ആകാശനിരീക്ഷകർ കാത്തിരിക്കുന്ന സമ്പൂര്‍ണ ചന്ദ്രഗ്രഹണം അതിന്റെ പാരമ്യത്തിലേക്ക്. ഇന്ത്യയിൽ ഉൾപ്പെടെ രക്ത ചന്ദ്രൻ അഥവാ ബ്ലഡ് മൂൺ ദൃശ്യമായി തുടങ്ങി. രാത്രി 11 നും 12.22 നും ഇടയിലായിരിക്കും ഗ്രഹണം ഉച്ചസ്ഥായിലെത്തുക. ഈ സമയം പൂർണ്ണതയിൽ, ഓറഞ്ച് അല്ലെങ്കിൽ ചുവപ്പ് നിറത്തിൽ ചന്ദ്രന്‍ ദൃശ്യമാകും. രാത്രി 8:58 ന്ന് ഗ്രഹണം ആരംഭിച്ചിട്ടുണ്ട്. നാളെ പുലർച്ചെ 2:25 ന് (20:55 UTC) ഗ്രഹണം അവസാനിക്കുകയും ചെയ്യും. 

ഏഷ്യ, ഓസ്‌ട്രേലിയ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ എല്ലാം ഗ്രഹണം ദൃശ്യമാകുന്നുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ പുറത്തേക്കിറങ്ങിയാൽ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും രക്തചന്ദ്രനെ കാണാന്‍ സാധിക്കും. ആകെ അഞ്ച് മണിക്കൂര്‍‌ നീണ്ടു നില്‍ക്കുന്ന ഗ്രഹണം, പൂര്‍ണതയില്‍ 82 മിനിറ്റ് ആയിരിക്കും ദൃശ്യമാകുക. വരാനിരിക്കുന്ന വര്‍ഷങ്ങളിലെ ഏറ്റവും ദൈർഘ്യമേറിയതും ദൃശ്യവുമായ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നാണ് പുറഗമിക്കുന്നത്. നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ രക്തചന്ദ്രനെ കാണാൻ സാധിക്കും. പ്രത്യേക ഉപകരണങ്ങളൊന്നും ആവശ്യമില്ല. എന്നാല്‍‌ ബൈനോക്കുലറുകളോ ദൂരദർശിനിയോ ഉണ്ടെങ്കിൽ കാഴ്ച കൂടുതല്‍ മിഴിവുള്ളതായിരിക്കും. സൂര്യപ്രകാശം മാത്രം പ്രതിഫലിപ്പിക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സുരക്ഷിതമാണ്.

എന്താണ് ചന്ദ്രഗ്രഹണം?

ചന്ദ്രനും സൂര്യനും ഇടയിൽ ഭൂമിയെത്തുമ്പോള്‍, ഭൂമിയുടെ നിഴൽ ചന്ദ്രനിൽ പതിക്കുമ്പോഴാണ് ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ഭാഗിക ചന്ദ്രഗ്രഹണത്തില്‍ ഭൂമിയുടെ നിഴലിൽ ചന്ദ്രന്‍റെ ഒരു ഭാഗം മാത്രമേ മറയുകയുള്ളൂ. അതേസമയം, ‌സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തില്‍ സൂര്യനും ഭൂമിയും ചന്ദ്രനും നേർരേഖയിലായിരിക്കും. ഈ സമയം ഭൂമിയുടെ നിഴലിന്‍റെ ഏറ്റവും ഇരുണ്ട ഭാഗമായ അംബ്ര ചന്ദ്രനെ മൂടുന്നു. ഭൂമിയുടെ നിഴലിൽ ചന്ദ്രൻ പൂർണ്ണമായി മറയുകയും എന്നാല്‍ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനെ ചുവപ്പ് കലർന്ന ഓറഞ്ച് നിറത്തിൽ ദൃശ്യമാക്കുകയും ചെയ്യുന്നു.

ചന്ദ്രന്‍റെ ചുവപ്പ് നിറത്തിന് കാരണം

സമ്പൂര്‍ണ ചന്ദ്രഗ്രഹണ സമയത്ത് ഭൂമിയുടെ അന്തരീക്ഷമാണ് ചന്ദ്രനെ ‘രക്തചന്ദ്രനാ’ക്കി മാറ്റുന്നത്. ഈ സമയം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ ചന്ദ്രനില്‍ പതിക്കുന്നു. ഈ സൂര്യരശ്മികള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രകീര്‍ണനത്തിന് വിധേയമാകും. ഇതോടെ ദൃശ്യപ്രകാശത്തിലെ പച്ച മുതൽ വയലറ്റ് തരംഗദൈർഘ്യം കുറഞ്ഞ കിരണങ്ങള്‍ ചിതറിത്തെറിക്കുകയും തരംഗദൈർഘ്യം കൂടിയ ചുവപ്പ്, ഓറഞ്ച് നിറങ്ങള്‍ ചന്ദ്രനിലേക്കെത്തുകയും ചെയ്യുന്നു. ഇതുമൂലമാണ് ചന്ദ്രന്‍ രക്തചന്ദ്രനായി കാണപ്പെടുന്നത്. സാധാരണ സൂര്യോദയസമയത്തും സൂര്യാസ്തമയസമയത്തും കാണുന്ന ചുവന്ന ചക്രവാളദൃശ്യത്തിനു സമാനമായിരിക്കും ഇത്.

ENGLISH SUMMARY:

Skywatchers are eagerly anticipating the total lunar eclipse. A “Blood Moon” is now visible, including across India. The eclipse will reach its peak between 11:00 PM and 12:22 AM. At full eclipse, the moon will appear orange or red. The eclipse began at 8:58 PM and will end at 2:25 AM (20:55 UTC) tomorrow morning. The eclipse will be visible across Asia, Australia, Africa, and Europe. If weather conditions are favorable, people in major Indian cities can witness the Blood Moon with the naked eye. The total duration of the eclipse is five hours, with the full phase lasting 82 minutes. This is one of the longest and most visible lunar eclipses expected in the coming years. No special equipment is needed, but binoculars or telescopes can enhance the view. Since the moon reflects only sunlight, it is safe to view with the naked eye.