ന്യൂസിലന്‍ഡിന്റെ ആകാശത്ത് അപൂര്‍വമായ ഒരു പ്രതിഭാസം കണ്ട് ഞെട്ടിയിരിക്കുകയാണ് ഫോട്ടോഗ്രാഫര്‍മാര്‍. ‘റെഡ് സ്പ്രൈറ്റ്സ്’ അഥവാ ചുവന്ന മിന്നൽ എന്നറിയപ്പെടുന്ന ഈ മനോഹര പ്രതിഭാസം ഒരുപക്ഷേ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ കാണാന്‍ ഭാഗ്യമുണ്ടാവുകയുള്ളൂ. ഒക്ടോബർ 11-നാണ് നിമിഷനേരം കൊണ്ട് മിന്നിമാഞ്ഞ ഈ വര്‍ണപ്രതിഭാസം കാണാനായത്. ആകാശഗംഗയുടെ ചിത്രങ്ങൾ പകർത്താനായാണ് ന്യൂസിലൻഡ് ഫോട്ടോഗ്രാഫർ ടോം റേയും സ്പാനിഷ് ഫോട്ടോഗ്രാഫർമാരായ ഡാൻ സാഫ്രയും ജോസ് കാന്റാബ്രാനയുമെത്തിയത്. സൗത്ത് ഐലൻഡിലെ ഒമാറാമ ക്ലേ ക്ലിഫ്സില്‍വച്ചാണ് ഈ കാഴ്ചയ്ക്ക് സാക്ഷികളായത്.
‘ഞങ്ങളെടുത്ത കാമറാചിത്രങ്ങളോരോന്നായി പരിശോധിക്കുന്നതിനിടെയായിരുന്നു ഈ കാഴ്ച കണ്ടത്, ആകാശഗംഗാ പനോരമയ്ക്കായുള്ള തയ്യാറെടുപ്പായിരുന്നു അത്. റെഡ് സ്പ്രൈറ്റ്സ് ആണ് പകര്‍ത്തിയതെന്ന് ബോധ്യപ്പെട്ടതോടെ ഞങ്ങള്‍ക്ക് വിശ്വസിക്കാനായില്ല’– ടോം റേ പറയുന്നു. തീര്‍ത്തും ഇതൊരു മാന്ത്രികാനുഭവമായിരുന്നെന്നും റേ പറയുന്നു.
എന്താണ് റെഡ് സ്പ്രൈറ്റ്സ്?
ഇടിമിന്നലിന് മുകളിൽ, 90 കിലോമീറ്റർ വരെ ഉയരത്തില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഹ്രസ്വമായ എന്നാല്‍ വലിയ തോതിലുള്ള വൈദ്യുത പ്രവാഹങ്ങളാണ് ചുവന്ന മിന്നലുകള്‍. ജെല്ലിഫിഷ് പോലുള്ള രൂപങ്ങളിൽ പ്രത്യക്ഷപ്പെടുകയും ഏതാനും മില്ലിസെക്കൻഡുകൾ മാത്രം നിലനിൽക്കുകയും ചെയ്യുന്നു. വളരെകുറച്ചു സമയമേ ഉണ്ടാവൂ എന്നതിനാല്‍ തന്നെ കാമറകളില്‍ പ്രത്യക്ഷപ്പെടാറില്ല.
തൂണുകൾ പോലെയും ചിലപ്പോള്‍ ഇവയെ കാണാനാകും. വളരെ മങ്ങിയതും, ഉയരത്തിൽ സ്ഥിതിചെയ്യുന്നതുമായതിനാല്‍ ഭൂമിയില്‍ പിടികിട്ടാത്ത പ്രതിഭാസങ്ങളായാണ് ഇവയെ കാണാനാവുക. ഇതാദ്യമായല്ല റെഡ് സ്പ്രൈറ്റ്സ് പകര്‍ത്തപ്പെടുന്നതെങ്കിലും അത്യപൂർവമായ പ്രതിഭാസമാണെന്ന കാര്യത്തില്‍ സംശയമില്ല.
1989ലാണ് ചുമന്ന മിന്നലിനെ ആദ്യമായി ക്യാമറയില്‍ പകര്‍ത്തിയതെന്ന് ഒടാഗോ മ്യൂസിയം ജ്യോതിശാസ്ത്രജ്ഞൻ ഇയാൻ ഗ്രിഫിൻ പറയുന്നു. ക്ഷണികമായതിനാല്‍ പരിചയസമ്പന്നരായ ആകാശ നിരീക്ഷകർക്ക് പോലും ഇവയെ കണ്ടെത്താൻ പ്രയാസമാണ്. നേരത്തേ ഹിമാലയത്തിന് മുകളില്‍ നിന്നും സമാനമായ പ്രതിഭാസം പകര്‍ത്തിയിട്ടുണ്ട്.