണത്തിന് തയാറായി അർഥമില്ല. മൊഡ്യൂൾ സംയോജനം, ഇലക്ട്രിക്കൽ പരിശോധനകൾ, റോക്കറ്റിന്റെ സമഗ്രമായ പരീക്ഷണങ്ങൾ എന്നിവയും കൃത്യമായി പൂർത്തിയാകേണ്ടതുണ്ട്.