AI Generative Image

AI Generative Image

ചന്ദ്രനിൽ ആണവനിലയം സ്ഥാപിക്കാനുള്ള പദ്ധതികള്‍ വേഗത്തിലാക്കാന്‍ നാസ. ചൈനയുടെയും റഷ്യയുടെയും സംയുക്ത ചാന്ദ്ര ദൗത്യങ്ങളെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ നടപടിയായിട്ടാണ് ഈ പദ്ധതി കണക്കാക്കപ്പെടുന്നത്. 2030 ഓടെ അമേരിക്കയുടെ ആണവനിലയം ചന്ദ്രനില്‍ എന്നതാണ് നാസയുടെ സ്വപ്നം. 

സിഎൻഎൻ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ചാന്ദ്ര പര്യവേക്ഷണ ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്നതിനായാണ് ചന്ദ്രോപരിതലത്തിൽ തന്നെ ഒരു ആണവ നിലയം നിര്‍മ്മിക്കാന്‍ അമേരിക്ക ഒരുങ്ങുന്നത്. അതുമാത്രമല്ല മനുഷ്യർക്ക് ചന്ദ്രോപരിതലത്തിൽ താമസിക്കാൻ സ്ഥിരമായ ഒരു താവളം നിർമ്മിക്കുക എന്നത് നാസയുടയും  അമേരിക്കയുടേയും സ്വപ്നമാണ്. ഇതിനായി കുറഞ്ഞത് 100 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഒരു റിയാക്ടർ നിർമ്മിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നാസ ക്ഷണിച്ചിട്ടുണ്ട്. ഭാവിയിലെ ബഹിരാകാശ ദൗത്യങ്ങള്‍ക്കും ഇത് ആവേശം പകരും.

ഒരു ചാന്ദ്ര ദിവസം എന്നത് ഭൂമിയിലെ നാല് ആഴ്ചകൾക്ക് തുല്യമാണ്, രണ്ടാഴ്ച തുടർച്ചയായി സൂര്യപ്രകാശവും രണ്ടാഴ്ച ഇരുട്ടും അടങ്ങുന്നതാണ് ഇത്. അതുകൊണ്ടുതന്നെ സൗരോർജ്ജത്തെ ആശ്രയിച്ചുകൊണ്ടുള്ള ചന്ദ്രനിലെ ഊര്‍ജോത്പാദനം വെല്ലുവിളി നിറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ ചന്ദ്രോപരിതലത്തിൽ തുടർച്ചയായി വൈദ്യുതി നൽകുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ആണവനിലയങ്ങളാണ്.

അമേരിക്ക മാത്രമല്ല, ചൈനയും റഷ്യയും ഇതേലക്ഷ്യവുമായി രംഗത്തുണ്ട്. മറ്റൊരു രാജ്യമാണ് ആദ്യം ഈ നേട്ടം കൈവരിക്കുകയാണെങ്കില്‍ ആർട്ടെമിസ് ദൗത്യം വഴി ചന്ദ്രോപരിതലത്തിൽ ആധിപത്യം സ്ഥാപിക്കാനുള്ള യുഎസിന്‍റെ ശ്രമങ്ങള്‍ക്ക് അത് വിലങ്ങുതടിയായിരിക്കും. കാരണം ചന്ദ്രനില്‍ രാജ്യങ്ങളുടെ ആണവ നിലയങ്ങള്‍ നിലവില്‍ വരുന്നതോടെ നിയന്ത്രണ രേഖയും പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. 

അതേസമയം, ചന്ദ്രനിൽ ഊർജ്ജ സ്രോതസ്സായി ഒരു ആണവ നിലയം നിർമ്മിക്കുക എന്ന ആശയം പുതിയതല്ല. 2022 ൽ നാസ ഇത്തരത്തിലൊരു ആണവനിലയം രൂപകൽപ്പന ചെയ്യുന്നതിനായി കമ്പനികൾക്ക് 5 മില്യൺ ഡോളറിന്‍റെ മൂന്ന് കരാറുകൾ നാസ നൽകിയിരുന്നു. ഈ വർഷം തന്നെ ചൈനയും റഷ്യയും 2035 ആകുമ്പോഴേക്കും ചന്ദ്രനിൽ ഒരു ഓട്ടോമേറ്റഡ് ആണവ നിലയം നിർമ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ചന്ദ്രനില്‍ ആണവ നിലയം സ്ഥാപിക്കുന്നതിനുള്ള റേഡിയോ ആക്ടീവ് വസ്തുക്കൾ വിക്ഷേപിക്കുന്നത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ ആയിരിക്കുമെന്നത് ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല, രണ്ടാം ബഹിരാകാശ മത്സരം എന്നാണ് ഈ പദ്ധതിയെ ലോകം വിശേഷിപ്പിക്കുന്നത് തന്നെ. അതിനാല്‍ രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് ഈ പുതിയ പ്രഖ്യാപനമെന്നും ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നുണ്ട്. രാജ്യങ്ങളുടെ നിയന്ത്രണരേഖകള്‍ ചന്ദ്രനില്‍ നിലവില്‍ വന്നാല്‍ മറ്റുരാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത മേഖലകള്‍ ഭാവിയില്‍ ചന്ദ്രനില്‍ ഉണ്ടാകാന്‍ ഇടയാക്കുമോ എന്നും ആശങ്കയുണ്ട്.

ENGLISH SUMMARY:

NASA is fast-tracking its ambitious project to establish a nuclear power station on the Moon by 2030. The plan aims to support long-term lunar missions and counter the growing presence of China and Russia in space exploration. As solar power remains unreliable due to long lunar nights, nuclear energy offers a stable solution for sustained power on the Moon. The project envisions a 100-kilowatt reactor that could power future lunar bases, enabling human settlement and deeper space missions. This new space race has sparked geopolitical concerns, especially as radioactive material will need to be launched from Earth. The development could redefine power dynamics on the Moon, possibly leading to restricted zones under national control.