dex-isro

ബഹിരാകാശത്തു നിന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്ന കോസ്മിക് പൊടിപടലങ്ങള്‍ കണ്ടെത്തി ഐഎസ്ആര്‍ഒ. 2024 ജനുവരിയില്‍ വിക്ഷേപിച്ച പി.എസ്.എല്‍.വി. ഓര്‍ബിറ്റല്‍ എക്പിരിമെന്റ് മൊഡ്യൂള്‍–പോയത്തിന്റെ ഭാഗമായുണ്ടായിരുന്ന ഡെക്സ് എക്സ്പിരിമെന്റെന്ന ഉപകരണമാണ് ഏറെ പ്രധാന്യമുള്ള കണ്ടെത്തലിനു പിന്നില്‍. ചൊവ്വ, ശുക്രന്‍ എന്നിവയ്ക്കും മറ്റു ഗ്രഹങ്ങള്‍ക്കുമിടയിലെ സൂക്ഷ്മ പൊടിപടലങ്ങള്‍ ഓരോ ആയിരം സെക്കന്‍ഡിലും( 16.66 മിനിറ്റില്‍) ഭൂമിയിലേക്ക് കുതിച്ചെത്തുന്നതായാണു കണ്ടെത്തല്‍. ഛിന്നഗ്രഹങ്ങള്‍ ,ധൂമകേതു എന്നിവയില്‍ നിന്നുള്ള പൊടിപടലങ്ങളാണിത്.

പേടിക്കണോ ബഹിരാകാശ പൊടിപടലത്തെ? 

ഗ്രഹങ്ങളില്‍ നിന്നും ധൂമകേതുകളില്‍ നിന്നും ഭൂമിയിലെത്തുന്ന പൊടിപടലങ്ങള്‍ അന്തരീക്ഷങ്ങളില്‍ നിഗൂഢമായ ഉല്‍ക്കപാളികളായി പ്രവര്‍ത്തിക്കും. രാത്രിയില്‍ നക്ഷത്രങ്ങളെ പോലെ ഇവ മിന്നിതിളങ്ങും. ഈ പൊടികണങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തെ എത്രമാത്രം ബാധിക്കുമെന്നതില്‍ വിശദമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ബഹിരാകാശ ദൗത്യങ്ങളെ ഇവ സ്വാധീനിക്കുമെന്ന് ഉറപ്പാണെന്ന് ഗവേഷകര്‍ പറയുന്നു. ഭാവി ദൗത്യങ്ങള്‍ രൂപകല്‍പന ചെയ്യുമ്പോള്‍ ഇവയുടെ സാന്നിധ്യം കൂടി പരിഗണിക്കും. ഉപകരണങ്ങളുടെ സുരക്ഷ സംബന്ധിച്ചും ഈ വിവരങ്ങള്‍ ഏറെ പ്രധാനപെട്ടതാണ്.

cosmic-dust-isro

കാണാന്‍ കുഞ്ഞന്‍, കണ്ടെത്തല്‍ വലുത്: അഹമ്മദാബാദിലെ ഇസ്റോയുടെ  ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറിയാണ് ഡെക്സ് രൂപകല്‍പന ചെയ്തു നിര്‍മ്മിച്ചത്. വെറും നാലര വാട്ട് വൈദ്യുതി മാത്രമാണു പ്രവര്‍ത്തനത്തിനായി വേണ്ടത്. ഭൂമിയില്‍ നിന്നു 350 കിലോമീറ്റര്‍ അകലയൊണ് ഡെക്സുള്ളത്.

 പോയം പരീക്ഷണം - ഉപേക്ഷിക്കുന്ന റോക്കറ്റ് ഭാഗത്തിന്റെ പുനരുപയോഗം

ഉപഗ്രഹ വിക്ഷേപണത്തിനായി ഉപയോഗിക്കുന്ന ഇസ്റോയുടെ വിശ്വസ്ത വാഹനമാണ് പി.എസ്.എല്‍.വി. ഭൂമിയോടു ചേര്‍ന്നു നില്‍ക്കുന്ന ഭ്രമണപഥങ്ങളിലേക്ക് ഉപഗ്രഹങ്ങളെത്തിക്കുമ്പോള്‍ പലപ്പോഴും പി.എസ്.എല്‍.വിയുടെ അവസാന സ്റ്റേജ് ഉപയോഗിക്കേണ്ടി വരാറില്ല. ഇങ്ങനെ ഉപേക്ഷിക്കുന്ന ഉപഗ്രഹ ഭാഗം പുനരുപയോഗിച്ചു ശാസ്ത്രീയ പഠനത്തിനായി രൂപമാറ്റം വരുത്തിയതാണ് പോയമെന്ന പി.എസ്.എല്‍.വി. ഓര്‍ബിറ്റല്‍ എക്സ്പിരിമെന്റല്‍ മൊഡ്യൂള്‍. 

