ചന്ദ്രനിലേക്ക് പോകുന്ന ഒരു ഉപഗ്രഹം നിർമ്മിക്കുന്ന ടീമില്‍ ഇടംനേടിയ ഇന്ത്യൻ വിദ്യാർഥിനികളില്‍ ഒരാള്‍ ആ പദ്ധതിപോലെ തന്നെ വാര്‍ത്തയാവുകയാണ്. അതും ഒരു സർക്കാർ സ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസുകാരി . ആന്ധ്രാപ്രദേശിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് ലോക ബഹിരാകാശ രംഗത്തേക്ക് ചുവടുവെക്കുകയാണ് 14-കാരിയായ കണ്ടുല ജെസ്സി. ലോകത്തിലെ പെണ്‍കുട്ടികള്‍ മാത്രം പങ്കെടുക്കുന്ന ആദ്യത്തെ ലൂണാർ CubeSat പദ്ധതിയായ Mission ShakthiSAT ലേക്കാണ് ജെസ്സി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 108 രാജ്യങ്ങളിൽ നിന്നായി ഏകദേശം 12,000 വിദ്യാർഥിനികളാണ് പദ്ധതിക്കായി അപേക്ഷിച്ചത്. അതിൽ നിന്ന് ഇന്ത്യയിൽ തിരഞ്ഞെടുക്കപ്പെട്ടത് വെറും 20 പേർ. ആന്ധ്രാപ്രദേശിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക വിദ്യാർഥിനി – കണ്ടുല ജെസ്സി.
ജെസ്സിയുടെ അച്ഛൻ ഒരു ആശാരിയാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വകാര്യ സ്കൂളിലെ പഠനം ഉപേക്ഷിച്ച് സർക്കാർ സ്കൂളിലേക്ക് മാറേണ്ടിവന്നു. പലർക്കും അത് ഒരു തിരിച്ചടിയായേക്കാം. എന്നാൽ ജെസ്സിക്ക് അത് ജീവിതത്തിലെ ഏറ്റവും വലിയ അവസരമായി. സ്കൂളിലെ അധ്യാപകർ അവളുടെ ശാസ്ത്രതാൽപര്യം തിരിച്ചറിഞ്ഞു. തുടർന്ന് Mission ShakthiSAT-ലേക്ക് അപേക്ഷിക്കാൻ പ്രോത്സാഹിപ്പിച്ചു. അതോടെയാണ് ജീവിതം മറ്റൊരു ദിശയിലേക്ക് തിരിഞ്ഞത്. സ്വപ്നങ്ങൾക്ക് സാമ്പത്തിക സ്ഥിതിയോ പഠിക്കുന്ന സ്കൂളോ ഒരിക്കലും തടസ്സമല്ലെന്ന് വീണ്ടും തെളിയിക്കുകയാണ് ഈസ്റ്റ് ഗോദാവരി ജില്ലയിലെ ഡൗളേശ്വരത്തെ സർക്കാർ സ്കൂളിൽ പഠിക്കുന്ന ജെസ്സി
താണ്ടിയ വഴികള്‍
550-ലധികം ഓൺലൈൻ ക്ലാസുകൾ. 21 പരിശീലന മോഡ്യൂളുകൾ. ഉപഗ്രഹങ്ങളുടെ പ്രവർത്തനം മുതൽ ബഹിരാകാശ ദൗത്യങ്ങളുടെ ആസൂത്രണം വരെ നിരവധി വിഷയങ്ങൾ ജെസ്സി പഠിച്ചു. അഭിമുഖങ്ങളും സാങ്കേതിക വിലയിരുത്തലുകളും വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടികയിൽ ഇടം നേടിയത്. ഇനി ഓഗസ്റ്റ് മുതൽ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന പ്രത്യേക പരിശീലന ക്യാംപിലാണ് അടുത്ത ഘട്ടം. അവിടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികൾ ഒരുമിച്ച് ചന്ദ്രദൗത്യത്തിനായി ഒരു CubeSat രൂപകൽപ്പന ചെയ്യും. ഉപഗ്രഹത്തിന്റെ രൂപകൽപ്പന, പേലോഡ്, ടെസ്റ്റിംഗ്, മിഷൻ ഓപ്പറേഷൻസ് തുടങ്ങി എല്ലാ ഘട്ടങ്ങളിലും അവർ നേരിട്ട് പങ്കാളികളാകും.
എന്താണ് CubeSat?
ചെറിയ ക്യൂബ് ആകൃതിയിലുള്ള മിനി ഉപഗ്രഹങ്ങളെയാണ് CubeSat എന്ന് വിളിക്കുന്നത്. വലിപ്പം ചെറുതാണെങ്കിലും ബഹിരാകാശ ഗവേഷണത്തിലും പുതിയ സാങ്കേതികവിദ്യകളുടെ പരീക്ഷണങ്ങളിലും ഇവ വലിയ പങ്ക് വഹിക്കുന്നു. കുറഞ്ഞ ചെലവിൽ നിർമിക്കാനാകുന്നതിനാൽ ലോകത്തെ നിരവധി ബഹിരാകാശ ഏജൻസികളും സർവകലാശാലകളും ഇന്ന് CubeSat സാങ്കേതികവിദ്യയാണ് വ്യാപകമായി ഉപയോഗിക്കുന്നത്.
Mission ShakthiSAT-ന്റെ ലക്ഷ്യം ഒരു ഉപഗ്രഹം വിക്ഷേപിക്കുക മാത്രമല്ല.ലോകമെമ്പാടുമുള്ള പെൺകുട്ടികളെ ശാസ്ത്രത്തിലും ബഹിരാകാശ സാങ്കേതികവിദ്യയിലും കൂടുതൽ സജീവമാക്കുക എന്ന സന്ദേശം കൂടിയാണ് ഈ ദൗത്യം മുന്നോട്ടുവയ്ക്കുന്നത്. ഒരു സാധാരണ കുടുംബത്തിൽ നിന്ന് അസാധാരണ സ്വപ്നങ്ങളുമായി മുന്നേറുന്ന കണ്ടുല ജെസ്സിയുടെ ദൃഢനിശ്ചയം നമുക്ക് നല്‍കുന്ന പാഠം ചെറുതല്ല. നമ്മിലെ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ അതിരുകള്‍ ഭേദിച്ച് പറക്കാന്‍ അവസരങ്ങള്‍ കരുത്തുപകരും... സ്വപ്നങ്ങൾ വലുതാണെങ്കിൽ, ലക്ഷ്യവും ആകാശത്തിനപ്പുറത്തേക്ക് വലുതാവും..