ഇന്ത്യയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ 2027-ൽ യാഥാർഥ്യമാകാനിരിക്കെ, അതിനപ്പുറമുള്ള ദീർഘകാല ബഹിരാകാശ പദ്ധതികൾക്കും ഐഎസ്ആർഒ തയ്യാറെടുക്കുകയാണ്. ഇതിന്‍റെ ഭാഗമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററില്‍ “ഗഗൻയാൻ നിവാസ്” എന്ന പേരിൽ അത്യാധുനിക ക്രൂ ഐസൊലേഷൻ സൗകര്യവും ബഹിരാകാശയാത്രികർക്കുള്ള താമസ സമുച്ചയവും സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഐഎസ്ആർഒ.

ഇതോടെ ഭാവിയിൽ ഇന്ത്യൻ ബഹിരാകാശയാത്രികർക്ക് പരിശീലനത്തിനും വിക്ഷേപണത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾക്കുമായി വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം കുറയും. ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതിയുടെ അടുത്തഘട്ട വളർച്ചയിൽ നിർണായക ചുവടുവയ്പ്പാണിത്

എന്താണ് ഗഗൻയാൻ നിവാസ്?

ബഹിരാകാശയാത്രികർ വിക്ഷേപണത്തിന് മുമ്പ് ആരോഗ്യപരമായും മാനസികമായും പരമാവധി സുരക്ഷിതരായിരിക്കേണ്ടതുണ്ട്. ചെറിയ അണുബാധ പോലും ദൗത്യത്തെ ബാധിക്കാനുള്ള സാധ്യതയുള്ളതിനാൽ, വിക്ഷേപണത്തിന് ദിവസങ്ങൾക്കുമുമ്പ് അവർ പ്രത്യേക ഐസൊലേഷൻ സംവിധാനത്തിൽ കഴിയാറുണ്ട്.

ഈ ആവശ്യത്തിനായി ശ്രീഹരിക്കോട്ടയിൽ ഒരുക്കുന്ന സമുച്ചയമാണ് ഗഗൻയാൻ നിവാസ്. ക്രൂ ക്വാർട്ടേഴ്സ്, മെഡിക്കൽ നിരീക്ഷണ കേന്ദ്രങ്ങൾ, ഫിറ്റ്നസ് സൗകര്യങ്ങൾ, മാനസികാരോഗ്യ പിന്തുണ സംവിധാനങ്ങൾ, പരിശീലന സൗകര്യങ്ങൾ എന്നിവ ഇതിന്‍റെ ഭാഗമാകും. ഭാവിയിൽ മനുഷ്യരെ ഉൾപ്പെടുത്തി നടത്തുന്ന എല്ലാ ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾക്കും ഈ കേന്ദ്രം പ്രധാന ആസ്ഥാനമായി മാറും.

ഗഗൻയാനും അപ്പുറമുള്ള ലക്ഷ്യങ്ങൾ

ഐഎസ്ആർഒയുടെ മനുഷ്യ ബഹിരാകാശ പദ്ധതിയുടെ ലക്ഷ്യം ഒരു ദൗത്യത്തിൽ മാത്രം ഒതുങ്ങുന്നില്ല. ഗഗൻയാൻ വിജയിച്ചാൽ ഇന്ത്യ സ്ഥിരമായി മനുഷ്യരെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ ചേരും. അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ തന്നെ ഒരുക്കുകയാണ് ഇസ്രോ

2035-ഓടെ ഇന്ത്യൻ ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040-ഓടെ ഇന്ത്യൻ ബഹിരാകാശയാത്രികനെ ചന്ദ്രനിൽ എത്തിക്കാനുമുള്ള ദൗത്യങ്ങള്‍ക്ക്  ഈ പദ്ധതി ഗുണം ചെയ്യും. അതിനാൽ ഗഗൻയാൻ നിവാസ് ഒരു കെട്ടിടം മാത്രമല്ല, ഇന്ത്യയുടെ ഭാവി ബഹിരാകാശ സ്വപ്നങ്ങളുടെ അടിത്തറ കൂടിയാണ്.

