artemis-ii-farthest-from-earth

ഭൂമിയിൽ നിന്ന് നമ്മൾ കാണുന്ന ചന്ദ്രന്‍റെ വശവും (വലത്– ഇരുണ്ടിരിക്കുന്ന ഭാഗം) മറുവശവും (ഇടത്). നാസ പുറത്തുവിട്ട ചിത്രം

  • ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യര്‍
  • അപ്പോളോ 13 ന്‍റെ റോക്കോര്‍ഡ് തകര്‍ത്തു
  • ഭൂമിയിൽ നിന്ന് കാണാത്ത ചന്ദ്രന്‍റെ മറുഭാഗത്ത് കൂടി സഞ്ചരിച്ചു

ചരിത്രം തിരുത്തി കുറിച്ച് ആർട്ടെമിസ് ടു ദൗത്യസംഘം. ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യരെന്ന ഖ്യാതി ഇനി ഈ നാലംഗ സംഘത്തിന് സ്വന്തം. ഇന്ത്യന്‍ സമയം ഇന്നലെ പുലര്‍ച്ചെ 4:32 ഓടെയാണ് ബഹിരാകാശ പേടകം ഭൂമിയിൽനിന്ന് 2,52,757 മൈൽ (406772 കിമീ) പിന്നിട്ടത്. ഇതോടെ പുതിയ റെക്കോര്‍ഡ് പിറക്കുകയും ചെയ്തു.

orion-spacecraft-approaching-moon

ചന്ദ്രന്‍റെ ഏറ്റവും അരികില്‍ എന്നാല്‍ ഭൂമിയില്‍ നിന്നും ഏറ്റവും അകലെയായിരുന്നു ഈ സമയം പേടകം. ഓറിയോണിനുള്ളിൽ നിന്ന് നോക്കുമ്പോള്‍ ചന്ദ്രൻ ഒരു ബാസ്കറ്റ്ബോളിന്റെ വലുപ്പത്തിൽ സംഘത്തിന് മുന്നില്‍ പ്രത്യക്ഷമായി. 1970ൽ അപ്പോളോ 13 സഞ്ചരിച്ച 2,48,655 മൈൽ (ഏകദേശം 4,00,171 കി.മീ) എന്ന റെക്കോഡാണ് ഇതോടെ ആർട്ടിമിസ് 2 മറികടന്നത്.

മനുഷ്യൻ ഭൂമിയിൽ നിന്ന് കാണാത്ത ചന്ദ്രന്‍റെ മറുപകുതി ഭാഗത്ത് കൂടിയും സംഘം സഞ്ചരിച്ചു. ഭൂമിയിൽ നിന്ന് എപ്പോഴും അകന്ന് നിൽക്കുന്ന ചന്ദ്രന്റെ ഈ വിദൂര വശം നമ്മുടെ സമീപ വശത്തില്‍ നിന്നും വളരെ വ്യത്യസ്തവും നിഗൂഢതകൾ നിറഞ്ഞതുമാണ്. 1968-ൽ അപ്പോളോ ബഹിരാകാശയാത്രികർ കണ്ട ഭൂമിയുടെ ഉദയവും സംഘം പകര്‍ത്തിയിട്ടുണ്ട്. ഭൂമി ചന്ദ്രനു പിന്നിൽ അസ്തമിക്കുന്ന നിമിഷവും ‘എർത്ത്‌സെറ്റ്’ വീണ്ടും പ്രത്യക്ഷപ്പെടുന്ന ഭൂമിയുടെ ഉദയവും അവർ കണ്ടു.

crew-inside-artemis

40 മിനുറ്റോളം നീണ്ട ബ്ലാക് ഔട്ട് പ്രക്രിയയില്‍ കൂടിയും സംഘം കടന്നുപോയി. ഓറിയോൺ ബഹിരാകാശ പേടകം ചന്ദ്രനു പിന്നിൽ അപ്രത്യക്ഷമായപ്പോൾ ഭൂമിയുമായുള്ള ആശയവിനിമയം താൽക്കാലികമായി നിലച്ചു. ബഹിരാകാശ പേടകം ചന്ദ്രന്റെ വിദൂര വശത്തിനപ്പുറത്തേക്ക് പറന്ന് ഡീപ് സ്പേസ് നെറ്റ്‌വർക്കിന്‍റെ പരിധിക്ക് പുറത്തേക്ക് നീങ്ങുന്നതിനാലാണ് ഈ ബ്ലാക്ക് ഔട്ട് സംഭവിക്കുന്നത്. ഡീപ് സ്പേസ് നെറ്റ്‌വർക്കിന്‍റെ റേഡിയോ സിഗ്നലുകളെ ചന്ദ്രൻ തടയുകയും ചെയ്യും. 40 മിനിറ്റിനു ശേഷം ഭൂമിയുമായി വീണ്ടും ബന്ധം സ്ഥാപിച്ചു. നിലവില്‍ ബഹിരാകാശ പേടകം സാങ്കേതികമായി ഭൂമിയിലേക്കുള്ള തിരിച്ചുവരവ് ആരംഭിച്ചിരിക്കുകയാണ്.

നാസയില്‍ നിന്നുള്ള അവസാന അപ്ഡ‍േറ്റ് പ്രകാരം ഓറിയോൺ, ചന്ദ്രൻ, സൂര്യൻ എന്നിവ നേര്‍രേഖയിലെത്തിയതോടെ ഏകദേശം ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ‘സൂര്യഗ്രഹണ’ത്തിലേക്ക് ആർട്ടെമിസ് II പ്രവേശിച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ, ചന്ദ്രന് പിന്നിൽ സൂര്യൻ അപ്രത്യക്ഷമാകുന്നത് ദൗത്യ സംഘത്തിന് കാണാൻ കഴിയും. സൂര്യന്റെ കൊറോണ ചന്ദ്രന്റെ അരികിൽ പ്രകാശിക്കുമ്പോൾ അത് പഠിക്കാനും, ഉപരിതലത്തിൽ പതിക്കുന്ന ഉൽക്കാശിലകളിൽ നിന്നുള്ള പ്രകാശങ്ങളെ നിരീക്ഷിക്കാനും സംഘം ഈ അവസരം ഉപയോഗിക്കും, ഇത് ചന്ദ്രനിലെ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നൽകും എന്നാണ് നാസയുടെ പ്രതീക്ഷ.

moon-through-window-of-artemis
ENGLISH SUMMARY:

NASA's Artemis II crew has officially broken the record for the farthest distance humans have traveled from Earth, reaching 252,757 miles (406,772 km). The Orion spacecraft surpassed the 1970 Apollo 13 record while orbiting the far side of the Moon. During the mission, the crew experienced a 40-minute communication blackout and witnessed a stunning 'Earthset' and solar eclipse. This milestone marks a critical step in NASA's plan to return humans to the lunar surface. The crew is now on its trajectory back to Earth after completing high-altitude lunar observations.