രണ്ട് പതിറ്റാണ്ടിലേറെയായി മനുഷ്യന്‍റെ ബഹിരാകാശ ഗവേഷണങ്ങളിലും വിപ്ലവകരമായ നേട്ടങ്ങളിലും നിര്‍ണായക പങ്കുവഹിച്ച രാജ്യാന്തര ബഹിരാകാശ നിലയം ‘റിട്ടയര്‍മെന്‍റിന്’ ഒരുങ്ങുകയാണ്. മൊഡ്യൂളുകളുടെ കാലപ്പഴക്കവും വർദ്ധിച്ചുവരുന്ന അറ്റകുറ്റപ്പണികളുമാണ് നിലയത്തിന്‍റെ ‘റിട്ടയര്‍മെന്റിന്’ വഴിയൊരുക്കുന്നത്. ഭാവിയിലെ ബഹിരാകാശയാത്രികരുടെ സുരക്ഷയും സ്ഥിരതയും കണക്കിലെടുത്താണ് ഈ തീരുമാനം. 2030 ആകുമ്പോഴേക്കും സ്റ്റേഷൻ അതിന്‍റെ അന്തിമ ദൗത്യവും പൂർത്തിയാക്കും. ശേഷം ഭൂമിയില്‍ ഇടിച്ചിറങ്ങും.
എവിടെ പതിക്കും?
പ്രവര്‍ത്തനം അവസാനിപ്പിച്ചതിന് ശേഷം ഭ്രമണപഥത്തില്‍ നിന്ന് നിലയത്തെ മാറ്റാനാണ് പദ്ധതി. ഇതിനായി 2031 ല്‍ പസഫിക് സമുദ്രത്തില്‍ ബഹിരാകാശ നിലയം ഇടിച്ചിറക്കും. പസഫിക്ക് സമുദ്രത്തിലെ ഒറ്റപ്പെട്ട പ്രദേശമായ പോയിന്റ് നീമോയിലായിരുക്കും ബഹിരാകാശ നിലയം പതിക്കുക. വളരെക്കാലമായി ‘ബഹിരാകാശ പേടകങ്ങളുടെ ശ്മശാന ഭൂമിയാണ് പോയിന്‍റ് നീമോ. നൂറുകണക്കിന് ഉപഗ്രഹങ്ങളും ബഹിരാകാശ സ്റ്റേഷനുകളും അതിന്‍റെ ആഴങ്ങളിലാണ് പതിച്ചത്. ഭൂമിയിലെ ജീവനും വിഭവങ്ങള്‍ക്കുമുണ്ടാകുന്ന ഏറ്റവും കുറഞ്ഞ അപകടസാധ്യത കണക്കിലെടുത്താണ് നാസ ഈ പ്രദേശം തിരഞ്ഞെടുത്തത്. വടക്ക് ഡ്യൂസി ദ്വീപുകൾക്കും മോട്ടു നുയിക്കും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പോയിന്‍റ് നീമോയില്‍ നിന്ന് ഏറ്റവും അടുത്തുള്ള കര ഭാഗം ഏകദേശം 2,688 കിലോമീറ്റർ അകലെയാണ്.
പ്രത്യേക ഡിയോർബിറ്റ് വാഹനം ഉപയോഗിച്ചായിരിക്കും ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തില്‍ നിന്ന് മാറ്റുക. സ്‌പേസ് എക്‌സിന്റെ സഹായത്തോടെ നിർമ്മിക്കുന്ന ഈ വാഹനം ബഹിരാകാശ നിലയത്തിന്‍റെ ഭൂമിയിലേക്കുള്ള നിയന്ത്രിത പുനഃപ്രവേശം ഉറപ്പാക്കുന്നു. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ അവശിഷ്ടങ്ങൾ വീഴുന്നത് ഈ പ്രക്രിയ തടയും. ഇതിന് ശേഷം നിലയത്തിന്‍റെ ഒരു ചെറിയ ഭാഗം മാത്രമേ കേടുകൂടാതെ നിലനിൽക്കൂ. ഈ ഭാഗം പസഫിക് സമുദ്രത്തിന്റെ ആഴങ്ങളില്‍ ഭൂമിക്കും ജീവനും നിരുപദ്രവകരമായി വീഴും.
