Image: China Daily/Reuters
നാസയുടെ ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും മാസങ്ങളോളം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. ബഹിരാകാശ പേടകത്തിലെ തകരാറിനെത്തുടർന്ന് ഒമ്പത് മാസമാണ് അവർ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയത്. ഒടുവിൽ ഒരു സ്പേസ് എക്സ് ഡ്രാഗൺ കാപ്സ്യൂളിൽ ഭൂമിയിലേക്ക് മടങ്ങുകയും ചെയ്തു. ഇപ്പോളിതാ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ശേഷം മൂന്ന് ബഹിരാകാശ യാത്രികര്‍ കൂടി പേടകത്തിലെ തകരാറുമൂലം ബഹിരാകാശത്ത് കുടങ്ങിയിരിക്കുകയാണ്.
ചൈനയുടെ ഷെന്‍ഷോ-20 പേടകത്തിന്‍റെ റിട്ടേൺ കാപ്സ്യൂളില്‍ ബഹിരാകാശ അവശിഷ്ടങ്ങൾ (സ്പേസ് ഡെബ്‍രി) ഇടിച്ച് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് മൂന്ന് ചൈനീസ് യാത്രികരാണ് ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുന്നത്. ചെൻ ഡോങ്, ചെൻ സോങ്‌രുയി, വാങ് ജി എന്നിവരാണ് ഏപ്രിൽ മുതൽ ചൈനയുടെ ബഹിരാകാശനിലമായ ടിയാന്‍ഗോങില്‍ തുടരുന്നത്. നവംബർ 5 നായിരുന്നു സംഘത്തിന്‍റെ മടക്കയാത്ര നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാപ്സ്യൂളിന്റെ പുറംഭാഗത്ത് കേടുപാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഭ്രമണപഥത്തിലെ ബഹിരാകാശ അവശിഷ്ടവുമായി കൂട്ടിയിടിച്ചതാണ് കാരണമെന്നാണ് ചൈന മാനെഡ് സ്‌പേസ് ഫ്ലൈറ്റ് ഏജൻസി (സിഎംഎസ്എ) കരുതുന്നത്. പേടകം ഇപ്പോഴും പുനഃപ്രവേശനത്തിനായി ഉപയോഗിക്കാൻ കഴിയുമോ എന്നറിയാന്‍ ആഘാത വിശകലനവും അപകടസാധ്യത വിലയിരുത്തലും ആരംഭിച്ചിട്ടുണ്ട്.
ഭൂമിയിലേക്കുള്ള മടക്കയാത്രയ്ക്ക് മുമ്പുള്ള അന്തിമ പരിശോധനയിലാണ് കേടുപാടുകൾ കണ്ടെത്തിയത്. ഇത് പരിഹരിക്കാനാകുമോ അതോ ബദൽ പദ്ധതികള്‍ ആവശ്യമാണോ എന്നും ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ബാക്കപ്പ് റെസ്ക്യൂ പ്ലാനുകൾ പരിഗണനയിലാണെന്നും സിഎംഎസ്എ അറിയിച്ചു. ഇതിനായി ഷെൻഷോ-22 ദൗത്യം വിക്ഷേപിച്ചേക്കാം. എങ്കിലും കുടുങ്ങിക്കിടക്കുന്ന ബഹിരാകാശയാത്രികർക്ക് എപ്പോൾ ഭൂമിയിലേക്ക് മടങ്ങാൻ കഴിയുമെന്നത് ഇപ്പോഴും വ്യക്തമല്ല. എല്ലാ ബഹിരാകാശയാത്രികരും ആരോഗ്യവാനാണെന്നും ടിയാൻഗോങ്ങിലെ ജീവൻ രക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും ഏജൻസി സ്ഥിരീകരിച്ചിട്ടുണ്ട്. എന്‍ജിനീയര്‍മാര്‍ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ കഴിഞ്ഞ വെള്ളിയാഴ്ച വിക്ഷേപിച്ച ഷെൻഷോ-21 ദൗത്യത്തിന്‍റെ ബഹിരാകാശയാത്രികരും ടിയാൻഗോങ്ങിൽ എത്തിയിട്ടുണ്ട്.
ഭീഷണിയാകുന്ന ‘സ്പേസ് ഡെബ്‍രി’
ബഹിരാകാശ യാത്രകളിലും പര്യവേഷണങ്ങളിലും ഇന്ന് വർദ്ധിച്ചുവരുന്ന ആശങ്കയാണ് ബഹിരാകാശ അവശിഷ്ടങ്ങള്‍ അല്ലെങ്കില്‍ ബഹിരാകാശ മാലിന്യങ്ങള്‍. പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങളിൽ നിന്നുള്ള ഭാഗങ്ങള്‍, റോക്കറ്റുകളില്‍ നിന്നുള്ള ഭാഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇന്ന് ബഹിരാകാശത്ത് മണിക്കൂറിൽ 17,000 മൈൽ വരെ വേഗതയിൽ ഭൂമിയെ ചുറ്റുന്നുണ്ട്. ഒരു കൂട്ടിയിടിയുണ്ടായാല്‍ ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്താൻ തക്ക വേഗതയാണിത്. ഇത്തരത്തില്‍ 19,000 ത്തിലധികം ട്രാക്ക് ചെയ്ത ബഹിരാകാശ മാലിന്യങ്ങളും നിരീക്ഷിക്കാൻ കഴിയാത്തത്ര ചെറുതായ അര ദശലക്ഷം മാലിന്യങ്ങളും ഭ്രമണപഥത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. ഈ വസ്തുക്കൾ ബഹിരാകാശ പേടകങ്ങൾക്കും ഉപഗ്രഹങ്ങൾക്കും യാത്രികര്‍ക്കും ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നുണ്ട്.