ന്യൂസീലൻഡിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ 'മോഹനം 2026' അരങ്ങേറി. ന്യൂസീലൻഡ് ഉപപ്രധാനമന്ത്രി ഡേവിഡ് സീമൂർ ഉൾപ്പെടെയുള്ള പ്രമുഖർ ആഘോഷത്തില്‍ പങ്കെടുത്തു. കമ്യൂണിറ്റി എക്സലൻസ് അവാർഡുകൾ, 'ഗോൾഡൻ ഇറ' സംഗീതവിരുന്ന്, 'മിസിസ് കേരള ന്യൂസീലൻഡ് 2026' സൗന്ദര്യമത്സരം എന്നിവ മനോഹരമായി നടത്തുകയും പുരസ്കാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
മഹേഷ് മുരളിധർ (മലയാളി ഐക്കൺ ഓഫ് ദി ഇയർ), ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് ന്യൂസീലൻഡ് (മികച്ച കമ്മ്യൂണിറ്റി സംഘടന) എന്നിവർ പുരസ്കാരങ്ങൾ നേടി. നഴ്സിങ് രംഗത്തെ മികവിന് ജിജോ ജോൺ, സിൻസിമോൾ ജോസഫ്, ആൽവി ഇടിക്കുള, ഹാനെ ഫിലിപ്പ് എന്നിവർ പുരസ്കാരങ്ങൾക്ക് അർഹരായി. ഉപപ്രധാനമന്ത്രിയാണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. ഡോക്ടർ ഡെബോറ റസ്സൽ എം.പി, പ്രിയങ്കാ രാധാകൃഷ്ണൻ എം.പി. തുടങ്ങിയവർ പങ്കെടുത്തു.
രേവതി മായ പ്രഥമ 'മിസിസ് കേരള ന്യൂസിലൻഡ്' പട്ടം ചൂടി. ജാനറ്റ് ജോളി ആലപ്പാട്ട് ഫസ്റ്റ് റണ്ണർ-അപ്പും ദേവിക ഗോപി സെക്കൻഡ് റണ്ണർ-അപ്പുമായി. അടുത്ത വർഷവും അവാർഡുകളും സൗന്ദര്യമത്സരവും നടത്തുമെന്നും 2027-ൽ മിസിസ് കേരള മത്സരത്തോടൊപ്പം 'മിസ് കേരള ന്യൂസിലൻഡ്' മത്സരം കൂടി സംഘടിപ്പിക്കുമെന്നും സംഘാടകരായ മലയാളം എഫ്എം 104.6 കമ്യൂണിറ്റി റേഡിയോ അറിയിച്ചു.