നിലയത്തിന്‍റെ ചരിത്രം
രാജ്യങ്ങളുടെ ആഗോള സഹകരണത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യാന്തര ബഹിരാകാശ നിലയം. മനുഷ്യർ ബഹിരാകാശത്ത് ഒരുമിച്ച് പ്രവർത്തിക്കാനും ജീവിക്കാനും പഠിച്ച ഒരു അതുല്യ പരീക്ഷണം. എന്തിനേറെ പറയുന്നു, ഒട്ടേറെ കാര്യങ്ങളില്‍ ശത്രുത വെച്ചുപുലര്‍ത്തുന്ന റഷ്യയും യുഎസും ദീര്‍ഘകാലം ഒന്നിച്ച് പ്രവര്‍ത്തിച്ച ദൗത്യം കൂടിയാണിത്. 1990 കളിൽ ബഹിരാകാശ നിലയം നിർമ്മിക്കുന്നതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത് നിലയത്തില്‍ നടത്താൻ കഴിയുന്ന പരീക്ഷണങ്ങൾ കാൻസർ ഭേദമാക്കാന്‍ സഹായിച്ചേക്കാമെന്നതും ഡാര്‍ക്ക് മാറ്റര്‍ കണ്ടെത്താന്‍ സഹായിക്കുമെന്നതുമായിരുന്നു.
പിന്നീട് 1998ലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം വിക്ഷേപിക്കുന്നത്. 2000 നവബര്‍ രണ്ടിന് ബഹിരാകാശ നിലയത്തില്‍ ആദ്യമായി സ്ഥിരവാസത്തിന് മനുഷ്യരെത്തുകയും ചെയ്തു. റഷ്യയുടെ സോയൂസ് റോക്കറ്റില്‍ നാസയുടെ ബില്‍ ഷെപ്പേര്‍ഡ്, റഷ്യയുടെ സെര്‍ഗെ ക്രിക്കലേവ്, യുറി ഗിഡ്‌സെന്‍കോ എന്നിവരാണ് ആദ്യം ബഹിരാകാശ നിലയത്തില്‍ വാസത്തിനെത്തിയത്. ഏകദേശം അഞ്ച് മാസത്തോളം അവര്‍ അവിടെ ചെലവഴിച്ചു. മൂന്ന് മുറികള്‍ മാത്രമായിരുന്നു അന്ന് നിലയത്തിലുണ്ടായിരുന്നത്. പിന്നീട് 26 രാജ്യങ്ങളില്‍ നിന്നുള്ള 290 പേര്‍ ബഹിരാകാശ നിലയം സന്ദര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വര്‍ഷമായി ഭൂമിക്ക് പുറത്ത് ഭ്രമണപഥത്തില്‍ മനുഷ്യവാസമുള്ള ഇടം കൂടിയായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയം.
ഇതുവരെ ബഹിരാകാശ നിർമ്മാണത്തിനും പ്രവർത്തനത്തിനുമായി 150 ബില്യൺ ഡോളർ ചിലവായിട്ടുണ്ട്. അതിന്റെ പരിപാലനത്തിനായി നാസ മാത്രം പ്രതിവർഷം 3 ബില്യൺ ഡോളർ ചെലവഴിക്കുന്നു.
മറ്റൊരു നിലയം വരുമോ?
നിലവില്‍ നാസയ്ക്ക് നേരിട്ട് പുതിയൊരു നിലയം വിക്ഷേപിക്കാന്‍ പദ്ധതിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ സ്വകാര്യ കമ്പനികള്‍ക്ക് അവസരം നല്‍കാനാണ് സാധ്യത. ആക്സിയം സ്‌പേസ്, ബ്ലൂ ഒറിജിൻ തുടങ്ങിയ കമ്പനികളും സ്റ്റാർലാബ് സ്‌പേസ്, നോർത്ത്‌റോപ്പ് ഗ്രുമ്മൻ എന്നിവരും പുതിയ ബഹിരാകാശ നിലയങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമായി നാസയുമായി സ്‌പേസ് ആക്റ്റ് കരാറുകളിൽ ഇതിനകം ഒപ്പുവച്ചിട്ടുണ്ട്.