File Image Credit : AFP
ചന്ദ്രനില്‍ വലിയ പൊട്ടിത്തെറി നടന്നുവെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 30ന് രാത്രിയിലാണ് ശാസ്ത്രലോകത്തെ പോലും അമ്പരപ്പിച്ച ആ പൊട്ടിത്തെറി ചന്ദ്രനിലുണ്ടായതെന്നാണ് വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. അമച്വര്‍ അസ്ട്രോണമറാണായ ഡയ്ചി ഫുജിയാണ് വിഡിയോ ദൃശ്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
രാത്രി എട്ടര (8.33.13.4) കഴിഞ്ഞതോടെയാണ് പൊട്ടിത്തെറിയെന്നാണ് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ചന്ദ്രന് അന്തരീക്ഷമില്ലെന്നിരിക്കെ ഉല്‍ക്കകള്‍ നേരിട്ട് ഉപരിതലത്തിലേക്ക് പതിക്കുകയാണ് ചെയ്യുക. ഇത് പൊട്ടിത്തെറികള്‍ക്കും ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നതിനും കാരണമാകുന്നു. ചന്ദ്ര ആഘാത ഗര്‍ത്തമായ ഗാസെന്‍ഡി ക്രേറ്ററിന് കിഴക്കായാണ് പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. തെക്കു വടക്കന്‍ റ്റോറിഡ് ഉല്‍ക്കാവര്‍ഷത്തിന്‍റെ ഭാഗമായി സംഭവിച്ചതാകാം പൊട്ടിത്തെറിയെന്നാണ് സ്ഥല–സമയങ്ങളെ അടിസ്ഥാനമാക്കി വിദഗ്ധരുടെ വിലയിരുത്തല്‍.
ചന്ദ്രനില്‍ ബഹിരാകാശത്തെ മാലിന്യങ്ങളടക്കം നിരന്തരമായി പതിക്കുന്നുവെന്നും ഇത് ചന്ദ്രോപരിതലത്തില്‍ പലവിധ മാറ്റങ്ങളും വരുത്തുന്നുവെന്നും നേരത്തെ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നാസയുടെ എല്‍ആര്‍ഒ യില്‍ നിന്ന് ഈ പൊട്ടിത്തെറിയുടെ ചിത്രങ്ങള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകം. ഇതില്‍ നിന്നും കുറേക്കൂടി കൃത്യമായ വിവരങ്ങള്‍ ലഭിക്കുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. ചന്ദ്രനിലേക്ക് ദൈര്‍ഘ്യമേറിയ ദൗത്യങ്ങള്‍ക്കായി മനുഷ്യനെ അയയ്ക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ചന്ദ്രനില്‍ പൊട്ടിത്തെറിയുണ്ടാകുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നത് കൗതുകമേറ്റുന്നുണ്ട്.