ഭൂമിയില്‍ മാത്രമല്ല, ഇനി ചൊവ്വയിലും കേരളത്തിലെ സ്ഥലനാമങ്ങളുണ്ടാകും. ചൊവ്വയിലെ ശാസ്ത്ര പ്രാധാന്യമുള്ള ചെറിയ ചില ഗര്‍ത്തങ്ങള്‍ ഇനി വര്‍ക്കല, ബേക്കല്‍, തുമ്പ, വലിയമല എന്നീ പേരുകളിലാണ് അറിയപ്പെടുക. ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്തെ വലിയമല, വിക്രം സാരാഭായ് സ്പേസ് സെന്റർ സ്‌ഥിതി ചെയ്യുന്ന തുമ്പ (VSSC), ഭൗമശാസ്ത്രപരമായ പ്രത്യേകതകളുള്ള ക്ലിഫിന്റെ പ്രാധാന്യം പരിഗണിച്ച് വർക്കല, ചരിത്ര സ്മാരകമായ ബേക്കൽ ഫോർട്ടില്‍ നിന്നും ബേക്കൽ എന്നിങ്ങനെയാണ് പേരുകൾക്ക് അംഗീകാരം ലഭിച്ചത്. തുടർച്ചയായ ശാസ്ത്രീയ രേഖകളും വിശദീകരണങ്ങളും നൽകിയതിന് ശേഷമാണ് പേരുകള്‍ അംഗീകരിക്കപ്പെട്ടത്.
ചൊവ്വയിലെ 50 കിലോമീറ്ററിലധികം വലുപ്പവും 350കോടി വര്‍ഷം പഴക്കമുള്ള ഗര്‍ത്തത്തിന് 'കൃഷ്ണന്‍' എന്നാണ് പേര് നല്‍കിയിട്ടുള്ളത്. വലിയ ഗര്‍ത്തങ്ങള്‍ക്ക് ജ്യോതിശാസ്ത്രരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞരുടെ പേരുകള്‍ നല്‍കണമെന്നതാണ് മാനദണ്ഡം. ഇതേത്തുടര്‍ന്നാണ് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പ്രഥമ ഡയറക്ടറായിരുന്ന എം.എസ്. കൃഷ്ണന്റെ സ്മരണാര്‍ഥം 'കൃഷ്ണന്‍ ഗര്‍ത്തം' എന്ന പേര് നല്‍കിയത്. ഈ നിര്‍ദേശം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയൻ ഔദ്യോഗികമായി അംഗീകരിച്ചു. കൃഷ്ണൻ ഗർത്തത്തിനകത്തുള്ള സമതലത്തിന് കൃഷ്ണൻ പാലസ് എന്നും, ഈ സമതലത്തിൽ കാണുന്ന ചാലിനു 'പെരിയാർ' എന്നുമാണ് പേര്. പുരാതന ഹിമാനികളുടെ സാന്നിധ്യം ശാസ്ത്രീയമായി തെളിയിച്ച പ്രദേശത്തിലാണ് ഈ ഗർത്തം സ്ഥിതിചെയ്യുന്നത്.
ചെറിയ ഗർത്തങ്ങൾക്ക് ഒരു ലക്ഷം ജനസംഖ്യയിൽ താഴെയുള്ള ഗ്രാമങ്ങളുടെ പേരുകളാണ് നൽകാൻ കഴിയുക. എളുപ്പത്തിൽ ഉച്ചരിക്കാവുന്ന പേരുകൾ മാത്രമാണ് സാധാരണ നിലയിൽ അംഗീകരിക്കുക. മലയാളി ഗവേഷകരായ ഡോ. വി.ജെ. രാജേഷിന്റെയും ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശ്ശേരിയുടെയും നിര്‍ദേശപ്രകാരമാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്ര യൂണിയന്‍ (ഐഎയു) ഈ പേരുകള്‍ അംഗീകരിച്ചത്. കാസര്‍കോട് ഗവ. കോളേജ് ജിയോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ആസിഫ് ഇഖ്ബാല്‍ കാക്കശേരി, തിരുവനന്തപുരം വലിയമല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ഐഐഎസ്ടി) ഡോ. വി.ജെ. രാജേഷിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായാണ് പേരുകള്‍ നിര്‍ദേശിച്ചത്. കേരളത്തിലെ ഭൂപ്രദേശങ്ങള്‍ക്ക് ഇത്തരത്തിലൊരു അംഗീകാരം ആദ്യമായാണ് ലഭിക്കുന്നെതന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.