തീവ്രമായ കോസ്മിക് പ്രതിഭാസങ്ങളെ മനസ്സിലാക്കുന്നതിനും നിർണായക വിവരങ്ങള്‍ക്കുമായി 2024 ജനുവരിയിൽ വിക്ഷേപിച്ച ഉപഗ്രഹമാണ് എക്സ്പോസാറ്റ്. തമോഗര്‍ത്തങ്ങള്‍, ന്യൂട്രോൺ നക്ഷത്രങ്ങൾ തുടങ്ങിയവയുടെ പ്രകാശിക്കുന്ന  സ്രോതസ്സുകളിൽ നിന്നുള്ള എക്സ്-റേകളുടെ വികിരണങ്ങളെ കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമാണിത്. ഈ ഉപഗ്രഹം വിക്ഷേപിക്കാന്‍ ഉപയോഗിച്ച പി.എസ്.എല്‍.വി. സി–58 ഉപഗ്രഹത്തിന്റെ നാലാം ഘട്ട എന്‍ജിനാണ് പോയമാക്കി രൂപം മാറ്റിയത്.

ഉപഗ്രഹത്തെ നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിന്റെ നാലം ഘട്ട എന്‍ജിന്‍ വീണ്ടും ജ്വലിപ്പിച്ചു ഭ്രമണ പഥം താഴ്ത്തി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് പരീക്ഷണ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക. ഇവ താല്‍കാലിക ഉപഗ്രഹം പോലെ ഭൂമിയെ ചുറ്റി വിവരങ്ങള്‍  അയച്ചുകൊണ്ടിരിക്കും. ഇസ്റോയുടെയും വിവിധ ഗവേഷണ– സര്‍വകലാശാലകളുടെയും ഉപകരണങ്ങളാണ് ഇവയിലുള്ളത്. അതില്‍ ഏറെ പ്രധാനപെട്ടതായിരുന്നു അന്തരീക്ഷ പൊടിപടലങ്ങളെ കുറിച്ചു പഠിക്കാനുള്ള  ഡെക്സ്. ഉപഗ്രഹ വിക്ഷേപണ സമയത്ത് ബഹിരാകാശത്ത് ഉപേക്ഷിക്കപെടുന്ന ഉപഗ്രഹ ഭാഗങ്ങള്‍ ബഹിരാകാശ മാലിന്യമായാണു കണക്കാക്കുന്നത്. ഉപഗ്രങ്ങള്‍ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്ന ഇത്തരം മാലിന്യങ്ങള്‍ ഒഴിവാക്കുക കൂടി ലക്ഷ്യം വച്ചാണ് പോയം പരീക്ഷണങ്ങള്‍. 650 കിലോമീറ്ററുള്ള ഭ്രമണപഥത്തില്‍ നിന്നാണ് പി.എസ്.എല്‍.വി.–സി–58ന്റെ നാലാം ഘട്ട എന്‍ജിന്‍ ഭാഗം ഭൂമിയില്‍ നിന്നും 350 കിലോമീറ്റര്‍ അകലേക്ക് താഴ്ത്തിക്കൊണ്ടുവന്നത്. ഗുരുത്വാകര്‍ഷണം മൂലം  പരീക്ഷണം കഴിയുന്നതോടെ ഇവ ഭൂമിയിലേക്ക് പതിക്കും. ഈ സമയം അന്തരീക്ഷത്തില്‍വച്ചു തീപിടിച്ച് കത്തിതീരുമെന്നതിനാല്‍ സീറോ മാലിന്യമാണന്ന പ്രത്യേകതയുമുണ്ട്.

ENGLISH SUMMARY:

ISRO's DEX (Dust Experiment) on POEM-3 platform has detected interplanetary dust particles hitting Earth's atmosphere every 1000 seconds. Developed by PRL Ahmedabad, this discovery helps in understanding cosmic dust from comets and asteroids and its impact on future space missions and satellite safety.