1969 ജൂലൈ 20 നാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തുന്നത്. അപ്പോളോ 11 ദൗത്യത്തില്‍, നീൽ ആംസ്ട്രോങ്, എഡ്വിൻ ആൾഡ്രിൻ, മൈക്കൽ കോളിൻസ് എന്നിവരായിരുന്നു ബഹിരാകാശ യാത്രികര്‍. അന്ന് നീൽ ആംസ്ട്രോങ്ങിനെയും എഡ്വിൻ ആൾഡ്രിനെയും ചന്ദ്രനിൽ ഇറക്കാന്‍ നാസയ‌്ക്ക് വേണ്ടി വന്നത് 4 ലക്ഷം ജീവനക്കാരെയാണ്. എന്നാല്‍ ആ ചരിത്ര ദൗത്യം ഒരു തട്ടിപ്പാണെന്ന് പ്രചരിപ്പിക്കാന്‍ വെറും ഒരു മനുഷ്യനെക്കൊണ്ട് സാധിച്ചു... അയാളുടെ പേരാണ് ബിൽ കെയ്‌സിങ്!
1956 നും 1963 നും ഇടയിൽ നാസയ്ക്കുവേണ്ടി സാറ്റേൺ V റോക്കറ്റ് എന്‍ജിനുകൾ രൂപകൽപ്പന ചെയ്യാൻ സഹായിച്ച കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം. 1976 ല്‍ അദ്ദേഹം ഒരു ലഘുലേഖ സ്വയം പ്രസിദ്ധീകരിച്ചു. ‘വീ നെവർ വെന്റ് ടു ദി മൂൺ: അമേരിക്കാസ് തേർട്ടി ബില്യൺ ഡോളർ സ്വിൻഡിൽ’. ആ ലേഖനത്തില്‍ അയാള്‍ നിരത്തിയതാകട്ടെ പരിഹാസ്യമായ കുറേ സിദ്ധാന്തങ്ങളും. കെയ്‌സിങിന്‍റെ അവകാശവാദം ആളിക്കത്തി. ആ വാദത്തിന്‍റെ ചുവടുപിടിച്ച് സിനിമകളുണ്ടായി, ഡോക്യുമെന്ററികള്‍ വന്നു, റെഡ്ഡിറ്റ് ഫോറങ്ങളിലും യൂട്യൂബ് ചാനലുകളിലും ആ ചര്‍ച്ചകള്‍ ഇന്നും തുടരുന്നു.
ചന്ദ്രന്‍ മനുഷ്യനില്‍ കാലുകുത്തി എന്ന് സ്ഥിരീകരിച്ചത് അമേരിക്ക മാത്രമല്ല. റഷ്യ, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളും സ്ഥിരീകരിച്ചിരുന്നു. ആറ് ദൗത്യങ്ങളിലായി ശേഖരിച്ച 382 കിലോഗ്രാം ചാന്ദ്രശിലകള്‍, ബഹിരാകാശയാത്രികർ ചന്ദ്രോപരിതലത്തിൽ സഞ്ചരിച്ച ട്രാക്കുകൾ കാണിക്കുന്ന നാസയൂടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിൽ നിന്നുള്ള ചിത്രങ്ങൾ എന്നിങ്ങനെ തെളിവുകൾ ഉണ്ടായിരുന്നിട്ടും ഈ ഗൂഢാലോചന വളർന്നു. ഒരു കള്ളം അങ്ങിനെ യഥാർഥ ബോധ്യമായി, വസ്തുതയായി...
ചന്ദ്രനിലേക്ക് എത്താനും തിരിച്ച് ഭൂമിയിലെത്താനുമുള്ള സാങ്കേതിക വൈദഗ്ദ്ധ്യം യുഎസിന് ഇല്ലെന്നായിരുന്നു കെയ്സിങിന്‍റെ വാദം. യുഎസ് സർക്കാർ പുറത്തിറക്കിയ ചന്ദ്രനിൽ ഇറങ്ങുന്നതിന്റെ ചിത്രങ്ങളിൽ നക്ഷത്രങ്ങൾ ഇല്ലാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു. നിഴലുകൾ വീഴുന്ന രീതി എടുത്തുകാണിച്ചു. ചന്ദ്രനിൽ അന്തരീക്ഷമില്ലാതിരുന്നിട്ടും അമേരിക്കൻ പതാക പാറുന്നത് സ്റ്റുഡിയോയിൽ വെച്ച് ചിത്രീകരിച്ചത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ലൂണാർ മോഡ്യൂൾ ചന്ദ്രനിൽ ഇറങ്ങിയപ്പോൾ എഞ്ചിനിൽ നിന്നുള്ള മർദ്ദം കാരണം അവിടെ ഒരു കുഴി രൂപപ്പെടേണ്ടതായിരുന്നു, എന്നാൽ ചിത്രങ്ങളിൽ ഉപരിതലം നിരപ്പായി കാണപ്പെടുന്നു എന്നത് അദ്ദേഹം സംശയമായി ഉന്നയിച്ചു.
