vikram-01
  • ഐഎസ്ആർഒയുടെ കുത്തകയായിരുന്ന ബഹിരാകാശ വിക്ഷേപണ മേഖലയിലേക്ക് ഇന്ത്യയുടെ സ്വകാര്യ മേഖല നൽകുന്ന കരുത്തുറ്റ വരവാണ് ഈ റോക്കറ്റ്.

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു അധ്യായം രചിച്ചുകൊണ്ട് രാജ്യത്തിന്റെ ആദ്യ സ്വകാര്യ റോക്കറ്റ് ‘വിക്രം–1’ വിജയകരമായി ഭ്രമണപഥത്തിൽ. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈറൂട്ട് എയറോസ്പേസ് വികസിപ്പിച്ച റോക്കറ്റ്, 'മിഷൻ ആഗമൻ' എന്ന പേരിലാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ (SDSC) ഒന്നാമത്തെ വിക്ഷേപണത്തറയിൽ നിന്നാണ് ഈ ചരിത്രനേട്ടം കൈവരിച്ചത്.

ദൗത്യം വിജയിച്ചെന്നു ഐഎസ്ആർഒയുടെ വാണിജ്യ വിഭാഗമായ ഇൻസ്പേസിന്റെ ചെയർമാൻ ഡോ. പവൻ കുമാർ ഗോയങ്ക 12.25നു അറിയിച്ചു. വിജയം പ്രഖ്യാപിച്ചതിനു പിന്നാലെ വേദിയിൽ വച്ചു പവൻ കുമാർ ഗോയങ്കയുടെ ഫോണിൽ വിളിച്ചു സ്കൈറൂട്ട് ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 8 മിനിറ്റോളം പ്രധാനമന്ത്രി സംസാരിച്ചു.

വിക്ഷേപണത്തിനു സാക്ഷിയാകാൻ ഐഎസ്ആർഒ ചെയർമാൻ വി.നാരായണൻ, മുൻ ചെയർമാൻമാരായ ‍ഡോ. എസ്.സോമനാഥ്, ഡോ. കെ.രാധാകൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്്റ്റൻ ശുഭാംശു ശുക്ല എന്നിവർ സതീഷ് ധവാൻ സ്പേസ് സെന്ററിലെത്തിയിരുന്നു.

മിഷൻ ആഗമൻ: പ്രധാന സവിശേഷതകൾ : ഐഎസ്ആർഒയുടെ കുത്തകയായിരുന്ന ബഹിരാകാശ വിക്ഷേപണ മേഖലയിലേക്ക് ഇന്ത്യയുടെ സ്വകാര്യ മേഖല നൽകുന്ന കരുത്തുറ്റ വരവാണ് ഈ റോക്കറ്റ്. സാങ്കേതിക മികവ്: 24 മീറ്റർ ഉയരമുള്ള വിക്രം–1, 350 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ളതാണ്. പൂർണമായും കാർബൺ കോംപോസിറ്റ് മെറ്റീരിയൽ ഉപയോഗിച്ച് നിർമിച്ച രാജ്യത്തെ ആദ്യ റോക്കറ്റ് കൂടിയാണിത്. വിക്ഷേപണം: 11.30-ന് നിശ്ചയിച്ചിരുന്ന വിക്ഷേപണം ചെറിയ സാങ്കേതിക തടസ്സത്തെത്തുടർന്ന് കൗണ്ട്‌ഡൗൺ നിർത്തിവെച്ചിരുന്നു. എന്നാൽ, തടസ്സങ്ങൾ പരിഹരിച്ച് 12.05-ഓടെ കൃത്യതയോടെ വിക്രം–1 കുതിച്ചുയർന്നു.

ബഹിരാകാശത്തേക്ക് ഒരു സന്ദേശം: ഏഴ് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള നിർണായക വിവരങ്ങൾ ഉൾക്കൊള്ളുന്ന പേലോഡുകളാണ് റോക്കറ്റ് വഹിക്കുന്നത്. ഇതിൽ ജർമ്മനിയിൽ നിന്നുള്ള നാല് പ്രധാന ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. വെറും സാങ്കേതിക പേലോഡുകൾ മാത്രമല്ല, ഇന്ത്യയുടെ അഭിമാനകരമായ ചില വസ്തുക്കളും ഈ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തെത്തി. പ്രധാനമന്ത്രിയുടെ കൈയൊപ്പടക്കം ഇന്ത്യയുടെ അഭിമാന നിമിഷങ്ങളെ ഓർമിപ്പിക്കുന്ന വസ്തുക്കൾ. 18 കാരറ്റ് സ്വർണത്തിൽ നിർമിച്ച സി.വി. രാമൻ, വിക്രം സാരാഭായ്, എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ മിനിയേച്ചർ രൂപങ്ങൾ. കോസ്മോസ് ഡയമണ്ട്സിന്റെ 'കോസ്മിക് ബ്ലൂ' എന്ന ആർട്ട് വർക്കും പേലോഡിനൊപ്പമുണ്ട്.

ഐഎസ്ആർഒയുടെ മേൽനോട്ടത്തിൽ ഇന്ത്യ നടത്തിയിരുന്ന ബഹിരാകാശ ദൗത്യങ്ങൾക്ക്, സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പുതിയ മാനങ്ങൾ കൈവന്നിരിക്കുകയാണ്. ബഹിരാകാശ സാങ്കേതികവിദ്യയിൽ ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ സുഭദ്രമാക്കാൻ ഈ സ്വകാര്യ റോക്കറ്റ് വിക്ഷേപണം സഹായകമാകും.

ENGLISH SUMMARY:

India has scripted a new chapter in its space history with the successful orbital launch of the country's first privately developed rocket, Vikram-1. Developed by Hyderabad-based Skyroot Aerospace, the rocket was launched as part of Mission Aagman. The historic achievement was acc