ചിത്രം: നാസ
‘സൗരയൂഥത്തിലെ തണുത്തുറഞ്ഞ ഗ്രഹം’, സൗരയൂഥത്തിലെ മൂന്നാമത്തെ വലിയഗ്രഹമായ യുറാനസിനെക്കുറിച്ച് പാഠപുസ്തകങ്ങളിലടക്കം കേട്ടുപരിചിതമായത് അങ്ങനെയാണ്. ഹൈഡ്രജനും ഹീലിയവും മീഥേയ്നും നിറഞ്ഞ് 28 ഉപഗ്രഹങ്ങളും 13വളയങ്ങളുമായി ഗ്രീക്ക് ദേവന്‍റെ പേരുള്ള ഗ്രഹം. 1986ല്‍ യുഎസ് ബഹിരാകാശ വാഹനം വൊയേജര്‍–2 ആണ് യുറാനസിനെക്കുറിച്ച് സുപ്രധാനവിവരങ്ങള്‍ നല്‍കിയത്. 1781 ല്‍ കണ്ടെത്തിയ ഗ്രഹം കരുതിയിരുന്നതിലും തണുത്തതാണെന്നായിരുന്നു വൊയേജറിന്റെ കണ്ടെത്തല്‍. ആ കണ്ടെത്തലുകളെ മറികടക്കുന്ന പുതിയ വിവരങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് നാസ തന്നെയാണ്.
അത്ര തണുപ്പനല്ല; അല്‍പം ‘ഹോട്ടാണ്’
വൊയേജര്‍ 2 ന്‍റെ ഡേറ്റായുടെ പുനര്‍മൂല്യനിര്‍ണയത്തിലൂടെയും, പുതിയ പഠനങ്ങളുമനുസരിച്ച് യുറാനസ് മുന്‍പ് കരുതിയിരുന്നതിനേക്കാള്‍ ചൂടേറിയ ഗ്രഹമാണെന്നാണ് പുതിയ കണ്ടെത്തല്‍. ഒരു ഗ്രഹം സൂര്യനിൽ നിന്ന് എത്ര ഊർജ്ജം സ്വീകരിക്കുന്നു, എത്ര ഊർജ്ജം പുറത്തേക്കുവിടുന്നു എന്നത് കണക്കാക്കിയാണ് ഗ്രഹത്തിന്‍റെ താപം കണക്കാക്കുന്നത്. സൗരയൂഥത്തിലെ മറ്റ് ഭീമൻ ഗ്രഹങ്ങളായ ശനി, വ്യാഴം, നെപ്റ്റ്യൂൺ എന്നിവ അവയ്ക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ താപം പുറത്തേക്ക് തള്ളുന്നുണ്ട്. ഇത് അവയുടെ ഉള്ളിൽ നിന്ന് വരുന്ന അധിക താപത്തെ സൂചിപ്പിക്കുന്നു. യുറാനസ് സൂര്യനിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ ഏകദേശം 15% കൂടുതൽ ഊർജം പുറത്തുവിടുന്നുവെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഇതില്‍നിന്നും യുറാനസിന്‍റെ താപനില കരുതിയിരുന്നതിനേക്കാള്‍ കൂടുതലാണെന്ന നിഗമനത്തിലേക്കെത്തുന്നതായി നാസ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്.
പട്ടാളത്തിലെ പാട്ടുകാരന്‍ കണ്ടെത്തിയ പുതിയ ഗ്രഹം
1781ല്‍ ബ്രിട്ടീഷ് വാനനിരീക്ഷകനും ഗായകനുമായ വില്യം ഹെര്‍ഷലാണ് യുറാനസ് കണ്ടെത്തിയത്. ടെലസ്കോപ്പിന്റെ സഹായത്തോടെ കണ്ടെത്തിയ ആദ്യത്തെ ഗ്രഹമായിരുന്നു യുറാനസ്. പതിനേഴാം നൂറ്റാണ്ടിലെ പേരുകേട്ട ജ്യോതിശാസ്ത്രജ്ഞരുടെ വലിയ ചര്‍ച്ചകള്‍ക്കും ഗവേഷണങ്ങള്‍ക്കുമൊന്നും അധികം കേട്ടുപരിചയമില്ലാതിരുന്ന ഹെര്‍ഷലിന്റെ കണ്ടെത്തല്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചു. കണ്ടെത്തി രണ്ട് വര്‍ഷം കഴിഞ്ഞാണ് യുറാനസിനെ ലോകം ഗ്രഹമായി അംഗീകരിച്ചത്.
ലാലേട്ടനെപ്പോലെ ചരിഞ്ഞ്....!
യുറാനസിന്റെ ചരിഞ്ഞ ഭ്രമണഅക്ഷം ഏറെ വിചിത്രമായ ഋതുഭേദങ്ങൾ ഉണ്ടാക്കുന്നുവെന്നും സൂര്യൻ പടിഞ്ഞാറ് ഉദിക്കുകയും കിഴക്ക് അസ്‌തമിക്കുകയും ചെയ്യുന്നുവെന്നുമൊക്കെയുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തിന് കൗതുകമായിരുന്നു. ഉരുളുന്ന ഗ്രഹം, കിടക്കുന്ന ഗ്രഹം എന്നൊക്കെ അറിയപ്പെടുന്ന യുറാനസ്, സൗരയൂഥത്തില്‍, അച്ചുതണ്ടിന് ഏറ്റവും ചരിവുള്ള ഗ്രഹം കൂടിയാണ്. എന്തായാലും യുറാനസിനെക്കുറിച്ചുള്ള പുതിയ വിവരങ്ങളെ ശാസ്ത്രലോകം ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. പുതിയ ഗവേഷണങ്ങള്‍ക്കും യുറാനസ് അടക്കം ഗ്രഹങ്ങളുടെ പിറവിയെക്കുറിച്ചുള്ള കൂടുതല്‍ കണ്ടെത്തലുകള്‍ക്കുമൊക്കെ നാസയുടെ സ്ഥിരീകരണം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. ഏലിയനാണെന്ന് സ്വയം പറഞ്ഞുനടക്കുന്ന യുഎസ് വ്യവസായി ഇലോണ്‍ മസ്കിനെപ്പോലെ ചിലരും ഈ കണ്ടെത്തലുകളെ കൗതുകത്തോടെ നോക്കിക്കാണുന്നു.