ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) രൂപപ്പെടുത്തിയ ആദ്യത്തെ വനിതാ ഹ്യൂമനോയിഡാണ് വ്യോമിത്ര. ഒന്നിലധികം ജോലികള്‍ ചെയ്യാനും പല ഭാഷകള്‍ സംസാരിക്കാനും മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ അനുകരിക്കാനും തിരിച്ചറിയാനും ചോദ്യങ്ങളോട് പ്രതികരിക്കാനും വ്യോമിത്രയ്ക്ക് സാധിക്കും. പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും ഇതിനുണ്ട്. സഹയാത്രികർ വിഷമിച്ചാൽ തമാശ പറഞ്ഞു ചിരിപ്പിക്കാനും ദൗത്യതലവന്മാരുടേയും, സഹയാത്രികരുടേയും ശബ്ദം തിരിച്ചറിഞ്ഞ് പ്രതികരിക്കാനുമുള്ള കഴിവും വ്യോമിത്രയ്ക്കുണ്ട്.
അന്തരീക്ഷം എന്നര്‍ഥം വരുന്ന വ്യോമ, കൂട്ടുകാരന്‍ എന്നര്‍ഥം വരുന്ന മിത്ര എന്നീ സംസ്കൃതവാക്കുകള്‍ ചേര്‍ത്താണ് വ്യോമിത്രയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ പരീക്ഷണമായ ഗഗന്‍യാന്‍ ദൗത്യത്തിൽ, ഒരു മനുഷ്യ സിമുലന്റായും ഫ്ലൈറ്റ് അനലിസ്റ്റായും വ്യോമിത്ര പ്രവർത്തിക്കും.
ഇസ്രോയുടെ ഇൻഷ്യൽ സിസ്റ്റംസ് യൂണിറ്റ് (IISU) വികസിപ്പിച്ചെടുത്ത, എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടായ വ്യോമിത്രയെ ആദ്യത്തെ ഗഗൻയാൻ ദൗത്യത്തിനുള്ള വിക്ഷേപണത്തിനായി ഒരുക്കുകയാണ്. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുക എന്ന ഇന്ത്യയുടെ സ്വപ്‌നങ്ങളിലെ ഒരു നിർണ്ണായക മുന്നേറ്റമായാണ് ഇതിനെ നോക്കിക്കാണാനാവുക. ഗൻയാൻ ക്രൂ ക്യാപ്‌സ്യൂളിലേക്ക് വ്യോമിത്രയെ സംയോജിപ്പിക്കുന്ന ഘട്ടമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
ഒരു റോബോട്ടിക് തലയും ഉടലും കൈകളുമുള്ള ഒരു അർദ്ധ-ഹ്യൂമനോയിഡാണ് വ്യോമിത്ര. പ്രവർത്തനക്ഷമമായ തോതിലുള്ള കാലുകളില്ലെങ്കിലും, ഇത് മൈക്രോഗ്രാവിറ്റി സാഹചര്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ്. 200 mm x 200 mm വലുപ്പവും വെറും 800 ഗ്രാം ഭാരവുമുള്ള വ്യോമിത്രയുടെ തലയോട്ടി ചൂടിനെ പ്രതിരോധിക്കുന്നതും അലൂമിനിയം ഉപയോഗിച്ച് നിര്‍മിച്ചതുമാണ്. എഐ സംവിധാനങ്ങളിലൂടെയാണ് വ്യോമിത്രയുടെ പ്രവര്‍ത്തനം നടക്കുക. ക്രൂ മൊഡ്യൂള്‍ ഡിസ്‌പ്ലേയും നിര്‍ദേശങ്ങളും വായിക്കും. ദൗത്യത്തിന് നിർണായകമായ പ്രവര്‍ത്തനം നടത്താനും ഹിന്ദിയിലും ഇംഗ്ലീഷിലും ആശയവിനിമയം നടത്താനും ഉപകരിക്കും.
വ്യോമിത്രയുടെ ജോലി
ഗഗൻയാൻ ജിവണ്‍ ദൗത്യത്തിൽ, മനുഷ്യന്റെ പ്രതിനിധിയായി പ്രവർത്തിക്കുക എന്നതാണ് വ്യോമിത്രയുടെ പ്രധാന ദൗത്യം. ഇതിൽ ഫ്ലൈറ്റ് നടപടിക്രമങ്ങളുടെ വിശകലനം , അന്തരീക്ഷ മർദ്ദം, താപനില തുടങ്ങിയ പാരിസ്ഥിതിക അളവുകള്‍ നിരീക്ഷിക്കുക എന്നതും വ്യോമിത്രയുടെ ജോലിയാണ്. ദൗത്യ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നതിനായി പ്രത്യേക സെൻസറുകളും ഇവയിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു മനുഷ്യ ബഹിരാകാശയാത്രികൻ നിർവഹിക്കുന്ന പല റോളുകളും വ്യോമിത്ര ഒറ്റയ്ക്ക് ചെയ്യും.
ഭൂമിയിലെ മിഷൻ നിയന്ത്രണവുമായി സംവദിക്കാനും, മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ നടത്താനും, വ്യോമിത്രയെ പ്രോഗ്രാം ചെയ്തിട്ടുണ്ട്. 2027-ൽ ഷെഡ്യൂൾ ചെയ്തിട്ടുള്ള ഇസ്രോയുടെ ആദ്യത്തെ മനുഷ്യനെ വഹിച്ചുള്ള ഗഗൻയാൻ യാത്രയ്ക്ക് തയ്യാറെടുക്കുമ്പോൾ ഈ ഡാറ്റ നിർണായകമായിരിക്കും. വ്യോമിത്രയുടെ ദൗത്യം സാങ്കേതികമായ ഒരു മുന്നേറ്റമാണ്. തദ്ദേശീയമായ കണ്ടുപിടുത്തങ്ങൾക്കും, ബഹിരാകാശ ഗവേഷണത്തിനും, ഇന്ത്യയുടെ ബഹിരാകാശ പരിപാടിയിലെ അന്താരാഷ്ട്ര പങ്കാളിത്തത്തിനും ഇത് ഒരു പുതിയ അധ്യായമാവുമെന്നാണ് പ്രതീക്ഷ.