എന്നാല്‍ ‘L’ ആകൃതിയിലുള്ള കമ്പി ഉപയോഗിച്ചാണ് പതാക നേരെ നിര്‍ത്തിയതെന്നും ബഹിരാകാശ സഞ്ചാരികൾ കൊടി മണ്ണിൽ ഉറപ്പിക്കുമ്പോൾ ഉണ്ടാകുന്ന വിറയൽ വായുവിന്റെ പ്രതിരോധം ഇല്ലാത്തതിനാൽ കുറെ നേരം നിലനിൽക്കും. ഇതാണ് കൊടി പാറുന്നതായി തോന്നിക്കാൻ കാരണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട്. ക്യാമറയുടെ എക്സ്പോഷർ (Exposure) ക്രമീകരിച്ചിരിക്കുന്നത് നക്ഷത്രങ്ങളെ കാണാന്‍ കഴിയാത്തത്. ചന്ദ്രോപരിതലം നിരപ്പായ ഒന്നല്ല. കുന്നുകളും കുഴികളും നിറഞ്ഞതാണ്. നിരപ്പല്ലാത്ത ഉപരിതലത്തിൽ പ്രകാശം വീഴുമ്പോൾ നിഴലുകൾ വളഞ്ഞും വ്യത്യസ്ത ദിശകളിലും കാണപ്പെടുന്നത് സ്വാഭാവികമാണ്. കൂടാതെ സൂര്യപ്രകാശം ചന്ദ്രോപരിതലത്തിൽ തട്ടി പ്രതിഫലിക്കുന്നതും (Reflected light) നിഴലുകളുടെ രൂപത്തെ ബാധിക്കും. ഭൂമിയിലെ പോലെ വായു മർദ്ദം ഇല്ലാത്തതിനാൽ റോക്കറ്റ് എഞ്ചിനിൽ നിന്നുള്ള വാതകങ്ങൾ താഴേക്ക് മാത്രം കേന്ദ്രീകരിക്കാതെ ചുറ്റിലേക്കും വ്യാപിക്കുന്നു. കൂടാതെ ചന്ദ്രനിലെ മണ്ണ് (Regolith) വളരെ കട്ടിയുള്ളതുമാണ്. അതിനാൽ വലിയൊരു കുഴി രൂപപ്പെടാനുള്ള മർദ്ദം അവിടെ അനുഭവപ്പെട്ടില്ല. എങ്കിലും എഞ്ചിന് തൊട്ടുതാഴെ ഉണ്ടായിരുന്ന പൊടിപടലങ്ങൾ നീക്കം ചെയ്യപ്പെട്ടതായി ചിത്രങ്ങളിൽ വ്യക്തമാണ്. എന്നിട്ടുപോലും 2005-ൽ മരിക്കുന്നതുവരെ അപ്പോളോ 11 ദൗത്യം മുഴുവൻ കാര്യവും ഒരു ടിവി സ്റ്റുഡിയോയിൽ ചിത്രീകരിച്ചതാണെന്ന് കെയ്സിങ് വാദിച്ചു.
മറ്റൊരു വാദം യുഎസ്എസ്ആറുമായി ബന്ധപ്പെട്ടതാണ്. 1957 ലാണ് ഒക്ടോബറിൽ സോവിയറ്റ് യൂണിയൻ സ്പുട്നിക് 1 വിക്ഷേപിച്ചത്. ഒരു മാസത്തിനുശേഷം ലൈക എന്ന നായയെ സ്പുട്നിക് 2 ല്‍ ബഹിരാകാശത്തെത്തിച്ചു. ഇതെല്ലാം കഴിഞ്ഞാണ് 1958 ൽ നാസ സ്ഥാപിതമാകുന്നത്. 1961ല്‍ നാസ അലൻ ഷെപ്പേർഡിനെ ബഹിരാകാശത്തെത്തിച്ചു. പിന്നാലെ ഈ ദശകം അവസാനിക്കുന്നതിനുമുമ്പ്, ഒരു മനുഷ്യനെ ചന്ദ്രനിൽ ഇറക്കി സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യം യുഎസ് കൈവരിക്കുമെന്ന് ജോൺ എഫ് കെന്നഡി പ്രഖ്യാപിക്കുയും ചെയ്തു. ബഹിരാകാശ പര്യവേഷണത്തില്‍ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമ്പോൾ അമേരിക്കക്കാർക്ക് പലപ്പോളും തിരിച്ചടികളായിരുന്നു ലഭിച്ചത്. ബഹിരാകാശാധിനിവേശ മൽസരത്തിൽ സോവിയറ്റ് യൂണിയനു പിന്നിലാകുമോ എന്ന ഭയത്തില്‍ നിന്നും ഉദിച്ച ആശയമാണ് ഈ വ്യാജ ചന്ദ്രയാത്ര എന്നതാണ് ഈ വാദം.
