Photo by Miguel J. Rodriguez Carrillo / AFP
അപ്പോളോ ദൗത്യങ്ങൾക്ക് അരനൂറ്റാണ്ടിനുശേഷം വീണ്ടും മനുഷ്യന്‍ ചന്ദ്രനിലേക്ക്, മാനവരാശിയുടെ മറ്റൊരു കാല്‍വയ്പ്പ്, ഒരു കുതിച്ചു ചാട്ടം. നാസയുടെ ചരിത്രപരമായ ചാന്ദ്ര ദൗത്യം 'ആർട്ടെമിസ് II' അടുത്തെത്തിയിരിക്കുമ്പോള്‍, ദൗത്യത്തെ കുറിച്ച് അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനം ചന്ദ്രനില്‍ ഇറങ്ങാന്‍ നാസയില്ലെന്നതാണ്. എന്തുകൊണ്ടെന്ന് ചോദ്യത്തിന് ഉത്തരം ലളിതം... ആ റിസ്ക് എടുക്കാന്‍ നാസയില്ല!
നാസയുടെ അപ്പോളോ 11 ദൗത്യത്തിലാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തുന്നത്. എന്നാല്‍ അതിനും മുന്‍പേ 1968 ഡിസംബറിൽ വിക്ഷേപിച്ച അപ്പോളോ 8 ആണ് മനുഷ്യന്‍ ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ അരികിലെത്തി തിരികെ എത്തിയ ആദ്യ ബഹിരാകാശ ദൗത്യം. ഫ്രാങ്ക് ബോർമാൻ, ജിം ലോവൽ, വില്യം ആൻഡേഴ്സ് എന്നിവരടങ്ങുന്ന സംഘം ചന്ദ്രനെ 10 തവണ വലംവച്ചാണ് തിരിച്ചെത്തിയത്. ഈ ദൗത്യത്തിലാണ് ചരിത്രപ്രസിദ്ധമായ 'എർത്ത്‌റൈസ്' എന്ന ചിത്രം പകർത്തിയതും.
1972 ലെ അപ്പോളോ 17 ന് ശേഷം ആദ്യമായി മനുഷ്യരെ ചന്ദ്രന്‍റെ അരികിലെത്തിക്കുന്ന ദൗത്യമാണ് ആര്‍ട്ടെമിസ് ടു. ഭൂമിയിൽ നിന്ന് ഇതുവരെ മനുഷ്യൻ സഞ്ചരിച്ചിട്ടില്ലാത്ത അത്രയും ദൂരത്തേക്ക്, ചന്ദ്രന്‍റെ അപ്പുറത്തെ വശത്തേക്കാണ് ആര്‍ട്ടെമിസ് കുതിക്കുന്നത്. ഭൂമിയിൽ നിന്ന് ഇതുവരെ മനുഷ്യൻ സഞ്ചരിച്ച ഏറ്റവുംകൂടിയ ദൂരത്തിന്‍റെ നിലവിലെ റെക്കോർഡ് 4,00,171 കിലോമീറ്ററാണ്. 1970-ൽ അപ്പോളോ 13 ആണ് ഈ റെക്കോര്‍ഡിട്ടത്. 2022 ല്‍ വിക്ഷേപിച്ച ആർട്ടെമിസ് I ഇതിനകം ഈ ദൂരം മറികടന്നിട്ടുണ്ടെങ്കിലും അത് ആളില്ലാ പറക്കലായിരുന്നു. ഇപ്പോള്‍ മനുഷ്യരുമായി ആർട്ടെമിസ് II ഈ റെക്കോര്‍ഡ് മറികടന്നേക്കും...
Image: Reuters
എന്തുകൊണ്ടാണ് ആർട്ടെമിസ് II ചന്ദ്രോപരിതലത്തിൽ ഇറങ്ങാത്തത്?
ചുരുക്കിപ്പറഞ്ഞാല്‍ ആര്‍ട്ടെമിസ് ടുവിന് അതിന് ശേഷിയില്ല. ഇത് ഒരു മൂണ്‍ ലാൻഡറുമല്ല എന്നാണ് നാസയിലെ മിഷൻ അനാലിസിസ് ആൻഡ് ഇന്റഗ്രേറ്റഡ് അസസ്‌മെന്റ്‌സ് ഡെപ്യൂട്ടി ലീഡ് പാറ്റി കാസസ് ഹോൺ പറയുന്നത്. നാസയുടെ ചരിത്രത്തിലുടനീളം, ചെയ്യുന്ന കാര്യങ്ങളിലെല്ലാം ചെറിയതോതിലെങ്കിലും അപകടസാധ്യതയുണ്ട്. അതിനാൽ ആ റിസ്‌ക് എടുക്കണമെങ്കില്‍ അത്രത്തോളം വലിയൊരു കാരണം വേണം. തികച്ചും അനിവാര്യമാണെങ്കില്‍ മാത്രമേ നാസ അങ്ങിനെയൊരു റിസ്ക് എടുക്കൂ. അത്തരത്തില്‍ മനുഷ്യന്‍ വീണ്ടും ചന്ദ്രനിലിറങ്ങുക തന്നെ ചെയ്യും പക്ഷേ ഇപ്പോളല്ല... ആർട്ടെമിസ് II പ്രധാനമായും അതിലെ യാത്രികരുടെ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും പ്രാധാന്യം നല്‍കുന്ന ദൗത്യമാണ്, അദ്ദേഹം പറഞ്ഞു. ചന്ദ്രോപരിതലത്തിൽ സ്പർശിക്കാതെ തന്നെ ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ടെന്നാണ് നാസ പറയുന്നത്.
