ചിത്രം/നാസ (ഫയല്‍)
ഇനി ദിവസങ്ങള്‍ മാത്രം, ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇതാ എത്തിക്കഴിഞ്ഞു. എന്നാല്‍ ഈ സൂര്യഗ്രഹണത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. സമ്പൂര്‍ണ സൂര്യഹ്രണങ്ങളെ പോലെ തന്നെ എല്ലാവരും ഉറ്റുനോക്കുന്ന വലയഗ്രഹണമാണ് സംഭവിക്കാനിരിക്കുന്നത്. ഈ സമയം സൂര്യന്‍ ആകാശത്തൊരു അഗ്നിവളയമാകും. അരികുകൾ ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് നിറത്തിൽ തെളിഞ്ഞുനിൽക്കും.
ഫെബ്രുവരി 17 നാണ് വലയഗ്രഹണം അല്ലെങ്കില്‍ ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം സംഭവിക്കുക. ഫോർബ്‌സിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് അന്റാർട്ടിക്കയിലെ വിദൂര പ്രദേശങ്ങളിൽ നിന്ന് മാത്രമേ ഈ ആകാശ വിസ്മയം ദൃശ്യമാകൂ. ഇത്തവണ സൂര്യന്റെ കേന്ദ്രത്തിന്റെ 96 ശതമാനവും ചന്ദ്രന്‍ മറയ്ക്കുകയും ചെയ്യും. 2 മിനിറ്റ് 20 സെക്കൻഡ് വരെ ഗ്രഹണം അതിന്‍റെ പൂര്‍ണതയില്‍ നീണ്ടുനില്‍ക്കും.
എന്താണ് വലയസൂര്യഗ്രഹണം?
വലയഗ്രഹണത്തെ കുറിച്ച അറിയുന്നതിന് മുന്‍പ് ഗ്രഹണങ്ങളെ പറ്റി അറിയണം. സൂര്യനെ ഭൂമിയും, ഭൂമിയെ ചന്ദ്രനും പരിക്രമണം (ചുറ്റി സഞ്ചരിക്കുന്നുണ്ട്) ചെയ്യുന്നുണ്ട്. ഈ പരിക്രമണത്തിനിടെ ഇവ മൂന്നും നേർരേഖയിൽ വന്നാൽ സൂര്യനോ ചന്ദ്രനോ മറയ്ക്കപ്പെടുന്നതായി അനുഭവപ്പെടും. ഇതാണ് ഗ്രഹണം. ഭൂമിയിൽ നിന്നു നോക്കുമ്പോള്‍ തോന്നുന്നതാണിത്. ഇതില്‍ ഭൂമിക്കും സൂര്യനുമിടയി വരുന്ന ചന്ദ്രബിംബം സൂര്യബിംബത്തെ മറയ്ക്കുമ്പോള്‍ സൂര്യഗ്രഹണം സംഭവിക്കുന്നു. സൂര്യനും ചന്ദ്രനുമിടയിൽ ഭൂമി വരികയും, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിയ്ക്കുകയും ചെയ്താല്‍ ചന്ദ്രഗ്രഹണവും സംഭവിക്കുന്നു.
അതേസമയം, നമ്മുടെ കാഴ്ചയിൽ ഒരു വസ്തുവിന്റെ വലുപ്പം അതിന്റെ യഥാർഥ വലുപ്പത്തെയും ആ വസ്തുവിലേക്കുള്ള ദൂരത്തേയും ആശ്രയിച്ചിരിക്കും. അതായത് അകലം കൂടുന്തോറും വസ്തുക്കളുടെ ആപേക്ഷിക വലുപ്പം കുറഞ്ഞുവരും. ഇത് സൂര്യന്‍റെയും ചന്ദ്രന്‍റെയും കാര്യത്തിലും സംഭവിക്കുന്നുണ്ട്. ചന്ദ്രന്റെ വ്യാസം 3474 കിലോമീറ്റർ ആണെങ്കിലും ഭൂമിയിൽ നിന്നും ശരാശരി ദൂരം 3,84,400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ ചന്ദ്രനെ നമ്മൾ തീരെ ചെറിയ ഒരു വസ്തുവായാണ് കാണുന്നത്. അതേസമയം ചന്ദ്രനേക്കാള്‍ പലമടങ്ങ്, കൃത്യമായി പറഞ്ഞാല്‍ ഏകദേശം 14 ലക്ഷം കിലോമീറ്റർ വ്യാസമുള്ള ഭീമാകാരമായ ഒരു ഗോളമാണ് സൂര്യൻ. എന്നാൽ ഭൂമിയിൽ നിന്നും ഏകദേശം 15 കോടി കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ നമ്മള്‍ കാണുമ്പോള്‍ സൂര്യനും ചെറിയ വസ്തുവാണ്. അതുകൊണ്ടാണ് നേര്‍രേഖയില്‍ വരുമ്പോള്‍ സൂര്യനേക്കാള്‍ ചെറിയ ചന്ദ്രന്‍ സൂര്യനെ മറയ്ക്കുന്നതായി നമുക്ക് തോന്നുന്നത്.