1969 മുതൽ 1972 വരെ ആറ് ദൗത്യങ്ങളിലായി 12 അമേരിക്കൻ ബഹിരാകാശ യാത്രികരാണ് ചന്ദ്രനിൽ കാലുകുത്തിയിട്ടുള്ളത്. 1972ൽ നാസ ചാന്ദ്രയാത്രകൾ മതിയാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു ഇതും വാദങ്ങള്‍ക്ക് ശക്തികൂട്ടി. പിന്നീട് മനുഷ്യന്‍ ചന്ദ്രനിലിറങ്ങാത്തെന്തെന്ന് ചോദിച്ച് പലരും വന്നു. ഇതിനിടെ 2001-ൽ ഫോക്‌സ് ന്യൂസ്, 'നമ്മൾ ചന്ദ്രനിൽ ഇറങ്ങിയിട്ടില്ല' എന്ന് വ്യക്തമായി പ്രസ്താവിക്കുന്ന ഡോക്യുമെന്ററി ‘ഡിഡ് വി ലാൻഡ് ഓൺ ദി മൂൺ?’ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതു. കെയ്‌സിംഗിന്റെ വാദങ്ങൾ ഇതിലൂടെ വീണ്ടും ആളുകള്‍ക്ക് മുന്നിലെത്തി. ഫോക്‌സ് ന്യൂസ് ഈ സിദ്ധാന്തത്തിന് നല്‍കിയ എക്സ്പോഷര്‍ ചില്ലറയൊന്നുമല്ല!
മനുഷ്യന്‍റെ ആ കാല്‍പ്പ് ഒരു നുണയാണെങ്കില്‍ പതിറ്റാണ്ടുകളോളം ലോകത്തെയാകെ ഒരു നുണകൊണ്ട് കബളിപ്പിക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? അത് നാസയായാലും. മാത്രമല്ല എല്ലാം നാസ ഹോളിവുഡില്‍ സെറ്റിട്ടതാണെന്ന് വിശ്വസിക്കണമെങ്കില്‍ 2019 കാലഘട്ടത്തിലെ സ്പെഷ്യൽ ഇഫക്റ്റുകൾ 1969 ൽ തന്നെ നാസയുടെ കയ്യിലുണ്ടായിരുന്നെന്ന് വിശ്വസിക്കേണ്ടി വരുമായിരുന്നു. മാത്രമല്ല എല്ലാ കള്ളമാണെങ്കില്‍ അന്ന് ആദ്യം രംഗത്തെത്തുക അമേരിക്കയുടെ ശത്രുവായ സോവിയറ്റ് യൂണിയനായിരിക്കും. പക്ഷേ എല്ലാം തങ്ങള്‍ നിരീക്ഷിച്ചിരുന്നുവെന്നാണ് റഷ്യൻ ബഹിരാകാശയാത്രികൻ അലക്സി ലിയോനോവ് പറഞ്ഞത്. അവര്‍ വിജയിച്ചുവരട്ടെ എന്ന് തന്നെ തങ്ങള്‍ ആഗ്രച്ചിരുന്നുവെന്നും പേടകങ്ങളിൽ നിന്നുള്ള റേഡിയോ സിഗ്നലുകൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു സോവിയറ്റ് യൂണിയന്റെ സ്പേസ് ഇൻ്റലിജൻസ് വിഭാഗം പറഞ്ഞിരുന്നു.
ഇത്രയെല്ലാം തെളിവുകളുണ്ടായിട്ടും ആ യാത്ര ഒരു കള്ളമാണെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. സത്യത്തില്‍ ആളുകള്‍ക്ക് ഗൂഢാലോചന സിദ്ധാന്തങ്ങളോട് എന്തോ ഇഷ്ടമാണ്. 9/11 ട്രൂത്തഴ്സ്, ആന്റി-വാക്‌സെഴ്‌സ്, ഫ്ലാറ്റ്-എർത്തേഴ്‌സ് എന്നിങ്ങനെ നീളൂന്ന ഗൂഢാലോചനക്കാര്‍ക്കും നിഗൂഢസിദ്ധാന്തക്കാര്‍ക്കും ഇടിയിലാണ് ഇന്നും ഈ ചാന്ദ്രയാത്ര വ്യാജമെന്ന് പറയുന്നവരുടെ സ്ഥാനവും.