ലോകത്തെ ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ജിയോ (ഭൂസ്ഥിര) ഇമേജിംഗ് ഉപഗ്രഹവും ഭൂസ്ഥിര ഭ്രമണപഥത്തില്‍ നില്‍ക്കുന്ന ആദ്യത്തെ ഹൈപ്പർസ്പെക്ട്രൽ ഇമേജറും വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എൽവി-എഫ്17 റോക്കറ്റിലേറിയാണ് ജിഐസാറ്റ്-1എ അഥവാ ഇഒഎസ്-05 ഉപഗ്രഹം ബഹിരാകാശത്ത് എത്തിയത്.
ജിഎസ്എൽവി-എഫ്17 ഇഒഎസ്-05 നെ 28,934 കിലോമീറ്റർ ഉയരത്തില്‍ (apogee) ഉള്ള ട്രാൻസ്ഫർ ഭ്രമണപഥത്തിൽ എത്തിക്കുമെന്നാണ് മിഷന്‍ ടീം പ്രതീക്ഷിച്ചിരുന്നത്. അവിടെ നിന്ന് ഉപഗ്രഹത്തിലുള്ള പ്രൊപ്പല്ലന്റും ത്രസ്റ്ററുകളും ഉപയോഗിച്ച് 35,786 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ജിഎസ്എൽവിയുടെ ക്രയോജനിക് മൂന്നാം ഘട്ടം പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവച്ചതോടെ ഉപഗ്രഹം വിക്ഷേപണ ഘട്ടത്തില്‍ത്തന്നെ 31,026 കിലോമീറ്റർ അപ്പോജി കൈവരിച്ചു.
ജിഎസ്എൽവിക്ക് 2,250 കിലോ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിയും. എന്നാല്‍ ഇഒഎസ്-05ന് 2,367 കിലോഗ്രാം ഭാരമുണ്ട്. എന്നിട്ടും 2,092 കിലോമീറ്റർ അധികം ഉയരത്തില്‍ ഉപഗ്രഹത്തെ എത്തിക്കാന്‍ കഴിഞ്ഞു. ഇതിനായി ജിഎസ്എൽവിയുടെ മൂന്നാം ഘട്ടം മുഴുവന്‍ പ്രൊപ്പല്ലന്റും തീരുന്നതുവരെ പ്രവർത്തിപ്പിക്കുകയും ഉപഗ്രഹത്തെ പരമാവധി ദൂരത്തേക്ക് എത്തിക്കുകയുമായിരുന്നു.
ജിഎസ്എൽവി പ്രതീക്ഷിച്ചതിലും ഉയർന്ന അപ്പോജി കൈവരിച്ചത് ഐഎസ്ആര്‍ഒയ്ക്ക് നേട്ടമായി. കാരണം ഇഒഎസ്-05 ന് ഭൂസ്ഥിര (ജിയോ) ഭ്രമണപഥത്തിലെത്താന്‍ സ്വന്തം പ്രൊപ്പല്ലന്റ് കുറച്ചുമാത്രം ഉപയോഗിച്ചാൽ മതി. ജിയോയിൽ എത്തുമ്പോൾ കൂടുതൽ പ്രൊപ്പല്ലന്റ് അവശേഷിക്കുകയും ചെയ്യും. ഈ അധിക പ്രൊപ്പല്ലന്റ് പിന്നീട് സ്റ്റേഷൻകീപ്പിംഗിനും ആറ്റിറ്റ്യൂഡ് നിയന്ത്രണത്തിനുമായി ഉപയോഗിക്കാം. ഇത് ഇഒഎസ്-05 ന്റെ ആയുസ് വര്‍ധിപ്പിക്കും. ഏഴുവര്‍ഷമാണ് ഉപഗ്രഹത്തിന് പ്രതീക്ഷിച്ചിരുന്ന ആയുസ്. ഇനി ഇത് 10 വര്‍ഷം വരെ നീട്ടിയെടുക്കാന്‍ കഴിയുമെന്നാണ് മിഷന്‍ ടീമിന്‍റെ പ്രതീക്ഷ.
ഹൈപ്പർസ്പെക്ട്രൽ ഇമേജറുകൾ (×2) വഹിക്കുന്ന ലോകത്തിലെ ഏറ്റവും ആദ്യത്തെ ജിയോസ്റ്റേഷണറി ഉപഗ്രഹമാണ് ജിഐസാറ്റ്-1എ അഥവാ ഇഒഎസ്-05. 2021 ഓഗസ്റ്റിൽ പരാജയപ്പെട്ട ജിഎസ്എൽവി-എഫ്10 (GSLV-F10) ദൗത്യത്തിൽ നഷ്ടപ്പെട്ട ജിഐസാറ്റ്-1 (GISAT-1) ഉപഗ്രഹത്തിന്റെ പിൻഗാമിയും പകരക്കാരനുമാണ് ജിഐസാറ്റ്-1എ.
ജിഐസാറ്റ്-1എ രണ്ട് മൾട്ടിസ്പെക്ട്രൽ ഇമേജറുകള്‍ വഹിക്കുന്നുണ്ട്; അതിലൊന്ന്, ഒരു പിക്സലിന് 42 മീറ്റർ എന്ന സ്പേഷ്യൽ റെസല്യൂഷനോടെ, ജിയോസ്റ്റേഷണറി ഭ്രമണപഥത്തിലെ എക്കാലത്തെയും ഏറ്റവും ഉയർന്ന റെസല്യൂഷനുള്ള ക്യാമറയാണ്. ഇത് ഐഎസ്ആർഒയുടെ നിലവിലെ ഏറ്റവും മികച്ച ജിയോ ഇമേജിംഗ് ശേഷിയേക്കാൾ 567 മടങ്ങ് മെച്ചപ്പെട്ട പിക്സൽ ഡെൻസിറ്റി നൽകും!