ഭൂമി സൂര്യനേയും ചന്ദ്രന്‍ ഭൂമിയേയും പരിക്രമണം ചെയ്യുന്നത് ദീർഘവൃത്താകാര പാതയിലാണ്. അതിനാൽ ചിലസമയങ്ങളിൽ ഭൂമിയും ചന്ദ്രനുമായുള്ള അകലം കൂടുതലായിരിക്കുകയും ഈ സമയം നമ്മള്‍ സാധാരണ കാണുന്നതിനേക്കാള്‍ ചെറുതായിരിക്കും ചന്ദ്രന്‍. ഈ അവസരത്തില്‍ സൂര്യഗ്രഹണം നടക്കമ്പോള്‍ സൂര്യനെ പൂർണ്ണമായും മറയ്ക്കാനുള്ള ആപേക്ഷിക വലുപ്പം ചന്ദ്രനുണ്ടാകില്ല. ഇതോടെ ചന്ദ്രനാൽ മറയ്ക്കപ്പെടാത്ത സൂര്യബിംബത്തിന്റെ പുറംഭാഗം ഒരു വലയം പോലെ നമുക്ക് കാണാന്‍ സാധിക്കും ഇതാണ് വലയ സൂര്യഗ്രഹണം.
വരാനിരിക്കുന്ന വലയഗ്രഹണങ്ങള്‍
ഇത്തവണ അന്റാർട്ടിക്കയിലെ വിദൂര പ്രദേശങ്ങളിൽ മാത്രമേ ദൃശ്യമാകൂ എന്നതിനാല്‍ തന്നെ കുറച്ചുപേര്‍ക്കേ ഗ്രഹണം കാണാന്‍ സാധിക്കൂ. അടുത്ത വലയഗ്രഹണമാകട്ടെ 2027 ഫെബ്രുവരി 6 നാണ് സംഭവിക്കുക. അന്ന് പശ്ചിമാഫ്രിക്കയ്ക്ക് പുറമേ തെക്കേ അമേരിക്കൻ രാജ്യങ്ങളായ ചിലി, അർജന്റീന എന്നിവിടങ്ങളിലും വലയഗ്രഹണം ദൃശ്യമാകൂ. അതിനുശേഷം 2028 ജനുവരി 26 നാണ് അടുത്ത വലയഗ്രഹണം കാണാന്‍. ഇത് 10 മിനിറ്റും 27 സെക്കൻഡും നീണ്ടുനിൽക്കും, ഗാലപാഗോസ് ദ്വീപുകൾ, ഇക്വഡോർ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് ദൃശ്യമാകുകയും ചെയ്യും.
കേരളത്തില്‍ ഇനി എന്ന്?
കേരളത്തിൽ ഈ നൂറ്റാണ്ടിൽ 3 വലയ സൂര്യഗ്രഹണങ്ങൾ മാത്രമാണുള്ളത്. ആദ്യത്തേത് 2010 ജനുവരി 15 നായിരുന്നു. രണ്ടാമത്തേതാകട്ടെ 2019 ഡിസംബര്‍ 26 നും. ഈ നൂറ്റാണ്ടിലെ അവസാനത്തെ വലയഗ്രഹണം 2031 മേയ് 21നായിരിക്കും നടക്കുക. കോട്ടയം കേന്ദ്രമായി മധ്യകേരളത്തിൽ സൂര്യന്‍ ഒരു അഗ്നി വളയമാകുന്നത് ദൃശ്യമാകുകയും ചെയ്യും.