റഷ്യൻ പരിശീലനത്തിൽ നിന്ന് ഇന്ത്യൻ മോഡലിലേക്ക്

ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ സംഘത്തിലെ നാല് ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർ റഷ്യയിലെ യൂറി ഗഗാറിൻ കോസ്മൊണോട്ട് ട്രെയിനിങ് സെന്‍ററിലായിരുന്നു അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയത്. മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിൽ മുൻപരിചയമില്ലാത്തതിനാൽ വിദേശ സഹായം അന്ന് അനിവാര്യമായിരുന്നു.

എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഐഎസ്ആർഒ സ്വന്തമായി പരിശീലന സംവിധാനങ്ങൾ വികസിപ്പിച്ചു വരികയാണ്. ബെംഗളൂരുവിലെ ആസ്ട്രോണോട്ട് ട്രെയിനിങ് ഫസിലിറ്റിയോടൊപ്പം ശ്രീഹരിക്കോട്ടയിലെ ഗഗൻയാൻ നിവാസും പ്രവർത്തനക്ഷമമാകുന്നതോടെ ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ പദ്ധതിക്ക് ആവശ്യമായ പ്രധാന അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിനുള്ളിൽ തന്നെ ലഭ്യമാകും.

Also read: ആർട്ടെമിസില്‍ ഇന്ത്യയ്ക്കും ഇടം; നാസയുടെ ക്ഷണം വഴിതുറക്കുന്നത് പുതിയ സാധ്യതകൾക്ക്

ശ്രീഹരിക്കോട്ടയുടെ  പ്രാധാന്യം

ഇന്ത്യയുടെ എല്ലാ പ്രധാന റോക്കറ്റ് വിക്ഷേപണങ്ങളുടെ കേന്ദ്രമാണ് ശ്രീഹരിക്കോട്ട. എന്നാൽ മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ ആരംഭിക്കുന്നതോടെ പ്രാധാന്യം കൂടുതൽ വർധിക്കും.

റോക്കറ്റ് വിക്ഷേപണ കേന്ദ്രം മാത്രമല്ല, ബഹിരാകാശയാത്രികരുടെ അവസാനഘട്ട പരിശീലനം, ആരോഗ്യ പരിശോധന, ഐസൊലേഷൻ, ദൗത്യ നിയന്ത്രണം തുടങ്ങിയവയുടെ കേന്ദ്രമായും ശ്രീഹരിക്കോട്ട മാറും. അതിലൂടെ അമേരിക്കയിലെ കെനഡി സ്പേസ് സെന്‍റിന്‍റെയും റഷ്യയിലെ ബൈക്കണൂർ കോസ്മോഡ്രോമിനെയും പോലെ സമഗ്രമായ മനുഷ്യ ബഹിരാകാശ കേന്ദ്രമാകാനുള്ള ദിശയിലാണ് ഇന്ത്യയുടെ പ്രധാന സ്പേസ് പോർട്ട് മുന്നേറുന്നത്.

ഇന്ത്യയുടെ ബഹിരാകാശ സ്വപ്നങ്ങൾക്ക് പുതിയ വിലാസം

ചന്ദ്രയാൻ, മംഗൾയാൻ, സ്പെഡെക്സ് എന്നീ ദൗത്യങ്ങളുടെ വിജയങ്ങൾക്ക് പിന്നാലെ മനുഷ്യ ബഹിരാകാശയാത്രയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം പുതിയ ഘട്ടത്തിലെത്തുകയാണ്. ഗഗൻയാൻ നിവാസ് യാഥാർഥ്യമാകുന്നതോടെ ഇന്ത്യൻ ബഹിരാകാശയാത്രികരുടെ പരിശീലനം മുതൽ വിക്ഷേപണം വരെയുള്ള എല്ലാ നിർണായക ഘട്ടങ്ങളും രാജ്യത്തിനുള്ളിൽ തന്നെ നടത്താനാകും.സ്വയംപര്യാപ്ത ബഹിരാകാശ ശക്തിയാകാനുള്ള ഇന്ത്യയുടെ ദീർഘകാല ദൗത്യത്തിൽ, ഗഗൻയാൻ നിവാസ് ഒരു നിർണായക നാഴികക്കല്ലായി മാറുമെന്നതില്‍ സംശയമില്ല.

ENGLISH SUMMARY:

Gaganyaan Nivas is a new facility in Sriharikotta for Indian astronauts, marking a significant step in India's human spaceflight program. This advanced isolation facility and accommodation complex will support current and future space missions, reducing reliance on foreign countries for training and pre-launch preparations.