നമ്മുടെ ഭൂമിക്ക് ഒരു ചന്ദ്രനാണുള്ളത്. കോടിക്കണക്കിന് വർഷങ്ങളായി ഭൂമിയെ ചുറ്റുന്ന ചന്ദ്രൻ. എന്നാൽ ഇപ്പോഴിതാ ഭൂമിക്ക് മറ്റൊരു കൂട്ടാളി കൂടി എത്തിയിരിക്കുകയാണ്. അതും ബഹിരാകാശത്തുനിന്ന് അപ്രതീക്ഷിതമായെത്തിയ ഒരു കുഞ്ഞൻ അതിഥി. 2026 QQ8 എന്ന ചെറിയ ഛിന്നഗ്രഹമാണ് ഭൂമിയുടെ ഗുരുത്വാകർഷണ സ്വാധീനത്തിൽ എത്തിയിരിക്കുന്നത്. ഇത്തരത്തിൽ താൽക്കാലികമായി ഭൂമിയുടെ കൂട്ടാളികളായി മാറുന്ന ബഹിരാകാശ വസ്തുക്കളെയാണ് മിനി മൂൺ അഥവാ കുഞ്ഞൻ ചന്ദ്രൻ എന്ന് വിളിക്കുന്നത്.
എന്താണ് 2026 QQ8?: 2026 ഓഗസ്റ്റ് 20ന് ഹംഗേറിയൻ ജ്യോതിശാസ്ത്രജ്ഞനായ ക്രിസ്റ്റിയാൻ സാർനെസ്കിയാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. എന്നാൽ പിന്നീട് നടത്തിയ പഠനങ്ങളിൽ ഏപ്രിൽ അവസാനത്തോടെ തന്നെ ഇത് ഭൂമിയുടെ ഗുരുത്വാകർഷണ സ്വാധീനത്തിൽ എത്തിയതായി വ്യക്തമായി.
വെറും ഒരു മീറ്ററോളം മാത്രമാണ് ഇതിന്റെ വലുപ്പം. ആദ്യം ഇത് പഴയ റോക്കറ്റിന്റെയോ ഉപഗ്രഹത്തിന്റെയോ അവശിഷ്ടമാണെന്ന സംശയമുണ്ടായിരുന്നു. ഹവായ് സർവകലാശാലയുടെയും ലോവൽ ഒബ്സർവേറ്ററിയുടെയും ടെലിസ്കോപ്പുകൾ ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളാണ് ഇതൊരു പ്രകൃതിദത്ത ഛിന്നഗ്രഹമാണെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചത്.
എങ്ങനെയാണ് മിനി മൂൺ രൂപപ്പെടുന്നത്?: സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന അനേകം ഛിന്നഗ്രഹങ്ങളുണ്ട്. ഇവയിൽ ചിലത് ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകാറുണ്ട്. അങ്ങനെ എത്തുന്ന ഒരു ചെറിയ ഛിന്നഗ്രഹത്തിന്റെ സഞ്ചാരത്തെ ഭൂമിയുടെ ഗുരുത്വാകർഷണം ശക്തമായി സ്വാധീനിക്കുമ്പോൾ, അത് താൽക്കാലികമായി ഭൂമിയുമായി ബന്ധമുള്ള സഞ്ചാരപഥത്തിലേക്ക് മാറാം.ഇത്തരത്തിൽ ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ താൽക്കാലികമായി പിടിക്കപ്പെടുന്ന വസ്തുക്കളെയാണ് മിനി മൂൺ എന്ന് വിളിക്കുന്നത്. എന്നാൽ എല്ലാ മിനി മൂണുകളും നമ്മുടെ ചന്ദ്രനെപ്പോലെ സ്ഥിരമായ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലൂടെ സഞ്ചരിക്കണമെന്നില്ല.
2026 QQ8 ന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണ്. ഭൂമിയുടെ ഗുരുത്വാകർഷണത്തിന് ചെറിയ വസ്തുക്കളുടെ ചലനത്തിൽ നിർണായക സ്വാധീനം ചെലുത്താൻ കഴിയുന്ന ഹിൽ സ്ഫിയർ എന്ന മേഖലയിലേക്ക് ഛിന്നഗ്രഹം പ്രവേശിച്ചു. ഇതോടെ ഭൂമിയെ ചുറ്റിയുള്ള അസാധാരണമായ സഞ്ചാരപഥത്തിലേക്ക് അത് മാറി.
ഭൂമിക്ക് ഭീഷണിയുണ്ടോ?: പുതിയൊരു ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തെത്തിയെന്ന വാർത്ത കേൾക്കുമ്പോൾ സ്വാഭാവികമായും ഉയരുന്ന ചോദ്യമാണിത്. എന്നാൽ നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം 2026 QQ8 ഭൂമിക്ക് കൂട്ടിയിടി ഭീഷണി ഉയർത്തുന്നില്ല. ഭൂമിയിൽനിന്ന് ലക്ഷക്കണക്കിന് കിലോമീറ്റർ അകലെയാണ് ഈ ചെറിയ ബഹിരാകാശ വസ്തു സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
എത്രകാലം ഭൂമിക്കൊപ്പം?: ഈ കുഞ്ഞൻ ചന്ദ്രൻ ഭൂമിക്കൊപ്പം എന്നെന്നേക്കുമായി ഉണ്ടാകില്ല. 2026 ഡിസംബറോടെ ഭൂമിയുടെ താൽക്കാലിക ഗുരുത്വാകർഷണ പിടിയിൽനിന്ന് പുറത്തുകടക്കുമെന്നാണ് നിലവിലെ പ്രവചനങ്ങൾ.പിന്നീട് സൂര്യനെ ചുറ്റിയുള്ള സ്വന്തം സഞ്ചാരം തുടരും. ഭാവിയിൽ വീണ്ടും ഭൂമിയുടെ സമീപത്തുകൂടി കടന്നുപോകാനും സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ശാസ്ത്രജ്ഞർക്ക് ഏറെ പ്രധാനമാണ്. ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളുടെ സ്വഭാവം, സഞ്ചാരപഥം, ഗുരുത്വാകർഷണത്തിന്റെ സ്വാധീനം എന്നിവ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ ഇത്തരം പഠനങ്ങൾ സഹായിക്കും.