എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
അന്യഗ്രഹജീവികളെക്കുറിച്ച് മനുഷ്യന്‍ സംസാരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അവിടെ കണ്ടു, ഇവിടെ കണ്ടു എന്നെല്ലാം പലരും പറയുന്നതല്ലാതെ അത്തരമൊരു സാന്നിധ്യത്തെക്കുറിച്ച് കൃത്യമായ തെളിവുകള്‍ ഒന്നും ഇന്നേവരെ കണ്ടെത്താനായിട്ടില്ല. കോടിക്കണക്കിന് നക്ഷത്രങ്ങളും ഗാലക്സികളുമെല്ലാം കണ്ടെത്തിയ മനുഷ്യന് എന്തുകൊണ്ടാണ് ഇതേവരെ അന്യഗ്രഹ ജീവികള്‍ ഉണ്ടോ ഇല്ലയോ എന്നുപോലും സ്ഥിരീകരിക്കാന്‍ കഴിയാത്തത്? അന്യഗ്രഹജീവികള്‍ എന്നത് സങ്കല്‍പം മാത്രമാണെന്നാണോ അതിനര്‍ഥം?
ഈ ചോദ്യങ്ങള്‍ക്കുള്ള ഏറ്റവും പുതിയ മറുപടിയാണ് റോയല്‍ ആസ്ട്രണമിക്കല്‍ സൊസൈറ്റിയില്‍ അവതരിപ്പിക്കപ്പെട്ട സിദ്ധാന്തം. പുതിയ സാധ്യത ഇങ്ങനെ. ഈ മഹാപ്രപഞ്ചത്തില്‍ ഒറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രഹമായിരിക്കാമത്രെ നമ്മുടെ ഭൂമി. ഒരു വലിയ കോസ്മിക് ശൂന്യതയിലാണ് ഭൂമി സ്ഥിതി ചെയ്യുന്നതെന്നാണ് സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാക്കളായ ശാസ്ത്രജ്ഞര്‍ പറയുന്നത്. അതിവിശാലമായ പ്രപഞ്ചത്തില്‍ അധികം ഗ്രഹങ്ങളോ മറ്റോ ഇല്ലാത്ത സാന്ദ്രത കുറഞ്ഞ മേഖല. അതുകൊണ്ടാണത്രെ ഈ പ്രപഞ്ചത്തില്‍ ഒറ്റയ്ക്കാണെന്ന് മനുഷ്യര്‍ക്ക് തോന്നുന്നത്.
റോയൽ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ നാഷണൽ ആസ്ട്രോണമി യോഗത്തിലാണ് പുതിയ സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടത്. പോർട്ട്സ്മൗത്ത് സർവകലാശാലയിലെ ഡോ. ഇന്ദ്രനീൽ ബാനിക് നയിക്കുന്ന സംഘമാണ് ഉപഞ്ജാതാക്കള്‍. അവര്‍ പറയുന്നത് ഇങ്ങനെ... ‘അണ്ടർ ഡെൻസിറ്റി’ എന്നാണ് ഭൂമി സ്ഥിതി ചെയ്യുന്നു എന്ന് കരുതുന്ന കോസ്മിക് ശൂന്യതയെ വിളിക്കുന്നത്. ഇതിന് ഏതാണ്ട് നൂറുകോടി പ്രകാശവർഷം വീതിയുണ്ട്. യഥാര്‍ഥ പ്രപഞ്ചത്തേക്കാൾ 20% സാന്ദ്രത കുറവുമായിരിക്കാം. ഈ സിദ്ധാന്തം അനുസരിച്ച് നമ്മുടെ ക്ഷീരപഥം ഒരു വലിയ ശൂന്യതയ്ക്കുള്ളിലാണ് സ്ഥിതി ചെയ്യുന്നതെങ്കിൽ അതിന്‍റെ ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നുള്ള ഗുരുത്വാകർഷണ ബലം ദ്രവ്യത്തെ പുറത്തേക്ക് വലിച്ചെടുക്കുന്നുണ്ടാകാം.
ഇത് ഗാലക്സികൾ അകന്നുപോകുന്ന വേഗത്തെക്കുറിച്ചുള്ള കണ്ടെത്തലുകളെ മാറ്റിമറയ്ക്കാന്‍ പോന്ന സിദ്ധാന്തമാണ്. അങ്ങിനെയെങ്കില്‍ പ്രപഞ്ചം നമ്മള്‍ ഇതുവരെ കരുതിയതിനേക്കാള്‍ വേഗത്തില്‍ വികസിക്കുന്നുമുണ്ടായിരിക്കാം. മാത്രമല്ല, പ്രപഞ്ചത്തിന്റെ വികാസത്തിന്‍റെ നിരക്ക് അളക്കുന്നതില്‍ ഇന്നേവരെ കണ്ടെത്തിയ പൊരുത്തക്കേടുകള്‍ക്കെല്ലാം വിശദീകരണം നൽകുന്നതായിരിക്കും കോസ്മിക് ശൂന്യത എന്ന ഈ ആശയം. ബാരിയോൺ അക്കോസ്റ്റിക് ഓസിലേഷനുകളുടെ 20 വർഷത്തെ അളവുകളെ അടിസ്ഥാനമാക്കിയാണ് തങ്ങളുടെ സിദ്ധാന്തം എന്നാണ് സംഘം പറയുന്നത്.
‘കോസ്മിക് ശൂന്യത’ എന്ന ആശയം പുതിയതല്ല. ശാസ്ത്രജ്ഞർ പതിറ്റാണ്ടുകളായി ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. ആമി ബാർഗറുടെ നേതൃത്വത്തിലുള്ള ജ്യോതിശാസ്ത്രജ്ഞരാണ് 2013ൽ ഈ സിദ്ധാന്തം ആദ്യമായി മുന്നോട്ടുവച്ചത്. പ്രപഞ്ചം വ്യാപിച്ചിരിക്കണമെന്ന സിദ്ധാന്തത്തെ വെല്ലുവിളിക്കുന്നതിനാല്‍ അത് ഇന്നും വിവാദവിഷയമാണ്. അതേസമയം, ഡോ. ഇന്ദ്രനീൽ ബാനികിന്‍റെ നേതൃത്വത്തിലുള്ള സംഘം നിര്‍മ്മിച്ച പുതിയ മാതൃക, ഈ മുഖ്യധാരാ നിഗമനങ്ങളെ വെല്ലുവിളിക്കുന്ന ശക്തമായ തെളിവുകൾ നൽകുന്നുണ്ട്. മാത്രമല്ല പ്രപഞ്ചത്തിന്‍റെ അന്ത്യം എങ്ങിനെയായിരിക്കും എന്നതുള്‍പ്പെടെ പ്രപഞ്ചത്തിന്റെ ഭാവിയെക്കുറിച്ചുള്ള പ്രവചനങ്ങളെയും ഈ സിദ്ധാന്തം മാറ്റിമറയ്ക്കും. പ്രപഞ്ചത്തിന്റെ ഘടനയെയും വികാസത്തെയും കുറിച്ചുള്ള നമ്മുടെ ഇന്നോളമുള്ള അറിവുകളെയുമെല്ലാം ഇത് മാറ്റിമറിച്ചേക്കാം.