ഒട്ടേറെ പുതിയ പുതിയ സാങ്കേതിക വിദ്യകളാണ് ആര്‍ട്ടെമിസ് ടുവില്‍ പരീക്ഷിക്കുന്നുണ്ട്, ഉദാഹരണത്തിന്, മനുഷ്യർക്ക് സുഖകരമായ അന്തരീക്ഷം ആവശ്യമായതിനാൽ പേടകത്തിനുള്ളിലെ താപനില കൃത്യമായി നിലനിർത്തേണ്ടതുണ്ട്. എന്നാൽ പേടകത്തിനുള്ളിൽ മനുഷ്യർ ഉണ്ടാകുമ്പോൾ അന്തരീക്ഷത്തിൽ ഈർപ്പത്തിന്‍റെ അളവ് കൂടും. അവർക്ക് ഭക്ഷണവും വെള്ളവും ശൗചാലയങ്ങളും ആവശ്യമാണ്. കൂടാതെ, ചില വ്യായാമ ഉപകരണങ്ങളും പേടകത്തിൽ സജ്ജീകരിച്ചിട്ടുണ്ട്, അവയും പരീക്ഷിച്ചു നോക്കും. ക്രൂവിന്‍റെ സുരക്ഷയ്ക്കും അവരുടെ ആരോഗ്യത്തിനുമാണ് ആദ്യം പ്രധാന്യം നല്‍കുക. ബഹിരാകാശ വാഹനത്തിന്‍റെ സുരക്ഷയും ആരോഗ്യവും രണ്ടാമതാണ്. നാവിഗേഷൻ, പ്രൊപ്പൽഷൻ, മറ്റ് ഓൺബോർഡ് സിസ്റ്റങ്ങൾ എന്നിവ പരീക്ഷിക്കുന്നത് പോലുള്ള ലക്ഷ്യങ്ങളും ദൗത്യത്തിനുണ്ട്.
A banner covered with the signatures of NASA employees and contractors is seen on the perimeter fence of Launch Complex 39B after NASA's Artemis II Space Launch System (SLS) rocket and Orion spacecraft were rolled out to the launch pad, Sunday, Jan. 18, 2026, at NASA's Kennedy Space Center in Florida. (Joel Kowsky/NASA via AP)
നമ്മൾ ചന്ദ്രനിലേക്ക് തിരികെ പോകുന്നുവെന്നാണ് നാസ ആര്‍ട്ടെമിസിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്. 10 ദിവസത്തെ ചാന്ദ്രദൗത്യമാണിത്. റീഡ് വൈസ്മാൻ (കമാൻഡർ), വിക്ടർ ഗ്ലോവർ (പൈലറ്റ്), ക്രിസ്റ്റീന കോക്ക് (മിഷൻ സ്പെഷ്യലിസ്റ്റ്), ജെറമി ഹാൻസെൻ (കനേഡിയൻ ബഹിരാകാശ ഏജൻസി) എന്നിവരാണ് യാത്രികര്‍. അതേസമയം നാസയുടെ ലക്ഷ്യം ചന്ദ്രന്‍ മാത്രമല്ല. ചന്ദ്രനിൽ സ്ഥിരമായ മനുഷ്യസാന്നിധ്യം വഴി ചൊവ്വ ഉൾപ്പെടെ മറ്റിടങ്ങളിലേക്കുള്ള ദൗത്യങ്ങൾക്ക് ഇടത്താവളമാകാനും അങ്ങനെ ഭൂമിക്കു അപ്പുറത്തുള്ള എല്ലാപ്രവർത്തനങ്ങളുടെയും അച്ചുതണ്ടാകാനുമാണു ദൗത്യം ലക്ഷ്യമിടുന്നത്.
അങ്ങിനെയെങ്കില്‍ മനുഷ്യന്‍ ഇനി ചന്ദ്രനില്‍ കാലുകുത്തില്ലേ? സംശയിക്കേണ്ട മനുഷ്യന്‍ ഇനിയും ചന്ദ്രനില്‍ ഇറങ്ങും... ആർട്ടെമിസ് 3യില്‍ നാസ ഇത് ലക്ഷ്യമിടുന്നതായാണ് വിവരം. മാത്രമല്ല. വെറുതെ ഒന്ന് പോയി വരിക എന്നതിലുപരി, ചന്ദ്രനിൽ മനുഷ്യർക്ക് ദീർഘകാലം താമസിക്കാനും ഗവേഷണങ്ങൾ നടത്താനുമുള്ള 'ബേസ് ക്യാമ്പുകൾ' നിർമ്മിക്കുവാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ചന്ദ്രനെ ഇടത്താവളമായി ഉപയോഗിച്ച് ചൊവ്വയിലേക്ക് മനുഷ്യനെ അയക്കുക എന്നതാണ് പല ബഹിരാകാശ ഏജൻസികളുടെയും ഫ്യൂച്ചര്‍ പ്ലാൻ.