Image: x @manas_6646
വെള്ളിയാഴ്ച രാത്രിയാണ് ഡല്‍ഹിയുടെ ആകാശത്ത് ഒരു ‘പ്രകാശം’ കണ്ടത്. കണ്ടവരെല്ലാം അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. ഡൽഹി, നോയിഡ, ഗാസിയാബാദ്, ഗുഡ്ഗാവ്, അലിഗഡ് തുടങ്ങിയ ഇടങ്ങളില്‍ ഇത് ദൃശ്യമായിരുന്നു. ആദ്യം ഒരു ഉല്‍ക്കയാണെന്നാണ് എല്ലാവരും കരുതിയത്. ചിലരെല്ലാം ‘ഷൂട്ടിങ് സ്റ്റാറാണെന്നും പറഞ്ഞു. ഉൽക്കകൾ അസാധാരണമല്ലെങ്കിലും ഇത്രയധികം ആളുകള്‍ക്ക് മുന്നില്‍ ദൃശ്യമാകുന്ന ഉല്‍ക്കകള്‍ അപൂർവമാണ്.
അതേസമയം, പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയുടെ ആകാശത്ത് കണ്ടത് ഉല്‍ക്കാവര്‍ഷമല്ല. മറിച്ച് ബഹിരാകാശത്ത് തകര്‍ന്ന ഉപഗ്രഹ അവശിഷ്ടങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കത്തിച്ചാമ്പലായതായിരുന്നു. ഡൽഹിയിലെ നെഹ്‌റു പ്ലാനറ്റോറിയത്തിലെ ഉദ്യോഗസ്ഥര്‍ ഇത് ഉപഗ്രഹ അവശിഷ്ടങ്ങളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സ്പേസ് എക്‌സിന്‍റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള റീ-എന്‍ട്രിക്കിടെ കത്തിച്ചാമ്പലാവുന്നതാണ് ദൃശ്യങ്ങളിലെന്ന് ബഹിരാകാശ നിരീക്ഷണ രംഗത്തെ സ്വകാര്യ ഏജന്‍സിയായ ‘ഇന്ത്യാമെറ്റ്‌സ്കൈ വെതര്‍’ എക്‌സിലൂടെ അറിയിച്ചു. നേരത്തെയും സ്പേസ് എക്‌സിന്‍റെ സ്റ്റാര്‍ഷിപ്പ് റോക്കറ്റ് അവശിഷ്‌ടങ്ങള്‍ പൊട്ടിത്തെറിച്ചപ്പോള്‍ സമാനരീതിയിലുള്ള പ്രകാശം ആകാശത്ത് കണ്ടിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 1:22 ന് ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിന്ന പ്രകാശരേഖയായിരുന്നു ഡല്‍ഹിയുടെ ആകാശത്ത് കണ്ടത്. പക്ഷേ അതിന്‍റെ തിളക്കമാണ് ആളുകളെ അദ്ഭുതപ്പെടുത്തിയത്. പിന്നീട് ഇത് ചെറിയ ശകലങ്ങളായി വിഘടിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ തന്നെ ഇത് ഉല്‍ക്കയല്ലെന്നും കത്തുന്ന റോക്കറ്റിന്റെ ഭാഗമാണെന്നും ചിലരെങ്കിലും പറഞ്ഞിരുന്നു. എന്നാല്‍ 'ബോളിഡ്' ഉല്‍ക്കയാണ് ഇതെന്നും കിംവദന്തികളും ഉയര്‍ന്നു. ചില കാഴ്ചക്കാർ ഇതോടൊപ്പം നേരിയ മുഴക്കം കേട്ടതായും അവകാശപ്പെട്ടിരുന്നു.