geminids-meteor-shower

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

വാനനിരീക്ഷകര്‍ക്ക് സന്തോഷ വാര്‍ത്ത! ഡിസംബറിന്‍റെ ആകാശത്ത് പൂത്തിരി കത്തിക്കാന്‍ ജെമിനിഡ്സ് ഉല്‍ക്കാവര്‍ഷം ഒരുങ്ങുന്നു. വർഷത്തിലെ ഏറ്റവും അതിശയകരവും എളുപ്പത്തില്‍ കാണാന്‍ സാധിക്കുന്നതുമായ ഉൽക്കാവർഷങ്ങളിൽ ഒന്നാണ് വരുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ തിളക്കമുള്ള വരകൾ പോലെ മണിക്കൂറിൽ നൂറിലധികം ഉല്‍ക്കകളെയെങ്കിലും കാണാന്‍ സാധിക്കും എന്നതാണ് ജെമിനിഡ്സിന്‍റെ പ്രത്യേകത.

orionid-meteor-shower

ജെമിനിഡ്സ്

സൂര്യനെ ചുറ്റുന്ന വാൽനക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും അവ കടന്നുപോകുന്ന വഴിയില്‍ പൊടികളോ പാറകളോ അവശേഷിപ്പിക്കാറുണ്ട്. ഭൂമി ഈ പാതയിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഇവ ഉല്‍ക്കകളായി പെയ്തിറങ്ങുന്നു. ഇതാണ് ഉല്‍ക്കാവര്‍ഷം എന്നറിയപ്പെടുന്നത്.

quadrantid-meteor-shower-ai-image

വാൽനക്ഷത്രം അവശേഷിപ്പിച്ച അവശിഷ്ടങ്ങളില്‍ നിന്ന് വരുന്ന ഉൽക്കാവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഛിന്നഗ്രഹമായ 3200 ഫേത്തണില്‍ നിന്നുള്ള അവശിഷ്ടങ്ങളാണ് ജെമിനിഡ്സ് ഉല്‍ക്കാവര്‍ഷം ഉണ്ടാക്കുന്നത്. മറ്റ് ഉല്‍ക്കാവര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി, കൂടുതല്‍ വ്യക്തതയും തിളക്കവും ഇതിനുണ്ടാകും. ഫേത്തണിന്‍റെ അവശിഷ്ടങ്ങളാണെങ്കിലും ജെമിനി (മിഥുനം) നക്ഷത്രസമൂഹത്തില്‍ നിന്ന് വരുന്നതിനാലാണ് ഇവയെ ജെമിനിഡ്സ് ഉല്‍ക്കാവര്‍ഷം എന്ന് വിളിക്കുന്നത്.

എപ്പോള്‍, എങ്ങിനെ കാണാം?

ഇന്ത്യയില്‍ ഡിസംബർ 13 നും 15 നും ഇടയിലാണ് ജെമിനിഡ്സ് ഉല്‍ക്കാവര്‍ഷത്തിന്‍റെ തീവ്രത കൂടുന്നത്. അർധരാത്രി മുതൽ പുലർച്ചെ വരെയാണ് ഇത് കാണാന്‍ പറ്റിയ സമയം. കിഴക്കൻ ആകാശത്തുള്ള ജെമിനി (മിഥുനം) നക്ഷത്രസമൂഹത്തില്‍ നിന്നാണ് ഉല്‍ക്കകള്‍ എത്തുക. രാവേറുംതോറും ജെമിനി നക്ഷത്ര സമൂഹം ആകാശത്ത് കൂടുതല്‍ ഉയര്‍ന്നുവരും. ഉല്‍ക്കകള്‍ ആകാശത്തിന്റെ പല ഭാഗത്തേക്കും വ്യാപിക്കും. ചില ഉൽക്കകൾ മങ്ങിയതും സൂചി പോലുള്ളതുമായ മിന്നലുകളായിരിക്കും. മറ്റ് ചിലത് തിളക്കമുള്ള ചെറിയ പൊട്ടിത്തെറികള്‍പോലെ തോന്നിക്കാം.

ഉല്‍ക്കാവര്‍ഷം കാണാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വാനനിരീക്ഷണം നടത്താനാണ് വിദഗ്ധർ പറയുന്നത്. ഇരുട്ടുമായി പൊരുത്തപ്പെടാൻ കണ്ണുകൾക്ക് സമയം ആവശ്യമുള്ളതിനാലാണിത്. പ്രകാശ മലിനീകരണമില്ലാത്ത ഇരുണ്ട സ്ഥലം തിരഞ്ഞെടുക്കുക. മരങ്ങളോ കെട്ടിടങ്ങളോ കാഴ്ചയെ തടയുന്നില്ലെന്നും ഉറപ്പ് വരുത്തണം. വെളിച്ചം കുറവുള്ള ടെറസുകള്‍, തുറസ്സായ പാര്‍ക്കുകള്‍, ഹിൽ സ്റ്റേഷൻ വ്യൂപോയിന്റുകള്‍ എന്നിവ അനുയോജ്യമാണ്. ജെമിനിഡ്സ് ഉല്‍ക്കാവര്‍ഷം കാണാന്‍ ദൂരദർശിനിയോ ബൈനോക്കുലറോ ആവശ്യമില്ല.

ENGLISH SUMMARY:

Get ready for the Geminids, one of the most reliable and spectacular meteor showers of the year, peaking between December 13 and 15 in India. Observers can potentially see over 100 bright meteors per hour under favorable dark sky conditions. Unlike most showers originating from comets, the Geminids originate from the asteroid 3200 Phaethon, making their trails brighter and more distinct. The best time to view is from midnight until dawn, by looking towards the Gemini constellation in the eastern sky. Experts recommend spending at least an hour in a dark location, free from light pollution, to allow eyes to adjust for the best viewing experience. No telescopes or binoculars are required.