Image: NASA
ആർട്ടെമിസ് III ദൗത്യത്തിനായുള്ള ബഹിരാകാശ സഞ്ചാരികളെ പ്രഖ്യാപിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നാലംഗ സംഘത്തെയാണ് നാസ പ്രഖ്യാപിച്ചിരിക്കുന്നത്. നാസയുടെ തന്നെ ബഹിരാകാശ സഞ്ചാരിയായ ലാൻഡി ബ്രെസ്നിക് ആണ് ദൗത്യത്തിന്റെ കമാൻഡര്‍. ഇറ്റാലിയൻ ബഹിരാകാശ ഏജൻസി (എഎസ്ഐ) യില്‍ നിന്നുള്ള ലൂക്കാ പാർമിറ്റാനോ ആണ് പൈലറ്റ്. 300-ലധികം ദിവസങ്ങൾ ബഹിരാകാശത്ത് ചിലവഴിച്ച വ്യക്തിയാണ് ലൂക്കാ. ആന്ദ്രേ ഡഗ്ലസ് (മിഷൻ സ്പെഷലിസ്റ്റ്), സ്റ്റ്ഫ്രാങ്ക് റൂബിയോ (മിഷൻ സ്പെഷലിസ്റ്റ്) എന്നിവരാണ് മറ്റ് ക്രൂ അംഗങ്ങള്‍. ബാക്കപ്പ് ക്രൂ മെമ്പറായി ബോബ് ഹീന്റ്സുമുണ്ട്. ദൗത്യത്തില്‍ വനിതകളില്ല.
നാസയുടെ മൂൺ ടു മാഴ്സ് പ്രോഗ്രാമിന്‍റെ ആക്ടിങ് അസിസ്റ്റന്റ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്ററായ ജെറമി പാർസൺസ് പറയുന്നത് പ്രകാരം ആർട്ടെമിസ് III ഒരു പരീക്ഷണ പറക്കലായിരിക്കും. അടുത്ത വർഷം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം. ഏകദേശം രണ്ട് ആഴ്ചയോളം നീണ്ടുനിൽക്കുന്നതായിരിക്കും ദൗത്യം. തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ തിരിച്ചിറങ്ങും.
ബഹിരാകാശത്ത് വെച്ച് സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ എന്നീ സ്വകാര്യ കമ്പനികളുടെ ലാൻഡറുകളുമായി ഒറിയോൺ പേടകത്തെ ഡോക്ക് ചെയ്യുന്ന പരീക്ഷണമാണ് ദൗത്യത്തിൽ പ്രധാനമായും നടക്കുക. മാത്രമല്ല ഭാവിയില്‍ ചന്ദ്രോപരിതലത്തിൽ മനുഷ്യര്‍ക്ക് കൂടുതൽ സുരക്ഷിതമായി ഇറങ്ങുന്നതിന് ആവശ്യമായ സാങ്കേതികവിദ്യകൾ, ആശയവിനിമയ സംവിധാനങ്ങൾ, നാവിഗേഷൻ, ഊർജ്ജ സംവിധാനങ്ങൾ എന്നിവയെല്ലാം ദൗത്യത്തില്‍ പരീക്ഷിക്കും. ആർട്ടെമിസ് II ദൗത്യം ചന്ദ്രനെ വലംവെച്ച് വിജയകരമായി തിരിച്ചെത്തിയത് നാസയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്ക് കൂടിയുള്ള അടിത്തറയായിട്ടാണ് നാസ ആർട്ടെമിസ് III ദൗത്യത്തെ കാണുന്നത്.
അതേസമയം, ബഹിരാകാശ ഗവേഷണ രംഗത്ത് വലിയ മല്‍സരങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് നാസയുടെ ആർട്ടെമിസ് III ദൗത്യം. ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനും അവിടെ സ്ഥിരമായ ഒരു ബേസ് നിര്‍മിക്കാനുമാണ് നാസയും അമേരിക്കയും ലക്ഷ്യമിടുന്നത്. 2028ല്‍ ആർട്ടെമിസ് IV ദൗത്യത്തിലൂടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനാണ് നാസയുടെ ലക്ഷ്യം. 2030 ഓടെ ചന്ദ്രനിലിറങ്ങാന്‍ ചൈനയും പദ്ധതിയിടുന്നുണ്ട്. ചൈനയ്ക്ക് ഒരു മുഴം മുന്നേ നീങ്ങാനാണ് അമേരിക്ക ശ്രമിക്കുന്നത്. 2036-ഓടെ റഷ്യയുമായി ചേർന്ന് ചന്ദ്രനിൽ പവർ സ്റ്റേഷൻ നിർമ്മിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. ആളില്ലാ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യയാകട്ടെ 2040-ഓടെ ചന്ദ്രനിൽ മനുഷ്യനെ ഇറക്കാൻ പദ്ധതിയിടുകയാണ്.