24 മണിക്കൂറുകള്‍ കൂടി പിന്നിട്ടാല്‍ കൂറ്റന്‍ ഛിന്നഗ്രഹമായ 2024 OT4 ഭൂമിയുടെ ഭ്രമണപഥത്തിനടുത്തെത്തും. മണിക്കൂറില്‍ 13,401 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഛിന്നഗ്രഹത്തിന് 130 അടി വീതിയാണുള്ളത്. നിലവില്‍ 924000 മൈല്‍ അകലെയായിട്ടാകും ഛിന്നഗ്രഹം എത്തുക. കേള്‍ക്കുമ്പോള്‍ ഇത് ഒരുപാട് അകലെയാണെന്ന് തോന്നാമെങ്കിലും അത്ര അകലയല്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഏയ്റ്റന്‍ ഗ്രൂപ്പില്‍ വരുന്ന ഛിന്നഗ്രഹമാണ് നാളെ ഭൂമിക്കടുത്തേക്ക് എത്തുന്ന 2025 OT4. ഈ സംഘത്തില്‍പ്പെട്ട ഛിന്നഗ്രഹങ്ങള്‍ പതിവായി ഭൂമിക്കടുത്തെത്തുന്നവയാണ്. ഭൂമിക്ക് 7.4 ദശലക്ഷം കിലോമീറ്റര്‍ അടുത്തെത്തിയാല്‍ മാത്രമേ ഛിന്നഗ്രഹങ്ങളെ അപകടകാരികളായി നാസ പ്രഖ്യാപിക്കാറുള്ളൂ. മാത്രവുമല്ല അതിന് 85 മീറ്ററില്‍ കൂടുതല്‍ വീതിയും വേണം. നാളെ ഭൂമിക്കരികില്‍ എത്തുന്ന 2025 OT 4ന് ഇത് രണ്ടുമില്ലെന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഭയക്കാനൊന്നുമില്ലെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു.
ഇന്നലെ OT7 എന്ന ഛിന്നഗ്രഹവും ഭൂമിക്ക് സമീപത്ത് കൂടി കടന്നുപോയിരുന്നു. 16 നില കെട്ടിടത്തിന്‍റെ ഉയരമാണ് ഈ ഛിന്നഗ്രഹത്തിനുണ്ടായിരുന്നത്. മണിക്കൂറില്‍ 77,955 കിലോമീറ്റര്‍ വേഗതയിലാണ് ഇത് സഞ്ചരിച്ചത്. ഭൂമിയില്‍ നിന്നും 4.3 ദശലക്ഷം കിലോമീറ്റര്‍ അകലെയായാണ് ഇത് കടന്നുപോയതും.
അപകടകാരികളല്ലെങ്കിലും ഭൂമിക്ക് സമീപത്ത് കൂടെ കടന്നുപോകുന്ന ഛിന്നഗ്രഹങ്ങളെയെല്ലാം അതീവ പ്രാധാന്യത്തോടെയാണ് ശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുന്നത്. നേരിയ മാറ്റം പോലും ഛിന്നഗ്രഹങ്ങളുടെ പാതയില്‍ വലിയ വ്യത്യാസമുണ്ടാക്കിയേക്കും. 2029ല്‍ ഭൂമിക്ക് സമീപത്ത് കൂടെ പോകുന്ന പടുകൂറ്റന്‍ ഛിന്നഗ്രഹമായ അപോഫിസിനായി കാത്തിരിക്കുകയാണ് ഐഎസ്ആര്‍ഒ.