സാങ്കേതികവിദ്യയെ എത്രത്തോളം ജനാധിപത്യവൽക്കരിക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചായിരിക്കും എ.ഐയിലെ രാജ്യത്തിന്‍റെ ഭാവിയെന്ന് ആമസോൺ വെബ് സർവീസസ് ഇന്ത്യ–സൗത്ത് ഏഷ്യ പ്രസിഡന്‍റ് സന്ദീപ് ദത്ത. രാജ്യത്തിന്‍റെ ഏറ്റവും താഴെത്തട്ടിലേക്കും ഡിജിറ്റൽ ഇടപെടലുകൾ എത്തിയെന്നും മനോരമ ഓൺലൈൻ 'ടെക്സ്പെക്റ്റേഷൻസിൽ സന്ദീപ് ദത്ത പറഞ്ഞു. വിവിധ മേഖലകളിലെ ആഗോള വിദഗ്ധരാണ് ഇത്തവണയും ടെക്സ്പെക്റ്റേഷൻസിൽ പങ്കെടുക്കുന്നത്.

ആശയങ്ങളുടെയും പ്രതീക്ഷകളുടെയും കൈ പിടിച്ച് ഭാവിയുടെ വാതിൽ തുറക്കുകയാണ് കേരളത്തിന്‍റെ ഏറ്റവും വലിയ ഡിജിറ്റൽ ഉച്ചകോടിയായ ടെക്സ്പെക്റ്റേഷൻസ്. ഇന്ത്യ വിവിധ മേഖലകളിൽ അതിവേഗം വളരുകയാണെന്ന് ടെക്സ്പെക്റ്റേഷൻസിൽ മുഖ്യപ്രഭാഷണം നടത്തി ആമസോൺ വെബ് സർവീസസ് ഇന്ത്യ–സൗത്ത് ഏഷ്യ പ്രസിഡന്റ് സന്ദീപ് ദത്ത ചൂണ്ടിക്കാട്ടി. ഏറ്റവും താഴേത്തട്ടിൽ വരെ ഡിജിറ്റല്‍ ഇടപെടലുകൾ എത്തിക്കഴിഞ്ഞു. സർക്കാരുകൾ ഇത് കൃത്യമായി പ്രയോജനപ്പെടുത്തുന്നുണ്ട്. ആത്മനിർഭർ എന്ന ലക്ഷ്യത്തിലേക്ക് എത്താൻ ഇന്ത്യയ്ക്ക് ആമസോൺ എല്ലാ പിന്തുണയും നൽകും. 2030നകം 3500 കോടി ഡോളർ കൂടി ഇന്ത്യയിൽ ആമസോൺ നിക്ഷേപിക്കുമെന്നും സന്ദീപ് ദത്ത പറഞ്ഞു

'എഐ ഫസ്റ്റ്'’ ലോകത്ത് ടെക്നോളജി എങ്ങനെ ലോകത്തെ മാറ്റിമറക്കുമെന്നതാണ് ടെക്സ്പെക്റ്റേഷൻസ് അന്വേഷിക്കുന്നതെന്ന് ഉച്ചകോടിയിൽ സ്വാഗതമാശംസിച്ച് മനോരമ ഓൺലൈൻ സി.ഇ.ഒ മറിയം മാമൻ മാത്യു പറഞ്ഞു. നാഗരികതയുടെ അടിത്തറയായി ടെക്നോളജി മാറുന്ന കാലമാണ് വരുന്നതെന്ന് ആശംസ പ്രസംഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ.ടോം ജോസഫ് ചൂണ്ടിക്കാട്ടി. ക്രിസ്റ്റൽ ബോളിങ് 2030’ എന്നതാണ് ഇത്തവണത്തെ ടെക്സ്പെക്റ്റേഷൻസിന്റെ പ്രമേയം. സാങ്കേതികവിദ്യ, വാണിജ്യം, വിനോദം, ആരോഗ്യം, മാധ്യമം തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് വിവിധ സെഷനുകളിലായി പങ്കെടുക്കുന്നത്

ENGLISH SUMMARY:

Sandeep Datta, President of Amazon Web Services India–South Asia, stated that India's future in AI depends on how democratized technology becomes. He emphasized the widespread reach of digital interventions down to the grassroots level, as discussed during the Malayala Manorama Online 'Techxpectations' summit