12 വര്‍ഷത്തെ കാത്തിരിപ്പ്. ഒടുവില്‍ ഇതാ ജൂലൈ 30ന് ലോകത്തിലെ ഏറ്റവും ചെലവേറിയ ഉപഗ്രഹം ആകാശത്തേക്ക് കുതിച്ചുയരാന്‍ തയാറായിരിക്കുന്നു. നാസയും ഐഎസ്ആര്‍ഒയും ചേര്‍ന്ന് വികസിപ്പിച്ച ഭൗമനിരീക്ഷണ ഉപഗ്രഹം നൈസാര്‍ (NISAR) ബുധനാഴ്ച വൈകിട്ട് 5.40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിക്കും. ജി.എസ്.എല്‍.വി എഫ്-16 റോക്കറ്റിലാണ് 12,500 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഉപഗ്രഹത്തിന്‍റെ വിക്ഷേപണം. ആദ്യമായാണ് ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് ഒരു ഭൗമ നിരീക്ഷണ ഉപഗ്രഹം വിക്ഷേപിക്കുന്നത്.
എന്താണ് നൈസാര്‍ (NISAR)
നാസ ഐഎസ്ആര്‍ഒ സിന്തറ്റിക് അപെര്‍ചര്‍ റഡാര്‍ (NASA-ISRO Synthetic Aperture Radar) എന്നതാണ് നൈസാറിന്‍റെ പൂര്‍ണരൂപം. രണ്ട് ഫ്രീക്വന്‍സിയിലുള്ള റഡാര്‍ സംവിധാനം ഉപയോഗിച്ച് ഭൂമിയുടെ ഉപരിതലം മുതല്‍ ആന്തരിക ഘടനവരെ നിരീക്ഷിക്കാന്‍ കഴിയുന്ന ഉപഗ്രഹം. നേരിയ ഉപരിതല ചലനങ്ങള്‍ വരെ കണ്ടെത്താന്‍ കഴിയുന്ന L-ബാന്‍ഡ് റഡാറും ഭൂമിയുടെ ഉപരിതലം കടന്ന് ആഴത്തില്‍ സഞ്ചരിച്ച് വിവരം ശേഖരിക്കാനും മഴയിലും മേഘങ്ങളിലും പ്രവര്‍ത്തിക്കുന്ന S-ബാന്‍ഡ് റഡാറുകളും ഉപയോഗിച്ചാണ് നൈസാറിന്‍റെ പ്രവര്‍ത്തനം. L-ബാന്‍ഡ് തയാറാക്കിയത് നാസയും S-ബാന്‍ഡ് ഐഎസ്ആര്‍ഒയുമാണ്. 2,392 കിലോ ഭാരമുള്ള ഉപഗ്രഹം ഭൂമിയില്‍ നിന്ന് 743 കി.മീ അകലെയുള്ള ഭ്രമണപഥത്തിലാണ് നിലയുറപ്പിക്കുക. 12 ദിവസം കൂടുമ്പോള്‍ രാപകല്‍ വ്യത്യാസമില്ലാതെ ഭൂമിയെ നിരീക്ഷിച്ച് ഹൈ റെസല്യൂഷന്‍ ഡേറ്റ കൈമാറും.
നൈസാര്‍ കൊണ്ട് എന്തുഗുണം?
12,500 കോടി രൂപ ചെലവില്‍ 12 വര്‍ഷം നീണ്ട പദ്ധതിയുടെ ഗുണത്തെക്കുറിച്ചുള്ള ചോദ്യം സ്വാഭാവികമാണ്. പ്രവചനാതീതമായ കാലാവസ്ഥയും പ്രകൃതി ദുരന്തങ്ങളും നിത്യസംഭവമായി മാറിയ ഈക്കാലത്ത് അവ നേരിടുന്നതില്‍ നൈസാര്‍ വലിയ പങ്കുവഹിക്കും. ഭൂമിയുടെ ഉപരിതലത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് മാറ്റങ്ങള്‍ കണ്ടെത്തുകയാണ് പ്രധാനലക്ഷ്യം.
ഇന്ത്യയ്ക്ക് എന്തുനേട്ടം?
പ്രകൃതി ദുരന്തങ്ങളില്‍ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് വരാനിരിക്കുന്ന ദുരന്തങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ രാജ്യത്തിന് വലിയ മുതല്‍ക്കൂട്ടാകും. മാത്രമല്ല, നാസയുമായുള്ള സഹകരണം ബഹിരാകാശ ദൗത്യങ്ങളില്‍ ഇന്ത്യയ്ക്ക് പുതിയ വാതിലുകള്‍ തുറക്കും. കൂടാതെ കൃത്യമായ കാലാവസ്ഥ പ്രവചനം വഴി രാജ്യാന്തര ഡേറ്റ ഷെയറിങ്ങില്‍ ഒപ്പം നില്‍ക്കാനും ഇന്ത്യയ്ക്ക് കഴിയും.