bluebird-six

യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് 6 ന്‍റെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു കുതിച്ചുയർന്ന എൽവിഎം 3-എം 6 ദൗത്യം 16 മിനിറ്റിനുള്ളിൽ ലക്ഷ്യത്തിലെത്തി. ഒരു ഇന്ത്യൻ ലോഞ്ചർ വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡാണിത്. 6500 കിലോയാണ് ബ്ലൂബേര്‍ഡ് ബോക്ക്–2 ഉപഗ്രഹത്തിന്‍റെ ഭാരം. ‘ബാഹുബലി’ എന്നാണ് എല്‍വിഎം അറിയപ്പെടുന്നത്. ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സുപ്രധാന കാൽവയ്പ്പ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്ലൂബേർഡ് 6 ന്‍റെ വിക്ഷേപണ വിജയത്തെ വിശേഷിപ്പിച്ചത്. ആഗോള വാണിജ്യ വിക്ഷേപണ രംഗത്ത് ഇന്ത്യയുടെ പങ്ക് ഇത് ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് മോദി പറഞ്ഞു. 

സ്മാർട്ട് ഫോണുകളിലേക്കു ടവറിന്റെ സഹായമില്ലാതെ നേരിട്ട് അതിവേഗ സെല്ലുലാർ സിഗ്നലുകൾ നൽകാൻ രൂപകൽപ്പന ചെയ്ത ഉപഗ്രഹമാണു ബ്ലൂബേർഡ്. ഉപഗ്രഹം ഭൂമിയില്‍ നിന്ന് 520 കിലോമീറ്റര്‍ അകലയെുള്ള ഭ്രമണപഥത്തിലെത്തി കഴിഞ്ഞു. ഉടന്‍  223 ചതുരശ്ര മീറ്റര്‍ നീളത്തിലുള്ള ആന്റിനകള്‍ വിടര്‍ത്തും. ഇതോടെ ഏറ്റവും വലിയ വാണിജ്യ വാര്‍ത്താ വിനിമയ ഉപഗ്രഹമെന്ന ഖ്യാതിയും ബ്ലൂബേര്‍ഡ് ബ്ലോക്ക് –2വിനാകും. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (എൻ‌എസ്‌ഐ‌എൽ) യുഎസ് ആസ്ഥാനമായുള്ള എ‌എസ്‌ടി സ്‌പേസ് മൊബൈലും (എ‌എസ്‌ടി ആൻഡ് സയൻസ്, എൽ‌എൽ‌സി) തമ്മിൽ ഒപ്പുവച്ച വാണിജ്യ കരാറിന്റെ ഭാഗമായാണ് ദൗത്യം.

നേരത്തെ രാവിലെ 8:54 ന് ലിഫ്റ്റ് ഓഫ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് 8 മണിക്കൂർ 55 മിനിറ്റ് 30 സെക്കൻഡിലേക്ക് മാറ്റുകയായിരുന്നു. റോക്കറ്റിന്റെ പാതയിൽ മറ്റ് ഉപഗ്രഹങ്ങളോ ബഹിരാകാശ അവശിഷ്ടങ്ങളോ ഉണ്ടായാല്‍ കൂട്ടിയിടിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇസ്രോ പറഞ്ഞിരുന്നു. അതിനാലാണ് ഈ സാധ്യത ഒഴിവാക്കാനാണ് വിക്ഷേപണം വൈകിപ്പിച്ചത്. 

എൽവിഎം 3

രണ്ട് സോളിഡ് സ്ട്രാപ്പ്-ഓൺ മോട്ടോറുകൾ (S200), ഒരു ലിക്വിഡ് കോർ സ്റ്റേജ് (L110), ഒരു ക്രയോജനിക് അപ്പർ സ്റ്റേജ് (C25) എന്നിവ ഉൾപ്പെടുന്ന മൂന്ന് ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനമാണ് എൽവിഎം 3-എം. 640 ടൺ ലിഫ്റ്റ്-ഓഫ് മാസും 43.5 മീറ്റർ ഉയരവും ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (GTO) 4,200 കിലോഗ്രാം പേലോഡ് വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 എന്നീ ദൗത്യങ്ങളും 72 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് രണ്ട് വൺവെബ് ദൗത്യങ്ങളും എൽവിഎം 3 വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

ISRO successfully launched the BlueBird Block-2 satellite for a US-based company using the LVM3 rocket from Sriharikota. This massive 6500 kg communication satellite aims to provide direct-to-mobile high-speed internet. It features a 223 sq. meter antenna, making it the largest commercial communication satellite in orbit.