പത്ത് ദിവസത്തെ ദൗത്യത്തിനായി പോയി ഒരുവര്‍ഷത്തോളം ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസും ബുഷ് വില്‍മോറും നേരിട്ടത് ടൈപ് എ വിഭാഗത്തില്‍പ്പെടുന്ന ദുരന്തമെന്ന് നാസ. ദൗത്യം സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് സമ്മതിച്ചാണ് നാസയുടെ അന്തിമ റിപ്പോര്‍ട്ട്. എന്‍ജിനീയറിങിലും നേതൃത്വത്തിലും വലിയ പാളിച്ച പറ്റിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2003 ല്‍ ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള കൊല്ലപ്പെട്ട കൊളംബിയ ബഹിരാകാശ പേടക ദുരന്തത്തിന് സമാനമായ വിഭാഗത്തിലാണ് ഇതും ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മനുഷ്യ ജീവനുകള്‍ അപകടത്തിലാക്കിയതിന്‍റെ സമ്പൂര്‍ണ ഉത്തരവാദിത്തവും നിരുപാധികം ഏറ്റെടുക്കുകയാണെന്നും നാസയുടെ കുറ്റസമ്മതം.
പദ്ധതി കൃത്യ സമയത്ത് നടത്താന്‍ വേണ്ടി നിര്‍ണായക മുന്നറിയിപ്പുകള്‍ പോലും ബോയിങും ഏജന്‍സിയും അവഗണിച്ചുവെന്ന് നാസ അഡ്മിനിസ്ട്രേറ്റര്‍ ജാറെഡ് ഇസാക്മന്‍ 311 പേജുള്ള റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. 2024 ജൂണില്‍ പ്രൊജക്ടിന്‍റെ ലോഞ്ച് സമയത്ത് തന്നെ പേടകത്തിന്‍റെ പ്രൊപ്പല്‍ഷന്‍ സംവിധാനത്തില്‍ തകരാര്‍ ഉണ്ടായിരുന്നു. റോക്കറ്റ് പറന്നുയരുന്നതിനാവശ്യമായ ത്രസ്റ്റ് നല്‍കേണ്ടത് ഈ പ്രൊപ്പല്‍ഷന്‍ സംവിധാനമാണ്. സുനിതയും വില്‍മോറും സ്പേസ് സ്റ്റേഷനില്‍ കടന്നപ്പോഴേ ത്രസ്റ്ററുകള്‍ പ്രവര്‍ത്തന രഹിതമായിരിക്കുന്നതും ഹീലിയം ചോര്‍ച്ചയുള്ളതും കണ്ടെത്തിയിരുന്നു. പേടകത്തിന്‍റെ ഡോക്കിങ് നടത്താന്‍ കഴിഞ്ഞുവെങ്കിലും സാങ്കേതികത്തകരാര്‍ വിചാരിച്ചതിനും അപ്പുറമായിരുന്നു. പ്രഖ്യാപിച്ച സമയത്ത് പ്രൊജക്ട് നടത്താനുള്ള സമ്മര്‍ദത്തിന് മുന്നില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
എന്താണ് ടൈപ് എ അപകടം?
അതീവഗുരുതരമായ അപകടമാണെന്നാണ് ടൈപ് എ എന്ന് ലിസ്റ്റ് ചെയ്യുന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ചാലഞ്ചറും കൊളംബിയയും പോലെ മറ്റൊരു ആകാശദുരന്തമാകാന്‍ സാധ്യതയുണ്ടായിരുന്ന ഒന്ന്. സുനിതയും വില്‍മോറും സുരക്ഷിതമായി മറ്റൊരു പേടകത്തില്‍ ഭൂമിയില്‍ എത്തിയെങ്കിലും വലിയ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചട്ടപ്രകാരം പേടകത്തിന് വീണ്ടെടുക്കാന്‍ കഴിയാത്തവിധം സമ്പൂര്‍ണ നഷ്ടം സംഭവിച്ചാലോ രണ്ട് മില്യണിലേറെ ഡോളര്‍ നഷ്ടം സംഭവിച്ചാലോ ആണ് ടൈപ് എ വിഭാഗത്തില്‍പ്പെടുത്താന്‍ കഴിയുക. എന്നാല്‍ സ്റ്റാര്‍ലൈനര്‍ ദൗത്യത്തില്‍ 200 മില്യണ്‍ ഡോളറാണ് നഷ്ടം സംഭവിച്ചതെന്ന് ഇസാക്മന്‍ വെളിപ്പെടുത്തുന്നു. രണ്ട് മനുഷ്യജീവന്‍ അപകടത്തിലാക്കിയതിന്‍റെ പൂര്‍ണ ഉത്തരവാദിത്തം നിരുപാധികം ഏറ്റെടുക്കുകയാണെന്നും നാസ തുറന്ന് പറയുന്നു.
കൊളംബിയ ദൗത്യവുമായി സ്റ്റാര്‍ലൈനറിന് സാമ്യമെവിടെ?
2003 ലാണ് കല്‍പ്പന ചൗളയും ആറ് ബഹിരാകാശ യാത്രികരും അടങ്ങുന്ന കൊളംബിയ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിനിടെ തീഗോളമായി മാറിയത്. അന്നും പേടകത്തില്‍ ഫോം ഷെഡ്ഡിങുണ്ടെന്ന് ബഹിരാകാശ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെങ്കിലും മാനേജ്മെന്‍റ് അവഗണിച്ചു. ദുരന്തമായിരുന്നു ഫലം. സമാനമായ സ്ഥിതിയാണ് സ്റ്റൈര്‍ലൈനറിലും സംഭവിച്ചതെന്നും തകരാറുണ്ടെന്ന് അറിഞ്ഞിട്ടും പദ്ധതിയുമായി നാസ മുന്നോട്ട് പോയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.