സൂര്യഗ്രഹണങ്ങളും ചന്ദ്രഗ്രഹണങ്ങളും വാനനിരീക്ഷകര്‍ക്ക് മാത്രമല്ല, സാധാരണക്കാര്‍ക്കും ഏറെ താല്‍പര്യമുള്ള ഒന്നാണ്. പ്രത്യേകിച്ചും സമ്പൂര്‍ണ ഗ്രഹണങ്ങള്‍. കാരണം ഗ്രഹണങ്ങളില്‍ ഏറ്റവും മനോഹരമാണ് സമ്പൂര്‍ണ ഗ്രഹണങ്ങള്‍. കഴിഞ്ഞ വർഷം ഏപ്രിൽ 8 നാണ് അവസാനമായി ലോകം സമ്പൂര്‍ണ സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിച്ചത്. നട്ടുച്ചയെപ്പോലും കൂരിരുട്ടിലാഴ്ത്തിയ ഗ്രഹണം മിസ്സാക്കിയവരും കാണാന്‍ കഴിയാഞ്ഞതില്‍ വിഷമിച്ചവരുമുണ്ട്. പിന്നാലെ ഈ വർഷം രണ്ട് സൂര്യഗ്രഹണങ്ങള്‍ക്ക് ഭൂമി സാക്ഷ്യം വഹിച്ചു. പുതിയ വര്‍ഷം പിറക്കാനൊരുങ്ങുമ്പോള്‍ പലരും ചോദിക്കുന്നത് അടുത്ത സൂര്യഗ്രഹണം എപ്പോൾ സംഭവിക്കുമെന്നാണ്... പ്രത്യേകിച്ചും സമ്പൂര്‍ണ ഗ്രഹണങ്ങള്‍.
എന്നാല്‍ അടുത്ത അഞ്ച് വർഷത്തേക്ക്, അതായത് 2026 നും 2030 നും ഇടയിൽ സമ്പൂര്‍ണ സൂര്യഗ്രഹണങ്ങൾ കുറവായിരിക്കും എന്നാണ് ജ്യോതിശാസ്ത്രര്‍ പറയുന്നത്. ഇത് സമ്പൂര്‍ണ ഗ്രഹണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള അവസരങ്ങൾ കുറയ്ക്കുന്നു. എങ്കിലും ഈ അവസരങ്ങൾ പൂർണ്ണമായും ഇല്ല എന്നല്ല. അടുത്തവര്‍ഷം, അതായത് 2026ലും അതിനടുത്തവര്‍ഷവും (2027) ഐസ്‌ലാൻഡ്, സ്പെയിൻ, ഈജിപ്ത്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ സമ്പൂര്‍ണ സൂര്യഗ്രഹണം പ്രതീക്ഷിക്കുന്നുണ്ട്.
അടുത്ത സമ്പൂര്‍ണ സൂര്യ ഗ്രഹണം എപ്പോള്‍
2026 ഓഗസ്റ്റ് 12 നാണ് അടുത്ത സമ്പൂര്‍ണ സൂര്യ ഗ്രഹണം. ആർട്ടിക് സമുദ്രം, കിഴക്കൻ ഗ്രീൻലാൻഡ്, പടിഞ്ഞാറൻ ഐസ്‌ലാൻഡ്, വടക്കൻ സ്‌പെയിൻ എന്നിവയിലൂടെ കടന്നുപോകുന്നതായിരിക്കും ഗ്രഹണത്തിന്‍റെ പാത. ബലേറിക് കടലിന് മുകളിൽ ഒന്നര മുതൽ രണ്ട് മിനിറ്റ് വരെ പൂർണ്ണ സൂര്യഗ്രഹണം നീണ്ടുനിൽക്കും. ഐസ്‌ലാൻഡിൽ, സൂര്യഗ്രഹണം രണ്ട് മിനിറ്റും 18 സെക്കൻഡും നീണ്ടുനിൽക്കും. ഗ്രീൻലാൻഡിൽ, ഏകദേശം രണ്ട് മിനിറ്റും 17 സെക്കൻഡും നീണ്ടുനില്‍ക്കും.
2027 ലെ സൂര്യഗ്രഹണം
2027 ലെ സൂര്യഗ്രഹണം ഓഗസ്റ്റ് 2 നായിരിക്കും. തെക്കൻ സ്പെയിൻ, വടക്കേ ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെയാണ് ഗ്രഹണത്തിന്‍റെ പാത. ഈജിപ്തിലെ ലക്സറിൽ ആറ് മിനിറ്റും 23 സെക്കൻഡും നീണ്ടുനിൽക്കുന്ന ഈ ഗ്രഹണം 21-ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരിക്കും. ‘ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്’ എന്നാണ് ഈ സൂര്യഗ്രഹണം അറിയപ്പെടുന്നത്. ഈ സമയം ഭൂമി അഫിലിയനില്‍ അഥവാ സൂര്യനിൽ നിന്നുള്ള ഏറ്റവും അകലെയുള്ള ബിന്ദുവിൽ ആയിരിക്കും. അതേസമയം, ചന്ദ്രനാകട്ടെ ഭൂമിയോട് ഏറ്റവും അടുത്തുള്ള ബിന്ദുവായ പെരിജിയിൽ ആയിരിക്കും, ഈ സംയോജനം മൂലം ചന്ദ്രന്‍ പതിവിലും കൂടുതൽ സമയം സൂര്യനെ മറച്ചുവയ്ക്കും.
ടോട്ടാലിറ്റി ലൈനിൽ സ്ഥിതി ചെയ്യുന്ന ടാൻജിയർ മൊറോക്കോയായിരിക്കും പൂര്‍ണതയില്‍ ഗ്രഹണം ആസ്വദിക്കാന്‍ കഴിവുള്ള പ്രദേശം. നാല് മിനിറ്റും 50 സെക്കൻഡും ഇവിടെ ഗ്രഹണം നീണ്ടുനില്‍ക്കും. തെക്കൻ സ്പെയിനിലെ മലാഗയും കാഡിസും ടോട്ടാലിറ്റി ലൈനിൽ ഉണ്ടാകും. 2114 വരെ കരയിൽ നിന്ന് ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമാണ് 2027ല്‍ വരാനിരിക്കുന്നതെന്നാണ് സ്പേസ് ഡോട്ട് കോം പറയുന്നത്. ഈജിപ്തിലെ ലക്സറിലായിരിക്കും ആറ് മിനിറ്റ് പൂർണ്ണ അന്ധകാരത്തിൽ ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണത്തിന് സാക്ഷ്യം വഹിക്കാനാകുക.
എന്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം
സൂര്യനും ഭൂമിക്കും ഇടയിൽ വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ പൂർണമായോ ഭാഗികമായോ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സമ്പൂർണ സൂര്യഗ്രഹണസമയത്ത്, സൂര്യനും ചന്ദ്രനും ഭൂമിയും പൂർണമായി വിന്യസിക്കുകയും സൂര്യന്‍റെ മുഴുവൻ ഡിസ്കും ചന്ദ്രൻ മൂടുകയും ചെയ്യുന്നു. അതേസമയം, ഭാഗിക സൂര്യഗ്രഹണ സമയത്ത് ഇവ മൂന്നും പൂർണമായി വിന്യസിക്കപ്പെടുന്നില്ല, അതിനാൽ സൂര്യന്‍റെ ഒരു ഭാഗം മാത്രമേ ചന്ദ്രനാൽ മൂടപ്പെടുകയുള്ളൂ.